ടെസ്റ്റിൽ 700 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ പേസ് ബൗളറായി ആൻഡേഴ്സൺ
text_fields2006ലെ ക്രിസ്മസ് പിറ്റേന്ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിന്റെ ആദ്യദിനം. വിരമിക്കൽ പ്രഖ്യാപിച്ച സ്പിൻ മാന്ത്രികൻ ഷെയ്ൻ വോൺ 700ാം വിക്കറ്റ് വീഴ്ത്തുന്നതും കാത്ത് സ്റ്റേഡിയത്തിൽ 90,000 കാണികൾ. ഒടുവിൽ 47ാം ഓവറിൽ ഇംഗ്ലീഷ് ഓപണർ ആൻഡ്രൂ സ്േട്രാസിനെ ബൗൾഡാക്കി ചരിത്രത്തിൽ ഇടംനേടിയപ്പോൾ, ഇംഗ്ലണ്ടിന്റെ പ്ലേയിങ് ഇലവനിൽ ഇടമില്ലാതിരുന്ന ഒരു പൊടിമീശക്കാരനും എഴുന്നേറ്റുനിന്ന് കൈയടിച്ചു.
മാസങ്ങൾക്കകം ശ്രീലങ്കയുടെ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരൻ ഈ നേട്ടം മറികടന്നെങ്കിലും പിന്നീട് 700 ന്റെ അടുത്തെത്താൻപോലും ഒരു ബൗളർക്കും കഴിഞ്ഞിരുന്നില്ല. ഇന്നലെ ധരംശാലയിൽ കുൽദീപ് യാദവിനെ വിക്കറ്റ് കീപ്പറുടെ കൈയിലെത്തിച്ച് 700ാം വിക്കറ്റ് നേടുമ്പോൾ, അന്ന് 24കാരനായിരുന്ന ആ പൊടിമീശക്കാരന് ഇപ്പോൾ പ്രായം 41 വയസ്സും 224 ദിവസവും. അയാൾ മറ്റാരുമല്ല സ്വിങ് മാന്ത്രികൻ, ജിമ്മി എന്ന് വിളിപ്പേരുള്ള ജയിംസ് മൈക്കിൾ ആൻഡേഴ്സൺ. 147 വർഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ പേസർ.
ഒരു ഫാസ്റ്റ് ബൗളറെ സംബന്ധിച്ച് അസാധ്യമെന്ന് വിലയിരുത്തപ്പെടുന്ന നേട്ടം. ഷെയ്ൻ വോൺ 700ലെത്തുമ്പോൾ 13 ടെസ്റ്റുകളിൽ 41 വിക്കറ്റ് മാത്രമായിരുന്നു ആൻഡേഴ്സണിന്റെ സമ്പാദ്യം. 17 വർഷങ്ങൾക്കിപ്പുറം 187 മത്സരങ്ങളിൽനിന്നാണ് 700 വിക്കറ്റ് തികച്ചത്. 2003ൽ സിംബാബ്വെക്കെതിരെ ലോഡ്സിൽ അഞ്ചുവിക്കറ്റ് വീഴ്ത്തി അരങ്ങേറ്റം കുറിച്ചതു മുതൽ 21 വർഷം നീണ്ടതാണ് ആൻഡേഴ്സൺ യുഗം. ഇതിലും ദീർഘകാലവും കൂടുതൽ ടെസ്റ്റുകൾ കളിച്ചതും സാക്ഷാൽ സച്ചിൻ ടെൻഡുൽകർമാത്രം (22 വർഷം, 200 മത്സരം). ഫാസ്റ്റ് ബൗളർമാരെയെടുത്താൽ തൊട്ടടുത്ത് വരുന്നത്, മാസങ്ങൾക്കുമുമ്പ് വിരമിച്ച, ബൗളിങ് പങ്കാളിയായിരുന്ന സ്റ്റുവർട്ട് േബ്രാഡ് (167 മത്സരം, 604 വിക്കറ്റ്). േബ്രാഡ് കളമൊഴിഞ്ഞതോടെ, നിലവിൽ കളിച്ചുകൊണ്ടിരിക്കുന്ന ഫാസ്റ്റ് ബൗളർമാർ ആൻഡേഴ്സനിൽനിന്ന് വളരെ അകലെയാണ്. 100 ടെസ്റ്റുകളിൽനിന്ന് 379 വിക്കറ്റോടെ 35കാരനായ ന്യൂസിലൻഡിന്റെ ടിം സൗത്തിയും 89 മത്സരങ്ങളിൽ 358 വിക്കറ്റ് നേടിയ ആസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്കും (34) മാത്രമാണ് 300 കടന്നവർ.
35 കടന്ന ഫാസ്റ്റ് ബൗളർമാർപോലും നിലവിലെ ടെസ്റ്റ് ടീമുകളിൽ അത്യപൂർവമായിരിക്കെ 41ലും ആൻഡേഴ്സന് ടീമിൽ തുടരാൻ കഴിയുന്നത് മികച്ച കായികശേഷി നിലനിർത്തുന്നതുകൊണ്ടാണ്. ഒപ്പം കഠിനാധ്വാനവും ക്രിക്കറ്റിനോടുള്ള അതീവ താൽപര്യവും എടുത്തുപറയണം. ക്യാപ്റ്റനും കോച്ചും ഉൾപ്പെടുന്ന ടീമിന്റെ പിന്തുണയും വേണ്ടതുണ്ട്. ഒമ്പത് വർഷം മുമ്പാണ് ആൻഡേഴ്സൺ അവസാന ഏകദിനം കളിച്ചത്. 194 ഏകദിനങ്ങളിൽ 269 വിക്കറ്റും സ്വന്തമായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.