അതുല്യനായി ആൻഡേഴ്സൺ; റെക്കോർഡ് എറിഞ്ഞിട്ടത് നാൽപതാം വയസ്സിൽ
text_fieldsമാഞ്ചസ്റ്റര്‍: രണ്ടു പതിറ്റാണ്ടോളമായി ഇംഗ്ലീഷ് ബൗളിങ്ങിന്റെ കുന്തമുനയാണ് ജെയിംസ് ആൻഡേഴ്സൺ. കരിയറിൽ നിരവധി റെക്കോഡുകൾ തിരുത്തിയ 40കാരൻ ഇപ്പോൾ മറ്റൊരു റെക്കോഡ് നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇരു ഇന്നിങ്സിലും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ ഗ്ലെന്‍ മഗ്രാത്തിന്റെ റെക്കോഡാണ് താരം പഴങ്കഥയാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന പേസറെന്ന നേട്ടമാണ് ആൻഡേഴ്സൺ തട്ടിയെടുത്തത്.
ടെസ്റ്റില്‍ 563, ഏകദിനത്തില്‍ 381, ട്വന്റി 20യില്‍ അഞ്ച് എന്നിങ്ങനെ 949 വിക്കറ്റുകള്‍ സ്വന്തം പേരിലുണ്ടായിരുന്ന മഗ്രാത്തായിരുന്നു രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ പേസര്‍. ഇത് ടെസ്റ്റില്‍ 664, ഏകദിനത്തില്‍ 269, ട്വന്റി 20യില്‍ 18 എന്നിങ്ങനെ 951 വിക്കറ്റുകളുമായി മറികടന്നിരിക്കുകയാണ് ആന്‍ഡേഴ്‌സണ്‍.
800 ടെസ്റ്റ് വിക്കറ്റുകളും 534 ഏകദിന വിക്കറ്റുകളും 13 ട്വന്റി 20 വിക്കറ്റുകളുമടക്കം 1347 വിക്കറ്റ് വീഴ്ത്തി മുന്‍ ശ്രീലങ്കന്‍ താരം മുത്തയ്യ മുരളീധരനാണ് രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളര്‍. മുത്തയ്യ മുരളീധരൻ, ഓസീസ് ഇതിഹാസ താരം ഷെയ്ന്‍ വോൺ, ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ എന്നീ സ്പിന്നർമാർക്ക് പിന്നില്‍ രാജ്യാന്തര ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയില്‍ നാലാം സ്ഥാനത്താണ് ആന്‍ഡേഴ്‌സണ്‍. ആറ് വിക്കറ്റ് കൂടി വീഴ്ത്തിയാല്‍ കുംബ്ലെയെ (956) മറികടന്ന് ഇംഗ്ലീഷ് താരത്തിന് മൂന്നാം സ്ഥാനത്തെത്താം.
രണ്ടാം ടെസ്റ്റിൽ ജെയിംസ് ആൻഡേഴ്സണും സ്റ്റുവർട്ട് ബ്രോഡും ഒല്ലീ റോബിൻസണും ചേർന്ന് 15 വിക്കറ്റ് വീഴ്ത്തിയതോടെ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ ഇന്നിങ്സിനും 85 റൺസിനും തോൽപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.