ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനാവാൻ അപേക്ഷിക്കില്ലെന്ന് ആൻഡി ഫ്ലവറും
text_fieldsഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ചാവാൻ അപേക്ഷ നൽകില്ലെന്ന് സിംബാബ്വെ മുൻ നായകനും ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ മുഖ്യ പരിശീലകനുമായ ആൻഡി ഫ്ലവർ. ആ ദൗത്യം ഏറ്റെടുക്കാൻ താൽപര്യമില്ലെന്ന് ഐ.പി.എല്ലിൽനിന്ന് ആർ.സി.ബിയുടെ പുറത്താകലിന് ശേഷം അദ്ദേഹം പ്രതികരിച്ചു. ‘ഞാൻ അപേക്ഷിച്ചിട്ടില്ല, അപേക്ഷിക്കുന്നുമില്ല. ഇപ്പോൾ ഫ്രാഞ്ചൈസിക്കായുള്ള എന്റെ ദൗത്യത്തിൽ ഞാൻ സന്തുഷ്ടനാണ്, അത് ശരിക്കും ആസ്വദിക്കുകയാണ്’ -56കാരൻ പറഞ്ഞു.
ആർ.സി.ബിയിൽ എത്തുന്നതിന് മുമ്പ് രണ്ട് സീസണിൽ ലഖ്നോ സൂപ്പർ ജയന്റ്സ് പരിശീലകനായിരുന്നു ആൻഡി ഫ്ലവർ. 2009 മുതൽ 2014 വരെ ഇംഗ്ലണ്ട് ദേശീയ ടീമിനെ പരിശീലിപ്പിച്ച അദ്ദേഹം 2010ൽ ആദ്യ ട്വന്റി 20 ലോകകപ്പ് നേടിക്കൊടുക്കുകയും ടെസ്റ്റിൽ ഒന്നാം റാങ്കിലെത്തിക്കുകയും ചെയ്തിരുന്നു.
ഇന്ത്യൻ ടീമിന്റെ പരിശീലകനാവാനുള്ള ബി.സി.സി.ഐയുടെ ക്ഷണം നിരസിച്ച കാര്യം മുൻ ആസ്ട്രേലിയൻ ക്യാപ്റ്റനും ഐ.പി.എല്ലിൽ ഡൽഹി ഡെയർ ഡെവിൾസ് മുഖ്യ കോച്ചുമായ റിക്കി പോണ്ടിങ്ങും സ്ഥിരീകരിച്ചിരുന്നു. ഐ.പി.എല്ലിനിടെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത് സംബന്ധിച്ച് സംഭാഷണം നടന്നിരുന്നെന്നും എന്നാൽ, ഒരു ദേശീയ ടീമിന്റെ പരിശീലകനെന്നത് വർഷത്തിൽ 10-11 മാസം ചെലവഴിക്കേണ്ട ഉത്തരവാദിത്തമായതിനാൽ ഏറ്റെടുക്കാൻ പ്രയാസമറിയിക്കുകയായിരുന്നെന്നുമാണ് പോണ്ടിങ് അറിയിച്ചത്. ആ ദൗത്യം ഏറ്റെടുത്താൽ ഇപ്പോൾ ആസ്വദിക്കുന്ന മറ്റു കാര്യങ്ങളുമായി പൊരുത്തപ്പെടില്ലെന്നും ഐ.പി.എൽ ടീമിനൊപ്പം നിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്വന്റി 20 ലോകകപ്പോടെ പരിശീലക സ്ഥാനം ഒഴിയുന്ന രാഹുൽ ദ്രാവിഡിന് പിൻഗാമിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്. പരിശീലകനായി അപേക്ഷ ക്ഷണിച്ച ബി.സി.സി.ഐ, മേയ് 27 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതിയായി നിശ്ചയിച്ചിരിക്കുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മെന്റർ ഗൗതം ഗംഭീർ, ലഖ്നോ സൂപ്പർ ജയന്റ്സ് മുഖ്യ പരിശീലകൻ ജസ്റ്റിൻ ലാംഗർ, ചെന്നൈ സൂപ്പർ കിങ്സ് മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലമിങ്, മുംബൈ ഇന്ത്യൻസ് ഡയറക്ടർ മഹേല ജയവർധനെ എന്നിവരാണ് പരിഗണനയിലുള്ള മറ്റുള്ളവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.