വിസയിൽ കുരുങ്ങി വീണ്ടുമൊരു ഇംഗ്ലണ്ട് താരം; രെഹാൻ അഹ്മദിനെ ഗുജറാത്തിലെ വിമാനത്താവളത്തിൽ തടഞ്ഞു
text_fieldsരാജ്കോട്ട് (ഗുജറാത്ത്): വിസയുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നത്തെ തുടർന്ന് ഇംഗ്ലണ്ട് ക്രിക്കറ്റർ രെഹാൻ അഹ്മദിനെ ഗുജറാത്ത് രാജ്കോട്ടിലെ ഹിരാസർ വിമാനത്താവളത്തിൽ തടഞ്ഞു. ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന് മുമ്പുള്ള ഇടവേളക്കിടെ അബൂദബിയിൽ പോയി തിരിച്ചുവരുന്നതിനിടെയാണ് സംഭവം. താരത്തിന് സിംഗിൾ എൻട്രി വിസ മാത്രമേ ഉള്ളൂവെന്ന കാരണത്താലായിരുന്നു നടപടി. ഇതോടെ പ്രശ്നപരിഹാരമാകുന്നത് വരെ ഇംഗ്ലണ്ട് ടീം അംഗങ്ങൾ എയർപോർട്ടിൽ കാത്തിരുന്നതായി ‘സ്പോർട് സ്റ്റാർ’ റിപ്പോർട്ട് ചെയ്തു.
രെഹാൻ അഹ്മദിന് രണ്ട് ദിവസത്തെ താൽക്കാലിക വിസ അനുവദിച്ചതായും മത്സരത്തിന് മുമ്പ് പേപ്പർ വർക്കുകൾ പൂർത്തിയാക്കി ഉടൻ പ്രശ്നം പരിഹരിക്കുമെന്നും അധികൃതർ അറിയിച്ചു.
നേരത്തെ ഇംഗ്ലണ്ടിന്റെ മറ്റൊരു സ്പിന്നർ ശുഐബ് ബഷീറും വിസ പ്രശ്നത്തിൽ കുരുങ്ങിയിരുന്നു. അന്ന് അബൂദബിയിൽ ടീമിനൊപ്പമുണ്ടായിരുന്ന ശുഐബ് വിസ ലഭിക്കാത്തതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫിസടക്കം ഇടപെട്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ശുഐബ് ഇന്ത്യയിലെത്തിയത്. താരത്തിന്റെ മാതാപിതാക്കൾ പാക് വംശജരായതാണ് ഇന്ത്യയിലേക്കുള്ള വരവിന് തടസ്സമായത്. നേരത്തെ ഓസീസ് ഓപണർ ഉസ്മാൻ ഖ്വാജയും ഇംഗ്ലണ്ട് എ ടീം അംഗം സാഖിബ് മഹ്മൂദും സമാന പ്രശ്‌നത്തിൽ കുരുങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.