രോഹിതിന് വീണ്ടും അർധസെഞ്ച്വറി; ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം
text_fieldsകൊളംബോ: ഏഷ്യാ കപ്പിൽ ശ്രീലങ്കക്കെതിരായ സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്കായി ക്യാപ്റ്റൻ രോഹിത് ശർമ തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ച്വറി നേടിയപ്പോൾ ഇന്ത്യ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 109 റൺസെന്ന നിലയിലാണ്. 48 പന്തിൽ രണ്ട് സിക്സും ഏഴ് ഫോറുമടക്കം 53 റൺസെടുത്ത രോഹിതിന്റെ സ്റ്റമ്പ് ദുനിത് വെല്ലാലഗെ തെറിപ്പിക്കുകയായിരുന്നു. ഇന്ത്യയുടെ മൂന്ന് വിക്കറ്റും വീഴ്ത്തിയത് വെല്ലാലഗെയാണ്. രോഹിത്-ഗിൽ സഖ്യം ഒന്നാം വിക്കറ്റിൽ 80 റൺസ് ചേർത്ത് മികച്ച അടിത്തറയിട്ട ഇന്ത്യൻ താരങ്ങളെ വെല്ലാലഗെ കറക്കി വീഴ്ത്തുകയായിരുന്നു. 11 റൺസുമായ ഇഷാൻ കിഷനും ഏഴ് റൺസുമായി കെ.എൽ രാഹുലുമാണ് ക്രീസിൽ.
കഴിഞ്ഞ മത്സരത്തിൽ പുറത്താകാതെ തകപ്പൻ സെഞ്ച്വറി നേടിയ വിരാട് കോഹ്‍ലി 12 പന്തിൽ മൂന്ന് റൺസ് മാത്രമെടുത്ത് പുറത്തായി. താരത്തെ വെല്ലാലഗെയുടെ പന്തിൽ ശനക പിടികൂടുകയായിരുന്നു. 25 പന്തിൽ 19 റൺസെടുത്ത ശുഭ്മാൻ ഗില്ലിനെ വെല്ലാലഗെ ബൗൾഡാക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം പാകിസ്താനെതിരെ കൂറ്റൻ ജയം നേടിയ ഇന്ത്യൻ ടീം ഒരു മാറ്റവുമായണ് ഇറങ്ങിയത്. പേസര്‍ ഷാർദൂൽ ഠാക്കൂറിന് പകരം ആൾറൗണ്ടർ അക്സർ പട്ടേലിന് അവസരം നൽകി. അതേസമയം, ബംഗ്ലാദേശിനെ തോൽപിച്ച അതേ ടീമുമായാണ് ശ്രീലങ്ക ഇറങ്ങിയത്. ഇന്നും കളിക്ക് മഴ ഭീഷണിയുണ്ട്. മഴ കളി മുടക്കിയാൽ റിസർവ് ദിനം ഇല്ലാത്തതിനാൽ ഇരു ടീമുകളും പോയന്റ് പങ്കുവെക്കും.
ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്‍ലി, കെ.എൽ. രാഹുൽ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്. ശ്രീലങ്ക: പതും നിസംഗ, ദിമുത് കരുണരത്നെ, കുശാൽ മെൻഡിസ്, സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡിസിൽവ, ദസുന്‍ ശനക, ദുനിത് വെല്ലാലഗെ, മഹീഷ് തീക്ഷണ, കസുൻ രജിത, മതീഷ പതിരാന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.