ആശങ്ക ഒഴിയാതെ ഐ.പി.എൽ; ചെന്നൈയുടെ മറ്റൊരു താരത്തിനും കോവിഡ്
text_fieldsചെന്നൈ: ഐ.പി.എൽ തുടങ്ങാൻ മൂന്നാഴ്ച മാത്രം ശേഷിക്കെ ചെന്നൈ സൂപ്പർ കിങ്സിൻെറ മറ്റൊരു താരത്തിന് കൂടി കോവിഡ് സ്ഥിരീകരിച്ചു. വലം കൈയൻ ബാറ്റ്സ്മാനാണ് ഇത്തവണ കോവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യ എ ടീമിൻെറ ഭാഗമായിരുന്ന ഇദ്ദേഹം രഞ്ജിയിലെ മിന്നും താരം കൂടിയാണ്.
ഇന്ത്യൻ ടീം അംഗമായിരുന്ന ഫാസ്റ്റ് ബൗളർക്കും 12 സ്റ്റാഫുകൾക്കും വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇത് കൂടാതെ വ്യക്തിപരമായ കാരണങ്ങളാൽ മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന ഐ.പി.എല്ലിൽനിന്ന് പിൻമാറുകയും ശനിയാഴ്ച നാട്ടിലേക്ക് മടങ്ങുകയും ചെയ്തിട്ടുണ്ട്. ഒരു താരത്തിന് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ വൻ തിരിച്ചടിയാണ് ചെന്നൈ സൂപ്പർകിങ്സിന്.
ആഗസ്റ്റ് 21നാണ് ചെന്നൈ ടീം ഐ.പി.എല്ലിനായി ദുബൈയിലെത്തിയത്. ഇതിന് മുമ്പ് അഞ്ച് ദിവസം ചെന്നൈയിൽ പരിശീലനമുണ്ടായിരുന്നു. പരിശീലന കാലത്താണ് കോവിഡ് ബാധിച്ചതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ബാറ്റ്സ്മാനായ രുദ്രാജ് ഗെയ്ക്കവാദ്, ബൗളർ ദീപക് ചഹാർ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ദുബൈയിൽ എത്തിയ ടീം അംഗങ്ങൾ ക്വാറൻീനിലായിരുന്നു. ഒരാഴ്ചത്തെ ക്വാറൻറീൻ പൂർത്തിയാകാനിരിക്കെയാണ് ടീം അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ചെന്നൈയുടെ ക്വാറൻറീൻ സെപ്റ്റംബർ ഒന്ന് വരെ നീട്ടി. സെപ്റ്റംബർ 19നാണ് ടൂർണമെൻറ് ആരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.