ചെന്നൈക്ക് വീണ്ടും തിരിച്ചടി; റെയ്നക്ക് പിന്നാലെ മറ്റൊരു സൂപ്പർതാരം കൂടി വിട്ടുനിൽക്കുമെന്ന് റിപ്പോർട്ട്
text_fieldsസൂപ്പർതാരം സുരേഷ് റെയ്ന പിന്മാറിയതും രണ്ട് താരങ്ങൾക്കടക്കം പത്തുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതും ചെന്നൈ സൂപ്പർ കിങ്സിന് വലിയ തിരിച്ചടിയായിരുന്നു സമ്മാനിച്ചത്. എന്നാൽ, അതിന് പിന്നാലെ ടീമിലെ മുതിർന്ന താരം ഹർഭജൻ സിങ്ങും ഇത്തവണ െഎ.പി.എല്ലിൽ നിന്ന് പിന്മാറിയേക്കുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
ചെന്നൈയിൽ നടന്ന ക്യാമ്പിൽ നിന്ന് വിട്ടുനിന്ന ഭാജി ദുബായ്യിൽ എത്തിയിട്ടും ടീമിനൊപ്പം ചേർന്നിട്ടില്ലായിരുന്നു. നാളെ ദുബായിലേക്ക് പോകാനിരുന്ന താരം സഹതാരങ്ങളായ ദീപക് ചഹാർ, ഋതുരാജ് ഗെയ്ക്വാദ് എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ തീരുമാനം മാറ്റാനാണ് സാധ്യതയെന്ന് ഇൻസൈഡ് സ്പോർട് റിപ്പോർട്ട് ചെയ്തു. ഒന്നുകിൽ യാത്രകൾ മാറ്റിവെക്കാനോ, അല്ലെങ്കിൽ ഇത്തവണ െഎ.പി.എല്ലിൽ നിന്നുതന്നെ വിട്ടുനിൽക്കാനോ ആയിരിക്കും താരം തീരുമാനിക്കുകയെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചതായി റിപ്പോർട്ടിലുണ്ട്.
കഴിഞ്ഞ സീസണിലടക്കം ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തുന്ന വെറ്ററൽ താരമായ ഭാജി വിട്ടുനിന്നാൽ അത് ചെന്നൈയുടെ ബൗളിങ് പ്രകടനത്തെ കാര്യമായി ബാധിച്ചേക്കും. സുരേഷ് റെയ്നയുടെ പിന്മാറ്റം നൽകിയ ആഘാതത്തിന് പുറമേയാണിത്. അതേസമയം, ഐ.പി.എല്ലിൽ നിന്ന് റെയ്ന പിൻവാങ്ങിയത് മാനേജ്മെൻറുമായുള്ള അസ്വാരസ്യംമൂലമാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. സൂപ്പർ കിങ്സ് ഉടമ എൻ. ശ്രീനിവാസൻ റെയ്നക്കെതിരെ തുറന്നടിച്ചതോടെയാണ് താരത്തിെൻറ മടങ്ങലിനു പിന്നിലെ 'രഹസ്യം' പുറത്തായത്. നേരത്തെ വ്യക്തിപരമായ കാരണങ്ങളാൽ മടങ്ങുന്നുവെന്നായിരുന്നു റെയ്ന സമൂഹ സമൂഹ മാധ്യമങ്ങളിൽ നൽകിയ വിശദീകരണം.
കോവിഡ് കാരണം അനിശ്ചിതമായി നീണ്ടിരുന്ന ഐ.പി.എൽ 13-ാം സീസണിനായി രണ്ടാഴ്ച മുമ്പാണ് ചെന്നൈ സൂപ്പർ കിങ്സ് താരങ്ങൾ യു.എ.ഇയിൽ എത്തിയത്. ക്വാറൻറീൻ കാലാവധി കഴിഞ്ഞു മാത്രമെ പുറത്തിറങ്ങാനാകൂവെന്നിരിക്കെ, താരങ്ങളെല്ലാം ഒറ്റമുറി ഫ്ലാറ്റിലായിരുന്നു. എന്നാൽ, റെയ്ന തനിക്ക് ലഭിച്ച സൗകര്യങ്ങളിൽ അതൃപ്തനായിരുന്നുവെത്ര. ക്യാപ്റ്റൻ എം.എസ് ധോണി ലഭിച്ചിരുന്ന സൗകര്യങ്ങൾ റെയ്നക്ക് ലഭിച്ചില്ലെന്നും ഇക്കാര്യങ്ങളിൽ ചൊടിച്ചാണ് താരം ഇന്ത്യയിലേക്ക് മടങ്ങിയതെന്നുമാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.