അർജുൻ ടെണ്ടുൽകർ അടി കൊണ്ട് ഓടിയതാണോ?
text_fieldsമുംബൈ: സീസണിൽ ആദ്യമായി അവസരം കിട്ടിയ മുംബൈ ഇന്ത്യൻസ് യുവതാരം അർജുൺ ടെണ്ടുൽക്കർ ലഖ്നോ സൂപ്പർ ജയന്‍റ്സിനെതിരായ മത്സരത്തിൽ ഓവർ പൂർത്തിയാക്കാനാകാതെയാണ് ഗ്രൗണ്ടിൽനിന്നു മടങ്ങിയത്. മൂന്നാം ഓവറിൽ ആദ്യ രണ്ടു പന്തുകളിൽ ലഖ്നോവിന്‍റെ വെസ്റ്റിൻഡീസ് താരം നിക്കോളാസ് പൂരൻ തുടർച്ചയായി സിക്സുകൾ പറത്തിയതിനു പിന്നാലെയാണ് ഓവർ പൂർത്തിയാക്കാതെ താരം ഗ്രൗണ്ട് വിട്ടത്. ലീഗിലെ മുംബൈയുടെ അവസാന മത്സരത്തിൽ ട്വന്‍റി20 ലോകകപ്പ് ടീമിലുള്ള പേസർ ജസ്പ്രീത് ബുംറക്ക് വിശ്രമം നൽകിയതോടെയാണ് ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽകറുടെ മകനായ അർജുൻ പ്ലെയിങ് ഇലവനിൽ ഇടംനേടിയത്.
ആദ്യത്തെ സ്പെല്ലിൽ രണ്ട് ഓവർ എറിഞ്ഞ താരം പത്ത് റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. രണ്ടാം സ്പെൽ എറിയാനെത്തുമ്പോൾ ക്രീസിലുണ്ടായിരുന്നത് തകർപ്പൻ ഫോമിലുള്ള പൂരനും. തന്‍റെ മൂന്നാം ഓവർ എറിയാൻ എത്തുന്നതിനു മുമ്പേ താരത്തെ പരിക്ക് അലട്ടിയിരുന്നതായാണ് വിവരം. ടീം ഫിസിയോ അർജുനെ പരിശോധിക്കുകയും ചെയ്തിരുന്നു. ആദ്യ രണ്ടു പന്തുകളും പൂരൻ ഗാലറിയിലെത്തിച്ചു. പിന്നാലെ വേദന അനുഭവപ്പെട്ടതോടെയാണ് അർജുൻ ഗ്രൗണ്ട് വിട്ടത്. അർജുന് പകരം ബാക്കിയുള്ള നാലു പന്തുകൾ എറിഞ്ഞത് നമൻ ധിറാണ്. എന്നാൽ, ധിറും പൂരന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞു. ഇരുവരും ചേർന്ന് ഈ ഓവറിൽ 29 റൺസാണ് വഴങ്ങിയത്.
അർജുന് മത്സരത്തിൽ വിക്കറ്റൊന്നും ലഭിച്ചില്ല. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയുടെ താരമായിരുന്ന അർജുൻ അവസരങ്ങൾ കുറഞ്ഞതിനെ തുടർന്ന് ഗോവയിലേക്കു മാറിയിരുന്നു. അതേസമയം, അവസാന ലീഗ് മത്സരം ജയിച്ചു മടങ്ങാമെന്ന മുംബൈയുടെ മോഹം ലഖ്നോ തകർത്തു. 18 റൺസിനാണ് മുംബൈ തോറ്റത്. ആദ്യം ബാറ്റു ചെയ്ത ലഖ്നോ ആറു വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ മുംബൈക്ക് 20 ഓവറിൽ ആറിന് 196 റൺസെടുക്കാനേ സാധിച്ചുള്ളൂ. 14 മത്സരങ്ങളിൽ പത്തും തോറ്റ മുംബൈ സീസണിൽ പത്താം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ലഖ്നോ ജയിച്ചിട്ടും പ്ലേ ഓഫ് കാണാതെ പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.