‘അദ്ദേഹം എന്നോട് പറഞ്ഞു...’; കന്നി ഐ.പി.എൽ വിക്കറ്റ് നേട്ടത്തിനു പിന്നാലെ പിതാവിനെ കുറിച്ച് അർജുൻ ടെണ്ടുൽക്കർ
text_fieldsഐ.പി.എല്ലിൽ ചൊവ്വാഴ്ച രാത്രി സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്ന മത്സരം മുംബൈ താരവും ക്രിക്കറ്റ് ഇതിഹാസത്തിന്‍റെ മകനുമായ അർജുൻ ടെണ്ടുൽക്കർ മറക്കില്ല. അവസാന ഓവറിൽ ഭുവനേശ്വർ കുമാറിനെ പുറത്താക്കി 23കാരനായ അർജുൻ തന്‍റെ ഐ.പി.എല്ലിലെ കന്നി വിക്കറ്റ് സ്വന്തമാക്കി.
അവസാന ഓവറിൽ ഒരു വിക്കറ്റ് കൈയിലിരിക്കെ ഹൈദരാബാദിന് ജയിക്കാൻ വേണ്ടിയിരുന്നത് 20 റൺസായിരുന്നു. മുംബൈ നായകൻ രോഹിത് ശർമ പന്ത് നൽകിയത് അർജുന്. ഓവറിലെ അഞ്ചാമത്തെ പന്തിൽ ഭുവനേശ്വർ കുമാറിനെ രോഹിത് കൈയിലൊതുക്കി. മുംബൈക്ക് 14 റൺസ് ജയം. മത്സരത്തിൽ 2.5 ഓവർ എറിഞ്ഞ അർജുൻ 18 റൺസ് വിട്ടുകൊടുത്താണ് ഒരു വിക്കറ്റെടുത്തത്.
കന്നി വിക്കറ്റ് നേട്ടത്തിനു പിന്നാലെയാണ് അർജുൻ തന്‍റെ മത്സരങ്ങളിൽ പിതാവിന്‍റെ സ്വാധീനത്തെ കുറിച്ച് സംസാരിച്ചത്. ‘എന്റെ ആദ്യ ഐ.പി.എൽ വിക്കറ്റ് നേടാനായതിൽ വളരെ സന്തോഷമുണ്ട്. കൈയിലുള്ളതിലും പ്ലാൻ നടപ്പാക്കേണ്ടതിലും മാത്രമാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഞങ്ങളുടെ പ്ലാൻ വൈഡ് ബൗൾ എറിഞ്ഞ് ലോങ് ബൗണ്ടറി കളിപ്പിക്കുകയായിരുന്നു, ബാറ്റർമാരെ കൊണ്ട് പന്ത് ലോങ് സൈഡിലേക്ക് അടിപ്പിക്കുക എന്നതായിരുന്നു’ -അർജുൻ പറഞ്ഞു.
‘ബൗൾ ചെയ്യാൻ ഞാൻ ഇഷ്ടപ്പെടുന്നു. നായകൻ ആവശ്യപ്പെടുമ്പോഴൊക്കെ പന്തെറിയാൻ എനിക്ക് സന്തോഷമാണ്. ടീം പ്ലാനിൽ ഉറച്ചുനിൽക്കാനും എന്‍റെ മികച്ചത് നൽകാനും ശ്രമിക്കും. ഞങ്ങൾ (പിതാവ് സചിനും ഞാനും) ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കും. മത്സരത്തിനു മുന്നോടിയായി തന്ത്രങ്ങൾ സംസാരിക്കും, മത്സരത്തിനുവേണ്ടിയുള്ള പരിശീലനത്തിൽ ഉറച്ചുനിൽക്കാൻ അദ്ദേഹം പറയും. ഞാൻ പന്ത് റിലീസ് ചെയ്യുന്നതിലും നല്ല ലെങ്തിലും ലൈനിലും പന്തെറിയുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. അത് സ്വിങ് ചെയ്യുകയാണെങ്കിൽ, അത് ബൗൺസാണെങ്കിൽ, മറിച്ചാണെങ്കിൽ, അങ്ങനെയാകട്ടെ’ -അർജുൻ കൂട്ടിച്ചേർത്തു.
മകന്‍റെ കന്നി വിക്കറ്റ് നേട്ടത്തിന് സാക്ഷിയായി സചിൻ മുംബൈയുടെ ഡ്രസിങ് റൂമിലുണ്ടായിരുന്നു. കാമറൂൺ ഗ്രീനിന്‍റെ കന്നി അർധ സെഞ്ച്വറിയുടെയും (40 പന്തിൽ 64 നോട്ടൗട്ട്) തിലക് വർമയുടെ (17 പന്തിൽ37) വെട്ടിക്കെട്ട് പ്രകടത്തിന്‍റെയും കരുത്തിൽ മുംബൈ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണ് അടിച്ചെടുത്തത്. ഹൈദരാബാദിന്‍റെ മറുപടി ബാറ്റിങ് 19.5 ഓവറിൽ 178 റൺസിൽ അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.