സചിന്‍റെ മകൻ മുംബൈ വിടുന്നു; ഇനി ഭാഗ്യ പരീക്ഷണം ഗോവയിൽ
text_fieldsക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കറുടെ മകൻ മുംബൈ വിടുന്നു, അഭ്യന്തര ക്രിക്കറ്റിൽ ഗോവയിൽ ഭാഗ്യം പരീക്ഷിക്കാനാണ് അർജുൻ തെണ്ടുൽക്കറുടെ പുതിയ തീരുമാനം.
താരങ്ങളെ കൊണ്ട് സമ്പുഷ്ടമായ മുംബൈ ടീമിൽ സ്ഥിരം അവസരം കണ്ടെത്താൻ സാധിക്കാതെ വന്നതോടെയാണ് 22കാരനായ അർജുൻ ഗോവയിലേക്ക് കൂടുമാറാനൊരുങ്ങുന്നത്. ഇക്കാര്യത്തിൽ മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ എൻ.ഒ.സിക്കായി താരം അപേക്ഷിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇടകൈയൻ പേസ് ബൗളറായ അർജുൻ ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിന്റെ താരമാണെങ്കിലും ഇതുവരെ കളിക്കാൻ അവസരം കട്ടിയിട്ടില്ല. എന്നാൽ 2021-2022 സീസണിൽ ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയെ പ്രതിനിധീകരിച്ച് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ രണ്ട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഹരിയാന, പുതുച്ചേരി ടീമുകൾക്കെതിരായാണ് കളിച്ചത്. ഗോവയിലേക്ക് കൂടുമാറുന്ന അർജുൻ, പ്രീ സീസൺ ട്രയൽ മത്സരങ്ങളിൽ കളിക്കുമെന്ന് ഗോവ ക്രിക്കറ്റ് അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഈ ട്രയൽ മത്സരങ്ങളിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാകും ആഭ്യന്തര സീസണിനായുള്ള ഗോവ ടീമിലേക്ക് അർജുനെ പരിഗണിക്കുക. 'അർജുന്‍റെ കരിയറിന്റെ ഈ ഘട്ടത്തിൽ ഗ്രൗണ്ടിൽ പരമാവധി കളിക്കാൻ കഴിയുന്നത് അർജുനെ സംബന്ധിച്ച് പ്രധാനമാണ്. ഈ മാറ്റത്തോടെ അർജുൻ കൂടുതൽ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. തന്റെ ക്രിക്കറ്റ് കരിയറിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് അദ്ദേഹം കടക്കുകയാണ്' -എസ്.ആർ.ടി സ്പോർട്സ് മാനേജ്മെന്‍റ് പത്രക്കുറിപ്പിൽ അറിയിച്ചു.
ഈ സീസണിൽ തന്റെ കഴിവ് തെളിയിക്കാൻ അവസരം ലഭിക്കാതെ മുംബൈ ടീമിൽ നിന്ന് പുറത്തായതാണ് അർജുനെ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.