'പിതാവിന്‍റെ കാർബൺ കോപ്പി'..ഐ.പി.എൽ താരലേലവേദിയിൽ താരമായി ഷാറൂഖ് ഖാന്‍റെ മകൻ ആര്യൻ
text_fieldsമുംബൈ: പിതാവ് ഷാറൂഖ് ഖാനെ മുറിച്ചുവെച്ചതുപോലെയാണ് ആര്യൻ ഖാനെന്ന് എല്ലാവരും പറയുന്നു. എടുപ്പിലും നടപ്പിലും ഭാവത്തിലുമെല്ലാം 'ബോളിവുഡിന്‍റെ ബാദ്ഷാ'യുമായി അത്രമേൽ സാദൃശ്യമുണ്ട് ആര്യന്. കഴിഞ്ഞ ദിവസം ഐ.പി.എൽ ക്രിക്കറ്റ് താരലേലത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ടീമിനെ പ്രതിനിധീകരിച്ച് ആര്യൻ പങ്കെടുക്കാനെത്തിയപ്പോൾ ആളുകളുടെ ഇഷ്ടവും അതിശയവുമൊക്കെ അതിന്‍റെ പാരമ്യത്തിലായിരുന്നു. ടീം ഉടമകളിലൊരാളായ ഷാറൂഖിന് പങ്കെടുക്കാൻ കഴിയാതിരുന്ന സാഹചര്യത്തിൽ മകൻ ആര്യൻ ലേലത്തിനെത്തുകയായിരുന്നു.
കൊൽക്കത്ത നൈറ്റ്റൈഡേഴ്സിെന്റ കഴിഞ്ഞ ഐ.പി.എല്ലിലെ ചില മത്സരങ്ങൾക്ക് ദുബൈയിൽ ആര്യൻ ഗാലറിയിലുണ്ടായിരുന്നു. എന്നാൽ, ഇതാദ്യമായാണ് താരപുത്രൻ ഐ.പി.എൽ േലലത്തിൽ പങ്കെടുക്കാനെത്തിയത്. പിതാവിന്‍റെ അതേ ഹെയർസ്റ്റൈലുമായി മകനെത്തിയപ്പോൾ ഇഷ്ടക്കാർക്ക് അതേറെ ബോധിച്ചു.
ട്വിറ്ററിൽ ഷാറൂഖ് ആരാധകർ ആര്യന്‍റെ ലേലവേദിയിലെ സാന്നിധ്യം ആഘോഷിച്ചപ്പോൾ നിറഞ്ഞുനിന്നതത്രയും പിതാവുമായുള്ള സാമ്യമായിരുന്നു. ബോളിവുഡിൽ ആര്യൻ എന്ന് അവതരിക്കുമെന്നത് കാത്തുകാത്തിരിക്കുകയാണ് ആരാധകർ. 'ഷാറൂഖിന്‍റെ കാർബൺ കോപ്പി' എന്നാണ് ട്വിറ്ററിൽ പലരും ആര്യന്‍റെ വിഡിയോയും ചിത്രങ്ങളും പോസ്റ്റ് ചെയ്ത് ചൂണ്ടിക്കാട്ടിയത്.
ലേലത്തിനിടെ, തമിഴ്നാടിന്റെ ബാറ്റ്സ്മാൻ ഷാറൂഖ് ഖാനെ പഞ്ചാബ് കിങ്സ് ടീം ലേലത്തിൽ സ്വന്തമാക്കിയപ്പോൾ പഞ്ചാബ് ടീം ഉടമയായ നടി പ്രീതി സിന്‍റ ആര്യനെ കളിയാക്കാനും സമയം കണ്ടെത്തി. പിൻനിരയിൽ ഇരിക്കുകയായിരുന്ന ആര്യനോട് 'ഞങ്ങൾക്ക് ഷാറൂഖിനെ കിട്ടി' എന്ന് പ്രീതി പറയുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. നിറഞ്ഞ പുഞ്ചിരിയായിരുന്നു ഇതിനോട് ആര്യന്‍റെ പ്രതികരണം.
കൊൽക്കത്ത നൈറ്റ്റൈേഡഴ്സിന്റെ സഹഉടമകളിലൊരാളായ നടി ജൂഹി ചൗളയുടെ മകൾ ജാൻവി മേത്തയും ആര്യനോടൊപ്പം ഐ.പി.എൽ ലേലത്തിനുണ്ടായിരുന്നു. ആര്യനെയും ജാൻവിയെയും ലേലവേദിയിൽ കാണുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് അവരുടെ ചിത്രസഹിതം ജൂഹി ട്വീറ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.