ആഷസ്: ഇംഗ്ലണ്ടിന് 49 റൺസ് ജയം, പരമ്പര സമനിലയിൽ
text_fieldsലണ്ടൻ: ആഷസ് ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ട് ഉയർത്തിയ വൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആസ്ട്രേലിയ പൊരുതി കീഴടങ്ങി. 384 റൺസ് പിന്തുടരുന്ന ഓസീസിന് 334 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. 49 റൺസിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര സമനിലയിൽ (2-2) കലാശിച്ചു.
നാലാം നാൾ വിക്കറ്റ് പോവാതെ 135ലാണ് ഓസീസ് ബാറ്റിങ് നിർത്തിയത്. തിങ്കളാഴ്ച കളി പുനരാരംഭിച്ച് അധികം വൈകാതെ ഓപണർമാരായ ഡേവിഡ് വാർണറിനെയും (60) ഉസ്മാൻ ഖാജയെയും (72) ക്രിസ് വോക്സ് മടക്കി. 141ൽ രണ്ടാം വിക്കറ്റ് വീണ ടീമിനെ രക്ഷിക്കാൻ മാർനസ് ലബൂഷെയ്ൻ-സ്റ്റീവൻ സ്മിത്ത് സഖ്യം ക്രീസിൽ സംഗമിച്ചു. എന്നാൽ, അധികം വൈകാതെ ലബൂഷെയ്നെ (18) മാർക് വുഡ് പറഞ്ഞുവിട്ടതോടെ വീണ്ടും പ്രതിസന്ധി. 169ലാണ് മൂന്നാമൻ പുറത്തായത്. സ്മിത്തിനൊപ്പം ട്രാവിസ് ഹെഡ് പിടിച്ചുനിന്നതോടെ ഓസീസ് പ്രതീക്ഷകൾക്ക് വീണ്ടും ചിറകുമുളച്ചു.
മൂന്നിന് 238ലാണ് ലഞ്ചിന് പിരിഞ്ഞത്. കളി പുനരാരംഭിക്കാനിരിക്കെ മഴയെത്തി. രണ്ടു മണിക്കൂറോളം വൈകി ചായക്കുംശേഷമാണ് വീണ്ടും കളമുണർന്നത്. സ്മിത്തും ഹെഡും ഓസീസിനെ ജയത്തിലേക്കു നയിക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽ വീണ്ടും കാര്യങ്ങൾ മാറിമറിഞ്ഞു. 43 റൺസെടുത്ത ഹെഡ് മുഈൻ അലിയുടെ ഓവറിൽ പുറത്ത്. തൊട്ടടുത്ത ഓവറിൽ സ്മിത്തിനെ (54) സാക് ക്രൗളിയുടെ കരങ്ങളിലെത്തിച്ച് വോക്സ് നിർണായകമായ മറ്റൊരു വിക്കറ്റ് കൂടി വീഴ്ത്തി. അടുത്ത രണ്ട് ഓവറുകളിലും വിക്കറ്റുകൾ നിലംപതിച്ചു. മിച്ചൽ മാർഷിനെ (6) മുഈനും മിച്ചൽ സ്റ്റാർക്കിനെ (0) വോക്സും മടക്കി. ഏഴിന് 275ൽ പരാജയം മണത്തുതുടങ്ങി ഓസീസ്. ഒരിക്കൽക്കൂടി രക്ഷകനാവുമെന്ന് കരുതിയ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് (9) മുഈന് മൂന്നാം വിക്കറ്റ് നൽകി കരക്കുകയറുകയായിരുന്നു. അലക്സ് കാരിയും(28) ടോഡ് മർഫിയും (18) നടത്തിയ ചെറുത്തു നിൽപ് ഇംഗ്ലണ്ടിന്റെ ജയം വൈകിച്ചെങ്കിലും സ്റ്റുവർട്ട് ബ്രോഡിന് വിക്കറ്റ് നൽകി ഇരുവരും കീഴടങ്ങി. നാല് റൺസുമായി ഹാസൽവുഡ് പുറത്താവാതെ നിന്നു. ക്രിസ് വോക്സ് നാലും മുഈൻ അലി മൂന്നും വിക്കറ്റ് വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 283 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒസീസിന്റെ ഇന്നിങ്സ് 295 റൺസിലവസാനിച്ചു. രണ്ടാം ഇന്നിങ്സിൽ 395 റൺസ് ചേർത്ത് ഇംഗ്ലണ്ട് ഒസീസിന് 384 റൺസ് വിജയലക്ഷ്യം മുന്നോട്ട് വെക്കുകയായിരുന്നു.
പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ഒസീസ് ജയിച്ചപ്പോൾ മൂന്നാമത്തെ മത്സരം ഇംഗ്ലണ്ട് തിരിച്ചുപിടിക്കുകയായിരുന്നു. നാലാം ടെസ്റ്റ് സമനിലയിലായതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. ജയം അനിവാര്യമായ അഞ്ചാമത്തെ മത്സരത്തിൽ ഒസീസിന് മേൽ ഇംഗ്ലണ്ട് ആധിപത്യം നേടുകയായിരുന്നു. കഴിഞ്ഞ വർഷം ആഷസിൽ ഒരു മത്സരംപോലും ജയിക്കാതെ സമ്പൂർണ പരാജയമായിരുന്ന ഇംഗ്ലണ്ടിന്റെ ശക്തമായ തിരിച്ചുവരവാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.