മൂന്നാം ടെസ്റ്റ് പാതിവഴിയിൽ നിൽക്കെ അശ്വിൻ നാട്ടിലേക്ക് മടങ്ങി
text_fieldsരാജ്കോട്ട്: ഇംഗ്ലണ്ടിനെതിരെ രാജ്കോട്ടിൽ നടന്നുകൊണ്ടിരിക്കുന്ന മൂന്നാമത്തെ ടെസ്റ്റിൽ നിന്നും ഇന്ത്യൻ ഓൾറൗണ്ടർ രവിചന്ദ്ര അശ്വിൻ പിന്മാറി. കുടുംബപരമായ എമർജൻസിയെ തുടർന്നാണ് അശ്വിൻ നാട്ടിലേക്ക് മടങ്ങിയത്. മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം പൂർത്തിയാക്കിയതിന് പിന്നാലെയാണ് അശ്വിൻ ചെന്നൈയിലേക്ക് മടങ്ങാൻ തീരുമാനിച്ചത്.
ബി.സി.സി.ഐയും ഇക്കാര്യം സ്ഥിരീകരിച്ചു. ഏറെ വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും ടീം ഇന്ത്യയും പൂർണ പിന്തുണയുമായി കൂടെയുണ്ടെന്ന് ബി.സി.സി.ഐ എക്സിൽ കുറിച്ചു.
അശ്വിന്റെ മാതാവ് അസുഖ ബാധിതയായി ആശുപത്രിയിലാണെന്നാണ് ബി.സി.സി.ഐ വൃത്തങ്ങൾ നൽകുന്ന സൂചന. അശ്വിന്റെ മാതാവിന് പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച് ബി.സി.സി.ഐ വൈസ് പ്രസിഡൻ്റ് രാജീവ് ശുക്ല എക്സിൽ പോസ്റ്റിട്ടു.
അതേ സമയം, ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റ് നേട്ടം കൊയ്തെടുത്തതിന് പിന്നാലെയാണ് താരത്തിന്റെ മടക്കം. ഇംഗ്ലണ്ട് ഓപണർ സാക് ക്രോളിയെ പുറത്താക്കിയാണ് ഈ നേട്ടത്തിലെത്തിയത്. 500 വിക്കറ്റ് തികക്കുന്ന അതിവേഗ ഇന്ത്യൻ താരമായി അശ്വിൻ മാറിയിരുന്നു.
98ാം ടെസ്റ്റിലാണ് അശ്വിൻ 500 വിക്കറ്റ് നേട്ടത്തിലെത്തിയത്. 87ാം ടെസ്റ്റിൽ അത്രയും പേരെ മടക്കിയ ശ്രീലങ്കയുടെ മുൻ താരം മുത്തയ്യ മുരളീധരനാണ് ഒന്നാമത്. 105 ടെസ്റ്റിൽനിന്ന് 500 വിക്കറ്റ് ക്ലബിലെത്തി മൂന്നാമതുള്ള അനിൽ കുംെബ്ലയായിരുന്നു ഇന്ത്യൻ നിരയിൽ ഇതുവരെയും മുന്നിൽ. ഷെയ്ൻ വോൺ (108), ഗ്ലെൻ മഗ്രോ (110) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. അശ്വിൻ നേടിയ 500 വിക്കറ്റിൽ 347ഉം ഹോം ഗ്രൗണ്ടുകളിൽനിന്നാണ്. വിശാഖപട്ടണത്ത് ഒന്നാം ടെസ്റ്റിൽതന്നെ താരം സ്വപ്നനേട്ടത്തിലേക്ക് പന്തെറിഞ്ഞുകയറുമെന്ന് കരുതിയിരുന്നെങ്കിലും കാത്തിരിപ്പ് രാജ്കോട്ടിലേക്ക് നീണ്ടു. അതാണ് ഇംഗ്ലീഷ് ഓപണറെ മടക്കി പൂർത്തിയാക്കിയത്. ലോക ക്രിക്കറ്റിൽ 500 പിന്നിടുന്ന ഒമ്പതാമനാണ് അശ്വിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.