ചതുരംഗക്കളത്തിലും ഇനി അശ്വിന്റെ ചെക്ക്!; രജനികാന്ത് സിനിമയിലെ വരികൾ കുറിച്ച് ആശംസയുമായി വിശ്വനാഥൻ ആനന്ദ്
text_fieldsചെന്നൈ: ക്രിക്കറ്റിൽ എതിർ ബാറ്റർമാരെ കറക്കി വീഴ്ത്താനും അത്യാവശ്യ ഘട്ടങ്ങളിൽ ബാറ്റെടുത്ത് റണ്ണൊഴുക്കാനും മിടുക്കുള്ളയാളാണ് രവിചന്ദ്രൻ അശ്വിൻ. ക്രിക്കറ്റിൽ മാത്രമല്ല, ചതുരംഗക്കളത്തിലും അമ്പരപ്പിക്കുന്ന നീക്കവുമായി താരം രംഗത്തെത്തിയിരിക്കുകയാണിപ്പോൾ. ഗ്ലോബൽ ചെസ് ലീഗിൽ അമേരിക്കൻ ഗാംബിറ്റ്സ് എന്ന ഫ്രാഞ്ചൈസിയുടെ സഹ ഉടമസ്ഥാവകാശം സ്വന്തമാക്കിയിരിക്കുകയാണ് അശ്വിൻ. ലോക ചെസ് ഫെഡറേഷനും (ഫിഡെ) ടെക് മഹീന്ദ്രയും ചേർന്നൊരുക്കുന്ന ആറ് ടീമുകളടങ്ങുന്ന ചെസ് ലീഗിൽ തേര് തെളിക്കുന്നവരിലൊരാളായി ഇനി അശ്വിനുമുണ്ടാകും.
ലോകത്തെ പ്രധാന ഗ്രാൻഡ്മാസ്റ്റർമാർ അണിനിരക്കുന്ന ലോക ചെസ് ലീഗിന്റെ രണ്ടാമത്തെ എഡിഷൻ ഒക്ടോബർ മൂന്ന് മുതൽ 12 വരെ ലണ്ടനിലാണ് അരങ്ങേറുന്നത്. ലോകത്തെ ആദ്യത്തെയും ഫ്രാഞ്ചൈസികൾ കേന്ദ്രീകരിച്ചുള്ള ഏറ്റവും വലുതുമായ ടീം ചെസ് ടൂർണമെന്റാണ് ഗ്ലോബൽ ചെസ് ലീഗ് (ജി.സി.എൽ). പി.പി പ്രചുര, വെങ്കട് നാരായണ എന്നിവർക്കൊപ്പം ഫ്രാഞ്ചൈസി സഹ ഉടമയായ ആർ. അശ്വിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ ചെസ് താരം വിശ്വനാഥൻ ആനന്ദ്.
‘ക്രിക്കറ്റിൽ ഏറ്റവും മികച്ച ബാളുകൾ എറിഞ്ഞ ഒരാളെന്ന നിലയിൽ, അമേരിക്കൻ ഗാംബിറ്റ്‌സിനൊപ്പം ഗ്ലോബൽ ചെസ് ലീഗിലും നിങ്ങൾ അതേ മത്സര മനോഭാവം കൊണ്ടുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളുടെ ഓഫ് സ്പിൻ പോലെതന്നെ തേരുകളും ബിഷപ്പുമാരും തടയാൻ കഴിയാത്തതായിരിക്കട്ടെ!’ -വിശ്വനാഥൻ ആനന്ദ് എക്സിലെ പോസ്റ്റിൽ കുറിച്ചു. രജനികാന്ത് നായകനായ പടയപ്പ എന്ന സിനിമയിലെ എ.ആർ റഹ്മാൻ ഈണമിട്ട ‘വെട്രി കൊടി കട്ട്...’ എന്ന് തുടങ്ങുന്ന ഗാനത്തലെ ഏതാനും വരികളും ആനന്ദ് പോസ്റ്റിൽ കുറിച്ചു. ഇതിന് നന്ദി അറിയിച്ചുകൊണ്ട് അശ്വിൻ കമന്റിടുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.