ഇതൊരു തുടക്കം! അശ്വിന്‍റെ വഴിയേ സീനിയർ താരങ്ങൾ; ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പായി ‘ഓൾഡ് ഗ്യാങ്’ കളമൊഴിയും
text_fieldsമുംബൈ: ആസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് സമനിലയിൽ പിരിഞ്ഞതിനു പിന്നാലെ അപ്രതീക്ഷിതമായാണ് ഇന്ത്യൻ സ്പിൻ ഇതിഹാസം ആർ. അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചത്. അഡലെയ്ഡിലെ രണ്ടാം ടെസ്റ്റിൽ മാത്രമാണ് താരം കളിച്ചിരുന്നത്.
വരുംനാളുകളിൽ അശ്വിന്‍റെ വഴിയേ കൂടുതൽ സീനിയർ താരങ്ങൾ വിരമിക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇന്ത്യൻ ടീം വലിയൊരു തലമുറമാറ്റത്തിന് തയാറെടുക്കുമ്പോൾ ‘ഓൾഡ് ഗ്യാങ്’ വഴിമാറികൊടുക്കേണ്ടി വരും. അടുത്ത വർഷം ജൂൺ-ജൂലൈ മാസങ്ങളിൽ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പായി സീനിയർ താരങ്ങളുടെ വിരമിക്കൽ പ്രഖ്യാപനമുണ്ടാകും.
2012-2013 കാലഘട്ടത്തിലാണ് ഇതിനു മുമ്പ് ടീമിൽ തലമുറ മാറ്റമുണ്ടായത്. ഇതിഹാസം സചിൻ ടെണ്ടുൽക്കർ, ടെസ്റ്റ് സ്പെഷലിസ്റ്റ് ബാറ്റർമാരായ രാഹുൽ ദ്രാവിഡ്, വി.വി.എസ്. ലക്ഷ്മൺ എന്നിവരെല്ലാം കളമൊഴിഞ്ഞതോടെ വിരാട് കോഹ്ലി, രോഹിത് ശർമ, അജിങ്ക്യ രഹാനെ, ചേതേശ്വർ പൂജാര, രവീന്ദ്ര ജദേജ, അശ്വിൻ എന്നിവർ ഇന്ത്യൻ ക്രിക്കറ്റിന്‍റെ നേതൃത്വം ഏറ്റെടുത്തു. ഈ താരങ്ങളെ ചുറ്റിപ്പറ്റിയാണ് ഇത്രയും കാലം ഇന്ത്യൻ ക്രിക്കറ്റ് സഞ്ചരിച്ചത്. ഈ ടീമിൽനിന്ന് ആദ്യമായി വിരമിക്കുന്നത് അശ്വിനാണ്.
ടീം ഇന്ത്യ അടുത്ത തലമുറ മാറ്റത്തിനു തയാറെടുക്കുമ്പോൾ ഇവരെല്ലാം വഴിമറികൊടുക്കേണ്ടിവരും. പ്രതിഭയുള്ള നിരവധി യുവതാരങ്ങളാണ് അവസരങ്ങൾ കാത്തുനിൽക്കുന്നത്. അതേസമയം, പരമ്പര പൂർത്തിയാകുന്നതിനു മുമ്പുള്ള അശ്വിന്റെ വിരമിക്കൽ വിവാദങ്ങൾക്കും വഴിതുറന്നു. രണ്ടാം ടെസ്റ്റിൽ 53 റൺസ് വഴങ്ങിയ അശ്വിന് നേടാനായത് ഒരു വിക്കറ്റ് മാത്രമാണ്. നാട്ടിൽ നടന്ന ന്യൂസീലൻഡ് പരമ്പരയിൽ, സ്പിന്നിനെ തുണക്കുന്ന പിച്ചുകളിൽ മൂന്നു മത്സരങ്ങളിൽ നിന്നായി 41 ബൗളിങ് ശരാശരിയിൽ ഒമ്പത് വിക്കറ്റുകളാണ് താരത്തിന് നേടാനായത്. അടുത്ത വർഷം ആഗസ്റ്റിൽ മാത്രമാണ് ഇന്ത്യക്ക് ഇനി നാട്ടിൽ ടെസ്റ്റ് പരമ്പരയുള്ളത്.
അപ്പോഴേക്കും അശ്വിന് 39 വയസ്സാകും. ഇതോടെ ടീം മാനേജ്മെന്‍റ് അശ്വിനോട് വിരമിക്കാൻ ആവശ്യപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അശ്വിന്റെ പിൻഗാമിയായി വിശേഷിപ്പിക്കുന്ന വാഷിങ്ടൻ സുന്ദർ മികച്ച ഫോമിലാണ്. ഏകദിന, ട്വന്റി20 ഫോർമാറ്റുകളിൽനിന്ന് നേരത്തെ തന്നെ താരം പുറത്തായിരുന്നു. മുൻ ക്യാപ്റ്റന്മാരായ അനിൽ കുംബ്ലെയും എം.എസ്. ധോണിയും സമാനരീതിയിൽ കളിയവസാനിപ്പിച്ചവരാണ്. 2008ൽ, ഓസ്ട്രേലിയയ്ക്കെതിരെ നടന്ന 4 മത്സര പരമ്പരയിലെ മൂന്നാം മത്സരത്തിനു ശേഷമായിരുന്നു കുംബ്ലെ വിരമിക്കൽ പ്രഖ്യാപിച്ചത്.
2014ൽ നടന്ന ആസ്ട്രേലിയൻ പര്യടനത്തിലെ രണ്ടാം ടെസ്റ്റിനു പിന്നാലെയായിരുന്നു ധോണി അപ്രതീക്ഷിതമായി ടെസ്റ്റ് ക്രിക്കറ്റിൽനിന്നു വിരമിച്ചത്. സമാനരീതിയിൽ സീനിയർ താരങ്ങളും ഇന്ത്യൻ ടീമിന്‍റെ ജഴ്സി അഴിച്ചുവെക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.