ഏഷ്യ കപ്പിൽ ലങ്കയുടെ വിജയം തെരുവിൽ ആഘോഷിച്ച് അഫ്ഗാൻ ആരാധകർ -വിഡിയോ
text_fieldsഏഷ്യ കപ്പിലെ ശ്രീലങ്കയുടെ വിജയം തെരുവുകളിൽ ആഘോഷിച്ച് അഫ്ഗാൻ ആരാധകർ. ഫൈനലിൽ പാകിസ്താനെ 23 റൺസിനാണ് ലങ്ക തോൽപിച്ചത്.
45 പന്തിൽ പുറത്താകാതെ 71 റൺസെടുത്ത ഭാനുക രാജപക്സയുടെയും നാലു വിക്കറ്റ് വീഴ്ത്തിയ പ്രദോമ് മധുഷാന്‍റെയും പ്രകടനമാണ് ലങ്കക്ക് ആറാം കിരീടം സമ്മാനിച്ചത്. സൂപ്പർ ഫോറിൽ അവസാന ഓവർവരെ നീണ്ട ആവേശപോരാട്ടത്തിൽ അഫ്ഗാനെ പരാജയപ്പെടുത്തിയാണ് പാകിസ്താൻ ടൂർണമെന്‍റിന്‍റെ കലാശപോരിന് യോഗ്യത നേടിയത്.
അതുകൊണ്ടുതന്നെ ലങ്കയുടെ വിജയം അഫ്ഗാൻ ആരാധകരുടെ മധുരപ്രതികാരവുമായി. ലങ്കയുടെ വിജയത്തിനു പിന്നാലെ അഫ്ഗാൻ തെരുവുകളിൽ ആരാധകർ നൃത്തം ചെയ്ത് ആഘോഷിക്കുന്നതിന്‍റെ വിഡിയോ അഫ്ഗാനിസ്താൻ പത്രപ്രവർത്തകൻ അബ്ദുൽഹഖ് ഒമേരി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. നിരവധി പേരാണ് ലങ്കയെ പ്രശംസിച്ചും സന്തോഷം പ്രകടിപ്പിച്ചും സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടത്.
മത്സരത്തിലെ പാകിസ്താന്‍റെ, പ്രത്യേകിച്ച് ഫീൽഡിങ്ങിലെ പിഴവുകളെ ട്രോളുന്ന പോസ്റ്റുകളും നിരവധിയാണ്. 'അഭിനന്ദനങ്ങൾ, ഞങ്ങളെ വളരെയധികം സന്തോഷിപ്പിച്ചതിന് ശ്രീലങ്കയ്ക്ക് നന്ദി.. ശ്രീലങ്കയുടെ വിജയത്തിൽ അഫ്ഗാനിസ്താൻ ആഹ്ലാദിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു' -ഒരു ആരാധകൻ ട്വീറ്റ് ചെയ്തു.
ടൂർണമെന്‍റിൽ ഒരു തവണ ഞങ്ങൾ (അഫ്ഗാൻ) ലങ്കയെ തോൽപിച്ചു. എന്നാൽ, പാകിസ്താൻ രണ്ടു മത്സരങ്ങളിലും അവരോട് പരാജയപ്പെട്ടെന്നും ഒരു ആരാധകൻ പരിഹസിച്ചു. പാക് ഫീൽഡിങ്ങിലെ പിഴവുകൾ ചൂണ്ടിക്കാട്ടുന്ന മുൻ പേസർ ശുഹൈബ് അക്തറുടെ പോസ്റ്റും നിരവധി അഫ്ഗാൻ താരങ്ങൾ പങ്കുവെച്ചു.
പാക്-അഫ്ഗാൻ മത്സരത്തിനു പിന്നാലെ ഇരുടീമുകളുടെയും ആരാധകർ ഗാലറിയിലും സ്റ്റേഡിയത്തിനു പുറത്തും ഏറ്റുമുട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.