ഏഷ്യ കപ്പ്: റൺവേട്ടയിൽ കോഹ്‍ലിയെ മറികടന്ന് പാക് താരം; കൂടുതൽ വിക്കറ്റുകൾ ഭൂവനേശ്വറിന്
text_fieldsഏഷ്യ കപ്പ് ക്രിക്കറ്റ് കലാശപോരിൽ പാകിസ്താനെ തോൽപിച്ച് ശ്രീലങ്ക ആറാം കിരീടം സ്വന്തമാക്കി. 23 റൺസിനായിരുന്നു ലങ്കയുടെ വിജയം. ശ്രീലങ്ക ആറു വിക്കറ്റ് നഷ്ടത്തിൽ 170 റൺസടിച്ചപ്പോൾ പാകിസ്താന്റെ മറുപടി 147ലൊതുങ്ങി.
ടൂർണമെന്‍റിൽ ഏറ്റവും കൂടുതൽ റൺസെടുത്ത താരങ്ങളിൽ പാകിസ്താന്‍റെ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‍വാൻ ഒന്നാമതെത്തി. ഫൈനലിൽ നേടിയ 55 റൺസടക്കം ആറു മത്സരങ്ങളിൽനിന്നായി ട്വന്‍റി20 ഒന്നാം നമ്പർ ബാറ്ററായ റിസ്‍വാൻ 281 റൺസാണ് അടിച്ചെടുത്തത്. മൂന്നു അർധസെഞ്ച്വറികൾ നേടി. 56.2 ആണ് ബാറ്റിങ് ശരാശരി. മുൻ ഇന്ത്യൻ നായകൻ അഞ്ചു മത്സരങ്ങളിൽനിന്നായി നേടിയത് 276 റൺസാണ്.
സൂപ്പർ ഫോറിൽ അഫ്ഗാനിസ്താനെതിരെ നേടിയ ട്വന്‍റി20യിലെ കന്നി സെഞ്ച്വറിയുടെ ബലത്തിലാണ് താരം ടൂർണമെന്‍റിൽ റൺവേട്ടയിൽ രണ്ടാമതെത്തിയത്. 196 റൺസുമായി അഫ്ഗാന്‍റെ ഇബ്രാഹിം സദ്റാൻ മൂന്നാമതും 191 റൺസുമായി ലങ്കയുടെ ഭാനുക രാജപക്‌സെ നാലാമതുമാണ്. ടൂർണമെന്‍റിൽ ഏറ്റവു കൂടുതൽ വിക്കറ്റ് സ്വന്തമാക്കിയത് ഇന്ത്യൻ പേസർ ഭൂവനേശ്വർ കുമാറാണ്.
അഞ്ചു മത്സരങ്ങളിൽനിന്നായി 11 വിക്കറ്റുകൾ. അഫ്ഗാനെതിരെ നാലു റൺസ് വഴങ്ങി അഞ്ചു വിക്കറ്റെടുത്തതാണ് താരത്തിന്‍റെ മികച്ച പ്രകടനം. ഒമ്പതു വിക്കറ്റുകളുമായി ലങ്കയുടെ വനിന്ദു ഹസരംഗയാണ് പട്ടികയിൽ രണ്ടാമത്. എട്ടു വിക്കറ്റുകൾ വീതം നേടി പാക് താരങ്ങളായ രാഹിസ് റൗഫ്, മുഹമ്മദ് നവാസ് എന്നിവർ മൂന്നാമെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.