'ആ നിമിഷം ഒരിക്കലും മറക്കാനാകില്ല'; ഇന്ത്യ-പാക് മത്സരം നേരിട്ടുകണ്ട അനുഭവം പങ്കുവെച്ച് പ്രിയങ്ക ഗാന്ധി
text_fieldsഏഷ്യ കപ്പിലെ സൂപ്പർ പോരാട്ടത്തിനു ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ്. രാത്രി ആറിന് (ഇന്ത്യൻ സമയം 7.30) ദുബൈ രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാകിസ്താൻ മത്സരം.
പത്ത് മാസം മുമ്പ് ഇതുപോലൊരു ഞായറാഴ്ചയാണ് ഇതേ സ്റ്റേഡിയത്തിൽ പാകിസ്താൻ ഇന്ത്യയെ പത്ത് വിക്കറ്റിന് തോൽപിച്ചത്. ഇതിനുശേഷം ആദ്യമായാണ് ഇരുടീമുകളും നേർക്കുനേർ വരുന്നത്. ക്രിക്കറ്റ് ആരാധകരെല്ലാം തീപാറും പോരാട്ടം കാണാനുള്ള ആവേശത്തിലാണ്. ഇതിനിടെയാണ് പ്രിയങ്ക ഗാന്ധി വദ്ര കറാച്ചിയിൽ ഇന്ത്യ-പാക് മത്സരം നേരിട്ടു കണ്ട ഓർമകൾ പങ്കുവെച്ചിരിക്കുന്നത്.
'എനിക്കൊരു പ്രത്യേക ഓർമയുണ്ട്. വർഷങ്ങൾക്കുമുമ്പ്, ഇന്ത്യ-പാകിസ്താൻ മത്സരം കാണാൻ ഞാൻ കറാച്ചിയിൽ പോയിരുന്നു, ആ മത്സരം ഇന്ത്യ വിജയിച്ച നിമിഷം എനിക്ക് ഒരിക്കലും മറക്കാനാവില്ല. ബി.ജെ.പി, കോൺഗ്രസ് വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രീയ നേതാക്കളും ആവേശഭരിതരായി, സന്തോഷത്തോടെ തുള്ളാൻ തുടങ്ങി' -പ്രിയങ്ക അവരുടെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം മുറുകിയതോടെ ക്രിക്കറ്റ് മത്സരവും നിർത്തിവെച്ചു. ഐ.സി.സി, എ.സി.സി ടൂർണമെന്‍റുകളിൽ മാത്രമാണ് ഇതിനിടെ ടീമുകൾ ഏറ്റുമുട്ടിയത്. പ്രിയങ്ക ഇന്ത്യൻ ടീമിന് വിജയാംശസകളും നേർന്നു. 'മുഴുവൻ രാജ്യത്തിനും എന്റെ കുടുംബത്തിനും വേണ്ടി, ടീമിന് എല്ലാ ആശംസകളും നേരുന്നു. നിങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുക, മത്സരം വിജയിക്കുക' -പ്രിയങ്ക പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.