ഒരു സംശയവുമില്ല, ബാബറിനേക്കാൾ കേമൻ കോഹ്ലി തന്നെ! ത്രില്ലർ പോരിനു മുന്നേ ഇന്ത്യൻ താരത്തെ അഭിനന്ദിച്ച് പാക് ഇതിഹാസം
text_fieldsഏഷ്യാ കപ്പിലെ ത്രില്ലർ പോരാട്ടങ്ങളിലൊന്നായ ഇന്ത്യ-പാകിസ്താൻ മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രമാണുള്ളത്. ശനിയാഴ്ച ഉച്ചക്കുശേഷം മൂന്നിന് ശ്രീലങ്കയിലെ കാൻഡിയിലാണ് ഏഷ്യൻ ശക്തികൾ ഏറ്റുമുട്ടുന്നത്.
ആദ്യ മത്സരത്തിൽ നേപ്പാളിനെതിരെ 238 റൺസിന്‍റെ ഗംഭീര ജയം നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് പാക് സംഘം എത്തുന്നത്. മത്സരത്തിൽ 151 റൺസ് നേടി ടീമിനെ മുന്നിൽനിന്ന് നയിച്ചത് നായകൻ ബാബറാണ്. ഏഷ്യാ കപ്പിന്‍റെ ചരിത്രത്തിൽ ഒരു ഇന്നിങ്സിൽ 150 റൺസ് നേടുന്ന ആദ്യ നായകനാണ് ബാബർ. 131 പന്തിൽ 14 ഫോറുകളും നാലു സിക്സുകളും ഉൾപ്പെടെയാണ് താരം 151 റൺസ് അടിച്ചെടുത്തത്.
എന്നാൽ, ഇന്ത്യക്ക് ടൂർണമെന്‍റിലെ അരങ്ങേറ്റ മത്സരമാണിത്. വിരാട് കോഹ്ലിയാണ് ഇന്ത്യൻ ബാറ്റിങ്ങിന്‍റെ നെടുംതൂൺ. രണ്ടു സൂപ്പർ ബാറ്റർമാരുടെ പോരാട്ടം കൂടിയായാണ് ആരാധകർ മത്സരത്തെ വിശേഷിപ്പിക്കുന്നത്. കോഹ്ലിയും ബാബറും. ക്രിക്കറ്റ് ലോകം എന്നും ആവേശത്തോടെ താരതമ്യം ചെയ്യുന്ന രണ്ടു താരങ്ങൾ. ഇവരിൽ ആരാണ് കേമൻ എന്ന ചോദ്യത്തിന് മുൻ പാക് പേസ് ഇതിഹാസം വാസിം അക്രത്തിന് കൃത്യമായ ഉത്തരമുണ്ട്.
ബാബറിനേക്കൾ മികച്ചവൻ കോഹ്ലിയാണെന്ന് അക്രം പറയുന്നു. പുതിയ കാല ക്രിക്കറ്റിലെ മികച്ച താരമായാണ് ബാബറിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. ‘ഇതിൽ തീരുമാനമെടുക്കുന്നത് വളരെ പ്രയാസമാണ്, അതുകൊണ്ടാണ് ഞാൻ സെലക്ടറാകാത്തത്. എനിക്കെതിരെ നാട്ടിൽ വിമർശനമുണ്ടാകാം, പക്ഷേ ഞാൻ തീർച്ചയായും ബാബറിനേക്കാൾ മികച്ചവനായി വിരാട് കോഹ്ലിയെ തെരഞ്ഞെടുക്കും. ബാബർ കേമനിലേക്കുള്ള യാത്രയിലാണ്, ഒരു സംശയവുമില്ല, ആധുനിക മഹാന്മാരിൽ ഒരാളാണ് അദ്ദേഹം, പക്ഷേ അതിന് കുറച്ച് സമയമെടുക്കും, അവൻ അവിടെയെത്തും, പക്ഷേ അതിന് സമയമെടുക്കും -അക്രം പ്രതികരിച്ചു.
ജസ്പ്രീത് ബുംറയേക്കാൾ മികച്ച ബൗളർ ഷഹീൻ ഷാ അഫ്രീദിയാണ്. അടുത്തിടെ താരം ബാറ്റിങ്ങിലും മോശമല്ലാത്ത പ്രകടനമാണ് നടത്തുന്നത്. ഒമ്പത്, പത്ത് നമ്പറുകളിൽ ഇറങ്ങുന്ന താരം ഏതാനും സിക്സുകൾ നേടുന്നുണ്ടെന്നും അക്രം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.