മഴ കളിച്ചു: ഏഷ്യാ കപ്പിലെ ഇന്ത്യ - പാകിസ്താൻ മത്സരം ഉപേക്ഷിച്ചു
text_fieldsകാൻഡി: ഏഷ്യാ കപ്പിലെ ഇന്ത്യ - പാകിസ്താൻ ആവേശപ്പോര് മഴ കാരണം ഉപേക്ഷിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. എന്നാൽ, പാകിസ്താന്റെ മറുപടി ബാറ്റിങ് മഴ കാരണം ഏറെ നേരം നീണ്ടതോടെ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. 87 റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഇഷാൻ കിഷൻ 82 റൺസെടുത്തു.
ആദ്യ ഇന്നിങ്സിന്റെ തുടക്കത്തിൽ അൽപനേരം മഴ കാരണം കളി നിർത്തിവെച്ചിരുന്നു. 4.2 ഓവറിൽ ഇന്ത്യ 15 റൺസെടുത്ത് നിൽക്കെയാണ് മഴയെത്തിയത്. എന്നാൽ, അൽപനേരത്തിനകം കളി പുനഃരാരംഭിച്ചു. തുടർന്ന് ആദ്യ ഇന്നിങ്സ് അവസാനിക്കുംവരെ മഴ പെയ്തിരുന്നില്ല.
ഇന്നത്തെ മത്സരത്തിൽ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ ഇന്ത്യയുടെ ടോപ് ഓർഡർ ബാറ്റിങ് ലൈനപ്പ് പല്ലേകലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നിലംപൊത്തുകയായിരുന്നു. ഇഷാൻ കിഷനും ഹർദിക് പാണ്ഡ്യയുമൊഴിച്ചുള്ള ബാറ്റർമാരെല്ലാം പാക് പേസർമാർക്ക് മുന്നിൽ പൊരുതാതെ കീഴടങ്ങി. ആർക്കും 20 റൺസ് പോലും തികക്കാൻ കഴിഞ്ഞില്ല. വാലറ്റത്ത് 14 പന്തിൽ 16 റണ്‍സെടുത്ത ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ മൂന്നാമത്തെ ടോപ് സ്കോറര്‍.
രോഹിത് ശർമയെയും (22 പന്തുകളിൽ 11 റൺസ്) വിരാട് കോഹ്‍ലിയെയും (ഏഴ് പന്തുകളിൽ നാല് റൺസ്) ഏഴ് ഓവറുകൾക്കുള്ളിൽ ബൗൾഡാക്കി മടക്കി ഷഹീൻ അഫ്രീദിയാണ് പാകിസ്താന് ബ്രേക് ത്രൂ നൽകിയത്. ശ്രേയസ് അയ്യരെയും (ഒമ്പത് പന്തുകളിൽ 14) ശുഭ്മാൻ ഗില്ലിനെയും (32 പന്തുകളിൽ 10) ഹാരിസ് റൗഫും മടക്കിയയച്ചു. 10 ഓവറില്‍ 35 റണ്‍സ് വഴങ്ങി നാല് മുൻനിര വിക്കറ്റുകൾ വീഴ്ത്തിയ ഷഹീന്‍ അഫ്രീദിക്കൊപ്പം പേസർമാരായ റൗഫും നസീം ഷായും മൂന്ന് വീതം വിക്കറ്റുകളെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.