ഏഷ്യാ കപ്പ്: ഉദ്ഘാടന മത്സരത്തിൽ നേപ്പാളിനെ 238 റൺസിന് തോൽപ്പിച്ച് പാകിസ്താൻ
text_fieldsഏഷ്യാ കപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ നേപ്പാളിനെതിരെ 238 റൺസിന്റെ വമ്പൻ ജയവുമായി പാകിസ്താൻ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്താൻ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 342 റണ്‍സാണ് അടിച്ചുകൂട്ടിയത്. എതിരാളികളുടെ പടുകൂറ്റന്‍ സ്‌കോര്‍ പിന്തുടർന്ന നേപ്പാൾ പക്ഷെ, 23.4 ഓവറിൽ 104 റൺസിന് കൂടാരം കയറുകയായിരുന്നു.
നായകൻ ബാബര്‍ അസമിന്റെയും സൂപ്പര്‍ ബാറ്റർ ഇഫ്തിഖര്‍ അഹമ്മദിന്റെും സെഞ്ച്വറികളാണ് പാകിസ്താന് വലിയ സ്കോർ സമ്മാനിച്ചത്. ബാബർ 131 പന്തുകളിൽ 14 ബൗണ്ടറികളുടെയും നാല് സിക്സറുകളുടെയും അകമ്പടിയോടെ 151 റൺസടിച്ചു. ഇഫ്തിഖർ 71 പന്തുകളിൽ 11 ബൗണ്ടറികളും നാല് സിക്സും സഹിതം 109 റൺസെടുത്ത് പുറത്താകാതെ നിന്നു.
പാകിസ്താന്റെ തുടക്കം പതിയെ ആയിരുന്നു. മുപ്പത് ഓവറുകൾ പിന്നിട്ടപ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 139 എന്ന നിലയിലായിരുന്നു അവർ. എന്നാൽ, നായകനും ഇഫ്തിഖറും ചേർന്ന് സ്കോർ എളുപ്പം 300 കടത്തുകയായിരുന്നു. നേപ്പാളിനായി സോംപാൽ കാമി രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ നേപ്പാളിന് വേണ്ടി ആരിഫ് ഷെയ്ഖും (38 പന്തുകളിൽ 26) സോംപാൽ കാമിയുമാണ് (46 പന്തുകളിൽ 28) അൽപ്പമെങ്കിലും മികച്ച് നിന്നത്. ഗുൽസൻ ജാ 23 പന്തുകളിൽ 13 റൺസെടുത്തു. ശേഷിച്ച ബാറ്റർമാരെല്ലാം രണ്ടക്കം കടക്കാനാകാതെ പുറത്തായി. പാകിസ്താൻ ബൗളർമാരിൽ ശദാബ് ഖാൻ 6.4 ഓവറിൽ 27 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.