ഏഷ്യ കപ്പിൽ അഫ്ഗാൻ അട്ടിമറി; ലങ്കക്കെതിരെ എട്ടു വിക്കറ്റ് ജയം
text_fieldsദുബൈ: സിംഹള വീര്യത്തിന് മേൽ സർവാധിപത്യം സ്ഥാപിച്ച് അഫ്ഗാനിസ്താൻ ഏഷ്യാകപ്പിന് വെടിക്കെട്ടോടെ സ്വാഗതമോതി. ദുബൈ രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന ഏകപക്ഷീയമായ മത്സരത്തിൽ ശ്രീലങ്കക്ക് മേൽ അഫ്ഗാനിസ്താൻ നേടിയത് എട്ട് വിക്കറ്റിന്‍റെ ഒന്നൊന്നര ജയം.
ആദ്യം പന്തുകൊണ്ട് എറിഞ്ഞിട്ട അഫ്ഗാൻ മറുപടി ബാറ്റിങ്ങിൽ തല്ലിത്തകർത്താണ് വിജയം സ്വന്തമാക്കിയത്. സ്കോർ: ശ്രീലങ്ക: 105/10. അഫ്ഗാൻ: 106/2 (10.2). ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് രണ്ടാം ഓവർ പിന്നിട്ടപ്പോൾ തന്നെ കളി പന്തിയല്ലെന്ന് മനസിലായി. ആറ് റൺസെടുത്തപ്പോൾ മൂന്ന് പേർ മടങ്ങിയെത്തിയിരുന്നു. ഫസൽഹഖ് ഫാറൂഖി (11ന് മൂന്ന്) മുൻനിരയെ എറിഞ്ഞുടച്ചപ്പോൾ റാശിദ് ഖാനും നവീനുൽ ഹഖും മുഹമ്മദ് നബിയും മുജീബുർ റഹ്മാനും മധ്യനിരയെ പിടിച്ചുകെട്ടി.
അവസാന വിക്കറ്റിൽ ചമിക കരുണരത്നെ (31) നടത്തിയ ചെറുത്ത് നിൽപ്പാണ് ലങ്കയെ 100 കടത്തിയത്. മറുപടി ബാറ്റിങ്ങിൽ തകർത്താടിയ റഹ്മത്തുള്ള ഗുർബാസും (18 പന്തിൽ 40) സഹ്റത്തുള്ള സസായിയും (28 പന്തിൽ 37) ചേർന്ന് അഫ്ഗാനെ പത്ത് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.