ഏഷ്യ കപ്പ് ക്രിക്കറ്റ് മത്സരങ്ങൾക്ക് നാളെ തുടക്കം
text_fieldsലാഹോർ: വലിയ കിരീടങ്ങൾക്കു മുന്നിൽ മുട്ടിടിച്ചുപോകുന്നുവെന്ന ദുഷ്പേര് പഴങ്കഥയാക്കി ക്രിക്കറ്റിലെ ലോക തമ്പുരാക്കന്മാർ പദവി തിരിച്ചുപിടിക്കാൻ അരയും തലയും മുറുക്കി ഇറങ്ങിയ ഇന്ത്യക്കു മുന്നിൽ ഇനി പൊള്ളും പോരാട്ടത്തിന്റെ നാളുകൾ. ഒരു മാസം അകലെനിൽക്കുന്ന ലോകകപ്പിന്റെ മിനി പതിപ്പായി വിരുന്നെത്തുന്ന ഏഷ്യ കപ്പ് മത്സരങ്ങൾക്ക് ബുധനാഴ്ച തുടക്കമാകും. ശ്രീലങ്കയാണ് നിലവിലെ ചാമ്പ്യന്മാർ. 2022 എഡിഷനിൽ പാകിസ്താനെ വീഴ്ത്തിയാണ് അവർ കപ്പുയർത്തിയിരുന്നത്. ഇന്ത്യ സൂപ്പർ ഫോർ പോരിൽ വീണുപോയിരുന്നു. ഇന്ത്യ ഏഴുവട്ടം ഉയർത്തിയ വൻകര കിരീടത്തിൽ ലങ്കയുടെ ആറാം കിരീടമായിരുന്നു അത്. പാകിസ്താൻ പക്ഷേ, രണ്ടുവട്ടം മാത്രമാണ് ജേതാക്കളായത്.
സ്ഥിരമായി കളിക്കുന്ന അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക എന്നിവക്കുപുറമെ ഇത്തവണ നേപാളും ഇറങ്ങുന്നുണ്ട്. ഐ.സി.സി റാങ്കിങ്ങിൽ 15ാമതുള്ള നേപാൾ യോഗ്യത പോരാട്ടമായ എ.സി.സി പ്രീമിയർ കപ്പിൽ യു.എ.ഇയെ വീഴ്ത്തിയാണ് ആറാമന്മാരായി ഇടമുറപ്പിച്ചത്. ആറു ടീമുകൾ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാകും മത്സരങ്ങൾ. ഗ്രൂപ് എയിൽ ഇന്ത്യ, നേപാൾ, പാകിസ്താൻ ടീമുകളും ബിയിൽ അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവയുമാണുണ്ടാവുക. ഓരോ ഗ്രൂപ്പിലും ടീമുകൾ പരസ്പരം മുഖാമുഖം നിന്നതിൽ ആദ്യ രണ്ടു സ്ഥാനക്കാർ സൂപ്പർ ഫോറിലെത്തും. നാലു ടീമുകളും പരസ്പരം കളിച്ച് ആദ്യ രണ്ടുസ്ഥാനക്കാർ കലാശപ്പോരിലുമെത്തും. മൊത്തം 13 മത്സരങ്ങളാണ്.
ആഗസ്റ്റ് 30ന് മുൾത്താനിൽ പാകിസ്താൻ- നേപാൾ മത്സരത്തോടെയാകും തുടക്കമാകുക. പാകിസ്താനായിരുന്നു പൂർണ വേദിയെങ്കിലും ഇന്ത്യ അവിടേക്ക് പോകാനില്ലെന്ന് നയം വ്യക്തമാക്കിയതിനെ തുടർന്ന് ശ്രീലങ്കയിൽ കൂടിയാകും മത്സരങ്ങൾ നടക്കുക. പാകിസ്താനിൽ ലാഹോർ, മുൽത്താൻ വേദികളിലായി നാലും ശ്രീലങ്കയിൽ പല്ലെകിൽ, കൊളംബോ എന്നിവിടങ്ങളിലായി ഒമ്പതും മത്സരങ്ങളുണ്ടാകും. രണ്ടര ആഴ്ചക്കിടെ പരമാവധി മൂന്നുവട്ടം ഇന്ത്യയും പാകിസ്താനും മുഖാമുഖം നിന്നേക്കാമെന്ന സവിശേഷതയും ഏഷ്യകപ്പിലുണ്ട്. ഇരുവരും തമ്മിലെ ഗ്രൂപ് പോരാട്ടം സെപ്റ്റംബർ രണ്ടിന് ശ്രീലങ്കൻ മൈതാനത്താണ്. സൂപ്പർ ഫോറിലും ഇരുവരും തമ്മിലെ പോരാട്ടത്തിന് സാധ്യത കൂടുതലാണ്. ഈ റൗണ്ടിൽ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തിയാൽ കലാശപ്പോരിലും ഇന്ത്യ-പാക് പോര് കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.