വൻകരയുടെ പോരാട്ടത്തിന് കൊടിയിറങ്ങുന്നു
text_fieldsദുബൈ: 12 മത്സരങ്ങൾ. അതിൽ ആറും അവസാനിച്ചത് 20ാം ഓവറിൽ. ട്വന്‍റി-20 ക്രിക്കറ്റിന്‍റെ നവരസങ്ങളെല്ലാം മാറിമറിഞ്ഞ ഏഷ്യകപ്പാണ് ദുബൈയിൽ ഇന്ന് കൊടിയിറങ്ങുന്നത്. പ്രവചനങ്ങളെല്ലാം കാറ്റിൽ പറത്തിയ, പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കിയ, അപ്രതീക്ഷിത കുതിപ്പുകളും കിതപ്പുകളും കണ്ട, കാണികളുടെ ചങ്കിടിപ്പേറ്റിയ ഏഷ്യകപ്പിനാണ് യു.എ.ഇ ആഥിത്യം വഹിച്ചത്. ഏഷ്യ കപ്പിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങൾ നടന്ന ടൂർണമെന്‍റുകളിലൊന്ന് എന്ന് വിശേഷിപ്പിക്കാം ഈ പോരാട്ടത്തെ. ഇന്ത്യയുടെയും പാകിസ്താന്‍റെയും ഏകാധിപത്യമായിരിക്കും ഏഷ്യകപ്പ് എന്ന പ്രവചനത്തോടെയാണ് ടൂർണമെന്‍റ് തുടങ്ങിയത്. എന്നാൽ, മുൻവിധികളെയെല്ലാം തകിടം മറിച്ച ടൂർണമെന്‍റാണിത്.
കളി തുടങ്ങിയത് തന്നെ അട്ടിമറിയോടെയായിരുന്നു. സംഘാടകരെന്ന പകിട്ടുമായെത്തിയ ശ്രീലങ്കയെ അഫ്ഗാനിസ്താൻ അട്ടിമറിച്ചപ്പോൾ ഏഷ്യകപ്പിന്‍റെ കാഹളം മുഴങ്ങുകയായിരുന്നു. ഇതോടെ ക്രിക്കറ്റ് ലോകം വിധിയെഴുതി, ശ്രീലങ്ക ഈ ഏഷ്യകപ്പിലെ വമ്പൻ േഫ്ലാപ്പാകുമെന്ന്. ലോകകപ്പിൽ പാകിസ്താനോടേറ്റ തോൽവിക്ക് അതേ മൈതാനത്ത് പകവീട്ടിയ ഇന്ത്യയെയാണ് അടുത്ത മത്സരത്തിൽ കണ്ടത്. ഇതോടെ വീണ്ടും പ്രവചനം വന്നും, ഈ കപ്പ് ഇന്ത്യ അടിക്കും. തൊട്ടടുത്ത മത്സരത്തിൽ ബംഗ്ലാദേശിനെയും അഫ്ഗാൻ അട്ടിമറിച്ചതോടെ അഫ്ഗാനിസ്താനെ കറുത്ത കുതിരകളായി വിശേഷിപ്പിച്ചു. എന്നാൽ, ഇതിന്‍റെയെല്ലാം വിപരീതമായിരുന്നു സൂപ്പർ ഫോറിൽ അരങ്ങേറിയത്. എഴുതിത്തള്ളപ്പെട്ട ശ്രീലങ്ക ഇന്ത്യയെയും തോൽപിച്ച് ഫൈനലിലെത്തി.
ആദ്യ മത്സരത്തിൽ അഫ്ഗാനോട് വമ്പൻ പരാജയം ഏറ്റുവാങ്ങിയ അവർ സൂപ്പർ ഫോറിൽ സിംഹള വീര്യത്തോടെ തിരിച്ചടിച്ചു. ഇന്ത്യ-പാക് ഫൈനൽ പ്രവചിച്ചവർക്ക് നിരാശപടർത്തി ഇന്ത്യ പുറത്തായി. ആദ്യ റൗണ്ടിലെ പരാജയത്തിന് പാകിസ്താൻ കണക്ക് തീർത്തു. കറുത്ത കുതിരകളാകുമെന്ന് പ്രതീക്ഷിച്ച അഫ്ഗാൻ സൂപ്പർ ഫോറിൽ േഫ്ലാപ്പായി. മൂന്ന് വർഷമായി സെഞ്ച്വറിയില്ലാതെ കളിച്ച വിരാട് കോഹ്ലി അഫ്ഗാനെതിരെ ഉജ്വല സെഞ്ച്വറി കെട്ടിപ്പടുത്തു. ട്വന്‍റി-20യിൽ ഇന്ത്യൻ താരം നേടുന്ന ഏറ്റവും വലിയ സ്കോർ വിരാട് സ്വന്തം പേരിൽ കുറിച്ചിട്ടു. അവസാന ഓവർവരെ നീണ്ട മത്സരങ്ങൾ ആരാധകരുടെ മനസിൽ വിജയപരാജയങ്ങളുടെ വേലിയേറ്റം തീർത്തു. ജയം ഉറപ്പിച്ച കളികൾ പലതും അവസാന അഞ്ചോവറിൽ മാറി മറിഞ്ഞു.
ഹോങ്കോങ് ഒഴികെയുള്ള എല്ലാ ടീമുകളും പോരാട്ട വീര്യം പ്രകടമാക്കി. ഹോങ്കോങും തങ്ങളാൽ കഴിയുന്നത് ചെയ്തു. ദുബൈ, ഷാർജ സ്റ്റേഡിയങ്ങളിലെ ഗാലറികൾ മെക്സിക്കൻ തിരമാല തീർത്തു. ഇതിനിടയിൽ ഷാർജ സ്റ്റേഡിയം മറ്റൊരു റെക്കോഡും സ്വന്തമാക്കി. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടത്തുന്ന ഗ്രൗണ്ടെന്ന റെക്കോഡ് ആസ്ട്രേിലയയിലെ മെൽബൺ, സിഡ്നി ഗ്രൗണ്ടുകളിൽ നിന്ന് തിരിച്ചുപിടിച്ചു. തുല്യശക്തികൾ ഏറ്റുമുട്ടിയ പോരാട്ടമെന്ന പേരോടെയാണ് ഏഷ്യകപ്പ് കൊടിയിറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.