ഏഷ്യാകപ്പ് ഫൈനൽ: വിജയലക്ഷ്യം 171; പാകിസ്താൻ രണ്ടിന് 43
text_fieldsദുബൈ: ഏഷ്യ കപ്പിനും പാകിസ്താനുമിടയിൽ 171 റൺസിന്റെ ദൂരം. ഫൈനലിൽ ടോസ് നഷ്ടമായി ബാറ്റിങ്ങിനയക്കപ്പെട്ട ശ്രീലങ്ക 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 170 റൺസടിച്ചു.
ഒരു ഘട്ടത്തിൽ ഒമ്പത് ഓവറിൽ അഞ്ചിന് 58 എന്ന നിലയിൽ തകർന്ന ലങ്കയെ അഞ്ചാമനായി ക്രീസിലെത്തി 45 പന്തിൽ പുറത്താവാതെ 71 റൺസടിച്ച ഭാനുക രാജപക്സയുടെ ബാറ്റിങ്ങാണ് കരകയറ്റിയത്. മൂന്നു സിക്സും ആറു ഫോറുമായി രാജപക്സ അവസാനം വരെ ക്രീസിൽ തുടർന്നു. 21 പന്തിൽ ഒരു സിക്സും അഞ്ചു ബൗണ്ടറിയുമടക്കം 36 റൺസെടുത്ത വാനിന്ദു ഹസരംഗ രാജപക്സക്ക് മികച്ച പിന്തുണ നൽകി. ആറാം വിക്കറ്റിൽ ഇരുവരും 36 പന്തിൽ 58 റൺസ് കൂട്ടിച്ചേർത്തു. ഹസരംഗ പുറത്തായ ശേഷമെത്തിയ ചാമിക കരുണരത്നെയെ (14 പന്തിൽ 14) കൂട്ടുപിടിച്ച് പിന്നീട് രാജപക്സ ലങ്കൻ സ്കോർ 170ലെത്തിക്കുകയായിരുന്നു. 31 പന്തിൽ ഇരുവരും അഭേദ്യമായ ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ 54 റൺസ് ചേർത്തു.
മൂന്നു വിക്കറ്റെടുത്ത മീഡിയം പേസർ ഹാരിസ് റൗഫാണ് ലങ്കൻ മുൻനിര തകർത്തത്. നസീം ഷാ, ശദാബ് ഖാൻ, ഇഫ്തികാർ അഹ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു. പാതും നിസാങ്ക (8), കുശാൽ മെൻഡിസ് (0), ധനുഷ്ക ഗുണതിലക (1) എന്നിവർ അതിവേഗം മടങ്ങിയപ്പോൾ ധനഞ്ജയ ഡിസിൽവ (28) ചെറുത്തുനിൽപിന് ശ്രമിച്ചു. നായകൻ ദാസുൻ ശാനകയും (2) പെട്ടെന്ന് മടങ്ങി. പിന്നീടായിരുന്നു ഹസരംഗയെയും കരുണരത്നെയെയും കൂട്ടുപിടിച്ച് രാജപക്സയുടെ രക്ഷാപ്രവർത്തനം.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ ഏഴോവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 43 റൺസെന്ന നിലയിലാണ്. മോശം ഫോമിലുള്ള ക്യാപ്റ്റൻ ബാബർ അസം ആറ് പന്തിൽ അഞ്ച് റൺസുമായി പുറത്തായി. ഫഖർ സമാൻ നേരിട്ട ആദ്യ പന്തിൽ തന്നെ കുറ്റി തെറിച്ച് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.