ഏഷ്യാകപ്പ് ആതിഥേയാവകാശം നഷ്‌ടപ്പെട്ടാൽ പാകിസ്താൻ ലോകകപ്പ് ബഹിഷ്‌കരിച്ചേക്കും - പി.സി.ബി മേധാവി
text_fieldsഏഷ്യാ കപ്പിന്റെ ആതിഥേയാവകാശം നഷ്‌ടപ്പെട്ടാൽ ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് തങ്ങൾക്ക് ബഹിഷ്‌കരിക്കേണ്ടി വരുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) മേധാവി നജാം സേത്തി പറഞ്ഞു. നയതന്ത്രപരമായ കാരണങ്ങളാൽ പാകിസ്താനിൽ കളിക്കാനാവില്ലെന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിന്നതോടെ സെപ്റ്റംബറിൽ നടക്കേണ്ട ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് പാകിസ്താനിൽനിന്ന് മാറ്റിയിരുന്നു. ശ്രീലങ്കയുൾപ്പെടെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് നിലപാടിനെ അംഗീകരിച്ച് രംഗത്തുവരികയുണ്ടായി.
ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധം വഷളായതിന്റെ ഫലമായി വർഷങ്ങളായി ഇന്ത്യ-പാകിസ്താൻ പരമ്പരകൾ നടക്കുന്നില്ല, പകരം ഇരു രാജ്യങ്ങളും ഇപ്പോൾ നിഷ്പക്ഷ വേദികളിൽ മൾട്ടി-ടീം ഇവന്റുകളിൽ മാത്രമാണ് പരസ്പരം ഏറ്റുമുട്ടുന്നത്.
ഇന്ത്യയുടെ മത്സരങ്ങൾ മാത്രം യു.എ.ഇയിൽ നടത്തുകയെന്ന നിർദേശം പാകിസ്താൻ ക്രിക്കറ്റ് ബോർഡ് മുന്നോട്ടുവെച്ചിരുന്നെങ്കിലും അത് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ തള്ളിയിരുന്നു. അതേസമയം, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ) ഇതുവരെ പാകിസ്താന്റെ ‘ഹൈബ്രിഡ് മോഡൽ’ ഓഫറിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
മുഴുവൻ ടൂർണമെന്റും പാകിസ്ഥാനിൽ നിന്ന് മാറ്റണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് സേതി പറഞ്ഞു. “അവർക്ക് എല്ലാ മത്സരങ്ങളും ഒരു നിഷ്പക്ഷ വേദിയിൽ വേണം, മുന്നോട്ടുള്ള പോക്കിൽ പ്രശ്‌നങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ ബി.സി.സി.ഐ നല്ലതും യുക്തിസഹവുമായ തീരുമാനം എടുക്കണം. -അദ്ദേഹം ഒരു സൂം അഭിമുഖത്തിൽ റോയിട്ടേഴ്സിനോട് പറഞ്ഞു.
"ഞങ്ങൾ ഏഷ്യാ കപ്പും ലോകകപ്പും ബഹിഷ്‌കരിക്കുകയും തുടർന്ന് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ബഹിഷ്‌കരിക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തിലേക്ക്, കാര്യങ്ങൾ എത്തിക്കരുത്. അത്, വലിയ പ്രതിസന്ധി സൃഷ്ടിക്കും.
‘‘ഏഷ്യാ കപ്പിനുള്ള ഹൈബ്രിഡ് മോഡലിന് ഇന്ത്യ സമ്മതിക്കുകയാണെങ്കിൽ, ഒക്ടോബർ, നവംബർ മാസങ്ങളിൽ നടക്കുന്ന ലോകകപ്പിൽ പാകിസ്താനും അതേരീതിയിൽ സഹകരിക്കും. ഞങ്ങളുടെ ടീമിനും ഇന്ത്യയിൽ സുരക്ഷാ ആശങ്കകളുണ്ട്, അതിനാൽ, പാകിസ്താന്റെ മത്സരങ്ങൾ ധാക്കയിലോ മിർപൂരിലോ യുഎഇയിലോ ശ്രീലങ്കയിലോ മാറ്റട്ടെ. പാകിസ്താനെതിരായ പരമ്പരകൾ പാകിസ്താനിലും പുറത്തുമൊക്കെ കളിക്കാൻ ഇന്ത്യ സമ്മതിക്കുന്നത് വരെ ഇതാണ് പരിഹാരം.. - ” അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.