ഏഷ്യ കപ്പിൽ ഇന്ത്യക്ക് ഫൈനലിലെത്താനാകുമോ? സാധ്യതകൾ ഇങ്ങനെ
text_fieldsദുബൈ: ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്താനു പിന്നാലെ ശ്രീലങ്കയോടും അപ്രതീക്ഷിത തോൽവി വഴങ്ങിയ ഇന്ത്യക്ക് ഇനി ഫൈനൽ കളിക്കാനാകുമോ? കണക്കിലെ കളിയിൽ അത്ഭുതങ്ങൾ സംഭവിച്ചാൽ ഇന്ത്യക്ക് ഫൈനൽ കളിക്കാം. എന്നാൽ, അതിനുള്ള സാധ്യത വളരെ വിരളവും.
പാകിസ്താനോടേറ്റ തോൽവിയുടെ തനി ആവർത്തനം തന്നെയായിരുന്നു ലങ്കക്കെതിരെയും ഇന്ത്യയെ കാത്തിരുന്നത്. ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും തല്ലിച്ചതച്ച നിസങ്കയും (37 പന്തിൽ 52) കുശാൽ മെൻഡിസും (37 പന്തിൽ 57) രാജ്പക്സെയൂം (17 പന്തിൽ 25) നായകൻ ദാസുൻ ഷനകയുമാണ് (18 പന്തിൽ 33) ഇന്ത്യയെ തകർത്തെറിഞ്ഞത്. അവസാന ഓവറിൽ ജയിക്കാൻ ഏഴ് റൺസ് വേണ്ടിയിരിക്കെ ഒരു പന്ത് ശേഷിക്കെ ആറു വിക്കറ്റിന് ലങ്ക ജയിക്കുകയായിരുന്നു.
പവർ പ്ലൈ ഓവറുകളിൽ വിക്കറ്റെടുക്കുന്നതിൽ ഇന്ത്യൻ ബൗളർമാർ പരാജയപ്പെട്ടതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. അവസാന രണ്ടു ഓവറുകളാണെങ്കിൽ പാകിസ്താനെതിരെയുള്ള മത്സരത്തിന് സമാനവും. 19ാം ഓവർ എറിഞ്ഞ ഭുവനേശ്വർ കുമാറിന്‍റെ ഓവറാണ് ഇത്തവണയും ഇന്ത്യയുടെ വിധി നിർണയിച്ചത്. 20ാം ഓവർ എറിയാൻ അർഷ്ദീപ് സിങ് എത്തുമ്പോൾ ലങ്കക്ക് ജയിക്കാൻ വേണ്ടിയിരുന്നത് ഏഴു റൺസ് മാത്രം. സമ്മർദങ്ങൾക്കിടയിലും അർഷ്ദീപ് മികച്ച നിലയിൽ ബൗൾ ചെയ്തു.
ജയത്തോടെ ശ്രീലങ്ക ഫൈനലിൽ ഏകദേശം സ്ഥാനമുറപ്പിച്ചു. ഇന്ത്യ ഫൈനല്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഇന്ന് നടക്കുന്ന പാകിസ്താൻ അഫ്ഗാനിസ്താൻ മത്സരം നിർണായകമാണ്. പാകിസ്താനെതിരെ അഫ്‌ഗാനിസ്താൻ അട്ടിമറി വിജയം നേടിയാല്‍ മാത്രമേ ഇന്ത്യക്ക് മുന്നില്‍ സാധ്യതകളുടെ വഴി തുറക്കുന്നുള്ളു. വ്യാഴാഴ്ച അഫ്ഗാനിസ്താനെതിരെയാണ് ഇന്ത്യയുടെ അവസാന മത്സരം.
ഈ മത്സരം വൻ മാർജിനിൽ ഇന്ത്യ ജയിക്കുന്നതിനൊപ്പം അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ശ്രീലങ്ക വൻ മാർജിനിൽ പാകിസ്താനെ തോൽപിക്കുകയും വേണം. ഇങ്ങനെ വന്നാല്‍ ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് മുന്നിലെത്തും. ഇതോടെ അഫ്ഗാനെയും പാകിസ്താനെയും പിന്തള്ളി ഇന്ത്യക്ക് ഫൈനൽ കളിക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.