ഏഷ്യാകപ്പ് യോഗ്യത ഇന്ന് യു.എ.ഇ Vs കുവൈത്ത്
text_fieldsദുബൈ: പുതുനായകന്റെ ചിറകിലേറി ഏഷ്യാകപ്പിലേക്ക് കണ്ണ് നട്ട് പ്രതീക്ഷയോടെ യു.എ.ഇ ഇന്നിറങ്ങുന്നു. ഏഷ്യാകപ്പ് യോഗ്യത റൗണ്ടിൽ തങ്ങളുടെ ആദ്യ മത്സരത്തിന് യു.എ.ഇ ഇന്നിറങ്ങുമ്പോൾ ഇമാറാത്തിലെ ക്രിക്കറ്റ് പ്രേമികൾ ഒന്നടങ്കം ആകാംക്ഷയിലാണ്. വിജയിയായി തിരിച്ചെത്തിയാൽ സ്വന്തം മണ്ണിൽ നടക്കുന്ന ഏഷ്യ കപ്പിൽ പാഡണിയാം എന്ന പ്രതീക്ഷയിലാണ് യു.എ.ഇ ടീം. ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ കുവൈത്താണ് എതിരാളികൾ.
ഇമാറാത്തികൾക്ക് മാത്രമല്ല, മലയാളികൾക്കും ഇത് അഭിമാന മുഹൂർത്തമാണ്. കണ്ണൂർ തലശേരിക്കാരൻ റിസ്വാൻ റഊഫാണ് യു.എ.ഇ ടീമിന്റെ അമരക്കാരൻ. യു.എ.ഇ ദേശീയ ടീമിന്റെ നായകനാകുന്ന ആദ്യ മലയാളിയായ റിസ്വാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ഏക മലയാളി കൂടിയാണ്. കഴിഞ്ഞ മത്സരങ്ങളിലെ മികച്ച പ്രകടനമാണ് റിസ്വാനെ നായക പദവിയിലെത്തിച്ചത്. റിസ്വാന് പുറമെ മലയാളി താരങ്ങളായ ബാസിൽ ഹമീദ്, അലിഷാൻ ഷറഫു എന്നിവരും ടീമിലുണ്ട്.
യോഗ്യതമത്സരങ്ങളിൽ വിജയിച്ചാൽ ദുബൈയിലും ഷാർജയിലും നടക്കുന്ന ഏഷ്യാകപ്പ് മത്സരങ്ങളിൽ യു.എ.ഇ ടീമും ഉണ്ടാകും. ഇന്ത്യയും പാകിസ്താനും അടങ്ങുന്ന ഗ്രൂപ് എയിലായിരിക്കും യോഗ്യത നേടുന്ന ടീം ഇടംപിടിക്കുക. യു.എ.ഇ യോഗ്യത നേടിയാൽ ആഗസ്റ്റ് 31ന് ഇന്ത്യക്കെതിരെയും സെപ്റ്റംബർ രണ്ടിന് പാകിസ്താനെതിരെയും കളിക്കാൻ കഴിയും. ഇന്ത്യക്കെതിരെ ദുബൈയിലും പാകിസ്താനെതിരെ ഷാർജയിലുമാണ് മത്സരം. ആഗസ്റ്റ് 27 മുതലാണ് ഏഷ്യകപ്പ് തുടങ്ങുന്നത്.
അതേസമയം, സ്കോട്ട്ലൻഡിൽ നടന്ന അവസാന ടൂർണമെന്റിൽ അത്ര മികച്ച പ്രകടനമായിരുന്നില്ല യു.എ.ഇയുടേത്. സ്കോട്ട്ലൻഡിനെതിരായ രണ്ട് മത്സരത്തിലും അമേരിക്കക്കെതിരായ ഒരു മത്സരത്തിലും യു.എ.ഇ പരാജയപ്പെട്ടിരുന്നു. താരതമ്യേന തുല്യ ശക്തികളായ എതിരാളികളാണ് ഏഷ്യാകപ്പ് യോഗ്യതയിൽ യു.എ.ഇയുമായി ഏറ്റുമുട്ടുന്നത്. ഇവരെ മറികടന്ന് യോഗ്യത നേടാനാവുമെന്ന പ്രതീക്ഷയിലാണ് ടീം.
യു.എ.ഇയുടെ സാധ്യത
ഏഷ്യകപ്പിൽ ആറു ടീമുകളാണ് ഏറ്റുമുട്ടുന്നത്. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ അഞ്ചു ടീമുകൾ നേരിട്ട് യോഗ്യത നേടിക്കഴിഞ്ഞു. ഇനിയുള്ള ഒരു സ്ഥാനത്തേക്കാണ് യോഗ്യതമത്സരം നടക്കുന്നത്. ഇതിനായി കാത്തിരിക്കുന്നത് യു.എ.ഇ, കുവൈത്ത്, ഹോങ്കോങ്, സിംഗപ്പൂർ എന്നീ ടീമുകളാണ്. നേരത്തേ നടന്ന പ്രാഥമിക റൗണ്ടുകളിൽ വിജയിച്ചുവന്ന ടീമാണ് ഇവ.
24 വരെ നടക്കുന്ന മത്സരങ്ങളിൽ ഈ നാലു ടീമുകളും പരസ്പരം ഏറ്റുമുട്ടും. ഏറ്റവും കൂടുതൽ പോയന്റ് നേടി ഒന്നാം സ്ഥാനത്തെത്തുന്ന ടീമിനായിരിക്കും ഏഷ്യകപ്പ് യോഗ്യത ലഭിക്കുക. യു.എ.ഇ ഇന്ന് കുവൈത്തിനെയും 22ന് സിംഗപ്പൂരിനെയും 24ന് ഹോങ്കോങ്ങിനെയും നേരിടും. രണ്ട് മത്സരമെങ്കിലും ജയിച്ചെങ്കിലേ പ്രതീക്ഷക്ക് വകയുള്ളൂ. മൂന്ന് മത്സരവും ജയിച്ചാൽ യോഗ്യത ഉറപ്പിക്കാം. നിലവിലെ ഫോം അനുസരിച്ച് ഏറ്റവുമധികം സാധ്യത കൽപിക്കുന്ന ടീമാണ് യു.എ.ഇ. വെസ്റ്റേൺ മേഖലയിലെ ചാമ്പ്യന്മാരാണ് യു.എ.ഇ. കൂടുതൽ വെല്ലുവിളി ഉയർത്തുന്ന ടീം കുവൈത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.