ഏഷ്യൻ ഗെയിംസ്: പുരുഷ ക്രിക്കറ്റ് സെമിയിൽ ബംഗ്ലാദേശിനെ തറപറ്റിച്ച് ഇന്ത്യ
text_fieldsഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് സെമിയിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യയുടെ ചുണക്കുട്ടികൾ ഫൈനലിൽ. കന്നി സ്വർണം തേടിയിറങ്ങിയ ഇന്ത്യ, കടുവകൾക്കെതിരെ ഒമ്പത് വിക്കറ്റിന്റെ മിന്നും ജയമാണ് സ്വന്തമാക്കിയത്. ഇന്ത്യക്കായി തിലക് വർമ വെടിക്കെട്ട് അർധ സെഞ്ച്വറി നേടി.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 96 റൺസാണെടുത്തത്. എന്നാൽ, 9.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യത്തിലെത്തുകയായിരുന്നു. 64 പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യയെ വിജയതീരത്തെത്തിച്ചത് റുതുരാജ് ഗെയ്‍വാദിന്റെയും തിലക് വർമയുടെയും കിടിലൻ ഇന്നിങ്സായിരുന്നു.
കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറി വീരൻ യശസ്വി ജെയ്സ്വാളിനെ സംപൂജ്യനാക്കി റിപൊൺ മൊൻഡൊൽ മടക്കിയെങ്കിലും, 26 പന്തുകളിൽ നാല് ഫോറും മൂന്ന് സിക്സുമടക്കം 40 റൺസുമായി റുതുരാജും 26 പന്തുകളിൽ ആറ് സിക്സും രണ്ട് ബൗണ്ടറിയുമടക്കം 55 റൺസുമായി തിലക് വർമയും കത്തിക്കയറി.
അതേസമയം, ബംഗ്ലാദേശിനെ മൂന്നക്കം കാട്ടാതെ കൂടാരം കയറ്റിയ ഇന്ത്യൻ ബൗളർമാരുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്. 29 പന്തുകളിൽ 24 റൺസെടുത്ത ജാകർ അലിയാണ് ടീമിലെ ടോപ് സ്കോറർ, പർവേസ് ഹുസൈൻ ഇമോൻ 32 പന്തുകളിൽ 23 റൺസെടുത്തു. ആറ് പന്തുകളിൽ 14 റൺസെടുത്ത റാകിബുൽ ഹസനാണ് രണ്ടക്കം കടന്ന മറ്റൊരു ബാറ്റർ.
ഇന്ത്യക്ക് വേണ്ടി സായ് കിഷോർ നാലോവറിൽ 12 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ പിഴുതു. വാഷിങ്ടൺ സുന്ദർ നാലോവറില 15 റൺസ് മാത്രം വഴങ്ങി രണ്ട് പേരെ പുറത്താക്കി. അർഷ്ദീപ് സിങ്ങും തിലക് വർമയും രവി ബിഷ്‍ണോയിയും ഷഹബാസ് അഹമദും ഓരോ വിക്കറ്റുകൾ വീഴ്ത്തി.
ഏകദിന ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നതിനാൽ ഋതുരാജ് ഗെയ്ക് വാദ് നയിക്കുന്ന യുവനിരയാണ് കളിക്കുന്നത്. രണ്ടാം സെമിയിൽ ഇന്ന് അഫ്ഗാനിസ്താനെ പാകിസ്താനും നേരിടും. അഫ്ഗാൻ തോൽക്കുന്ന പക്ഷം ഇന്ത്യ-പാക് ഫൈനൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.