മലയാളത്തിന് മിന്നുവിന്റെ സ്വർണം
text_fieldsകൽപറ്റ: ഏഷ്യൻ ഗെയിംസിൽ ഇക്കുറി കേരളത്തിലേക്ക് ആദ്യ മെഡലെത്തിയത് വയനാട്ടുകാരി ക്രിക്കറ്റർ മിന്നു മണിയിലൂടെ, അതും സ്വർണത്തിന്റെ രൂപത്തിൽ. ഫൈനലിലെത്തി തലേന്നുതന്നെ മെഡൽ ഉറപ്പിച്ച ടീം തിങ്കളാഴ്ച മൈതാനത്തിറങ്ങിയപ്പോൾ മാനന്തവാടി അമ്പൂത്തി കൈപ്പാട്ട് മാവുംകണ്ടി വീട്ടിൽ മിന്നുവിന്റെ അച്ഛനും അമ്മയും കളികാണാൻ പ്രാർഥനയോടെയാണ് ടെലിവിഷന് മുന്നിൽ ഇരുന്നത്.
കേരളക്കരയിൽ ആദ്യ സ്വർണം മിന്നുവിലൂടെ എത്തിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് കുടുംബം. സെലിബ്രിറ്റി പരിവേഷം അഴിച്ചുവെച്ച വീട്ടിൽ അച്ഛൻ മണിയും മാതാവ് വസന്തയും മുത്തശ്ശി ശ്രീദേവിയും മാത്രമാണ് കളികാണാൻ ഉണ്ടായിരുന്നത്. മിന്നുവിന്റെ അനുജത്തി മിമിത പതിവുപോലെ കോളജിൽ പോവുകയും ചെയ്തിരുന്നു.
ഫൈനൽ മത്സരത്തിൽ മിന്നു കളിക്കാൻ ഇറങ്ങുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ലെങ്കിലും അതിന് കഴിയാതിരുന്നതിന്റെ നിരാശ മണിയുടെ വാക്കുകളിൽ നിറഞ്ഞിരുന്നു. ഏഷ്യൻ ഗെയിംസ് കളിക്കാൻ ആദ്യമായി വനിത ക്രിക്കറ്റ് ടീം ഇറങ്ങിയപ്പോൾ അവർക്കൊപ്പം മകൾക്ക് പങ്കാളിത്തം വഹിക്കാൻ കഴിഞ്ഞുവെന്നതാണ് കുടുംബത്തെ കൂടുതൽ സന്തോഷിപ്പിക്കുന്നത്.
ഇന്ത്യൻ ടീമിൽ കളിക്കണമെന്നത് വലിയ സ്വപ്നമായി കൊണ്ടുനടന്ന മകൾക്ക് ആദ്യ ചുവടുവെപ്പിൽതന്നെ ടീമിനൊപ്പം സ്വർണം നേടാൻ കഴിഞ്ഞത് ചെറിയ കാര്യമല്ലെന്ന് മിന്നുവിന്റെ മാതാപിതാക്കൾ പറയുന്നു. മെഡൽ കിട്ടിയ ഉടൻ മിന്നു ടീമിന്റെയടക്കം ചിത്രങ്ങൾ വീട്ടിലേക്ക് വാട്സ്ആപ് ചെയ്തുകൊടുത്തു. മലേഷ്യക്കെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതിനാൽ ടീമിൽ ഉണ്ടായിരുന്നെങ്കിലും ബാറ്റിങ്ങിനും ബൗളിങ്ങിനും മിന്നുവിന് അവസരം ലഭിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.