രോഹിത് കാലം അവസാനിക്കുന്നു? താരം വിരമിക്കലിന്റെ വക്കിലെന്ന് സൂചന
text_fieldsസിഡ്നി: ബോർഡർ ഗവാസ്കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിൽ രോഹിത് ശർമ ‘സ്വയം വിശ്രമം’ ആവശ്യപ്പെട്ട് പിന്മാറിയതോടെ ഇന്ത്യൻ ക്യാപ്റ്റന്റെ കരിയറിന് അവസാനമാകുമെന്ന്. ഇനി ടീമിൽ പരിഗണിക്കില്ലെന്ന് സിഡ്നി ടെസ്റ്റിന് മുമ്പ് രോഹിതിനെ സെലക്ടർമാർ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
ആറ് മാസത്തിനു ശേഷം ജൂണിൽ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. ഈ മത്സരങ്ങളിൽ രോഹിത് കളിക്കില്ലെന്ന് ഏറക്കുറെ ഉറപ്പായി. മെൽബണിൽ കളിച്ച ടെസ്റ്റാവും രോഹിതിന്റെ കരിയറിലെ അവസാന ടെസ്റ്റ്. ബാറ്റിങ്ങിലും ക്യാപ്റ്റൻസിയിലും പിന്നോട്ടു പോയ രോഹിതിന് വിടവാങ്ങൽ മത്സരമില്ലാതെ പാഡഴിക്കേണ്ടിവരും. സിഡ്നിയില്‍ ജയിച്ചാല്‍ പോലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഫൈനലിലെത്താന്‍ ഇന്ത്യക്ക് മുന്നില്‍ നേരിയ സാധ്യത മാത്രമാണ് അവശേഷിക്കുന്നത്.
പുതിയ പരിശീലകൻ ഗൗതം ഗംഭീറുമായുള്ള അഭിപ്രായ വ്യത്യാസവും ടീമിലെ തലമുറ മാറ്റവും രോഹിതിന്റെ വഴിമാറലിന് കാരണമാകും. മുൻ നായകൻ വിരാട് കോഹ്ലിയെയും ഭാവിയിൽ പരിഗണിച്ചേക്കില്ല. പ്രായമായെങ്കിലും മികച്ച ഫോം തുടരുന്നതിനാൽ രവീന്ദ്ര ജദേജ ടീമിൽ തുടർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ചാമ്പ്യൻസ് ട്രോഫിക്കു ശേഷം രോഹിത് ഏകദിനത്തിൽനിന്നും വിരമിക്കാനാണ് സാധ്യത.
ബോർഡർ ഗവാസ്കർ ട്രോഫിയിൽ മോശം പ്രകടനമാണ് രോഹിത് തുടരുന്നത്. മൂന്ന് മത്സരങ്ങളിൽനിന്ന് 31 റൺസ് മാത്രമാണ് ഇന്ത്യൻ നായകന്റെ സമ്പാദ്യം. ബാറ്റിങ് ശരാശരി 6.2 മാത്രം. രോഹിത് നയിച്ച മൂന്നു ടെസ്റ്റുകളിൽ രണ്ടിലും ടീം പരാജയപ്പെട്ടിരുന്നു. ഒരു ടെസ്റ്റിൽ നേരിയ വ്യത്യാസത്തിനാണ് ഫോളോ ഓണും തോൽവിയും ഒഴിവാക്കിയത്.
മത്സര തലേന്ന് നടക്കുന്ന പതിവ് വാർത്തസമ്മേളനത്തിൽ കഴിഞ്ഞ ദിവസം രോഹിത് ശർമ പങ്കെടുക്കാത്തതും സംശയത്തിനിടയാക്കിയിരുന്നു. അവസാനം കളിച്ച ഒമ്പത് ടെസ്റ്റില്‍ 10.93 മാത്രമാണ് രോഹിതിന്റെ ബാറ്റിങ് ശരാശരി. 67 ടെസ്റ്റുകളില്‍ ബാറ്റിങ് ശരാശരി 40.58 ആണ്. 12 സെഞ്ച്വറികളും ഒരു ഡബ്ള്‍ സെഞ്ച്വറിയും 18 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 4302 റണ്‍സാണ് സമ്പാദ്യം.
രോഹിതിനെ പുറത്താക്കിയതല്ലെന്നും വിശ്രമം ആവശ്യപ്പെടുകയായിരുന്നുവെന്നും സിഡ്നി ടെസ്റ്റിലെ ടോസിനിടെ നായകൻ ജസ്പ്രീത് ബുംറ പറഞ്ഞു. ‘‘ഞങ്ങളുടെ നായകൻ തനിയെ പുറത്തിരുന്നു നേതൃത്വപാടവമാണ് കാണിച്ചത്. ഒത്തൊരുമയാണ് ഇതിലൂടെ കാണിക്കുന്നത്. ആർക്കും സ്വാർഥത ഇല്ലെന്ന് തെളിയിക്കുന്നു. ടീമിന്റെ നല്ലതിനു വേണ്ടിയാണ് എല്ലാവരും ശ്രമിക്കുന്നത്’’ - ബുംറ പറഞ്ഞു.
അതേസമയം, മെൽബണിൽ നടന്ന ബോക്സിങ് ഡേ ടെസ്റ്റ് രോഹിത് ശർമയുടെ അവസാന ടെസ്റ്റായിരുന്നുവെന്ന അഭിപ്രായമാണ് മുൻ ക്യാപ്റ്റൻമാരായ സുനിൽ ഗവാസ്കറിനും രവിശാസ്ത്രിക്കും. ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെത്തിയില്ലെങ്കിൽ രോഹിതിന്റെ കരിയറിലെ അവസാന ടെസ്റ്റായിരുന്നു മെൽബണിലേതെന്ന് ഗവാസ്കർ പറഞ്ഞു.
ഈ പരമ്പരക്ക് ശേഷം രോഹിത് ടെസ്റ്റിനോട് വിടപറയുമെന്ന അഭിപ്രായമാണ് മുൻ പരിശീലകൻ കൂടിയായ രവിശാസ്ത്രിക്ക്. മിടുക്കരായ യുവതാരങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിർണായകമായ അവസാന ടെസ്റ്റിൽ ഒരു ക്യാപ്റ്റനും പുറത്തിരിക്കില്ലെന്നും രോഹിതിനെ പുറത്താക്കിയതാകാമെന്നും മുൻ ഓസീസ് ക്യാപ്റ്റൻ മാർക്ക് ടെയ്ലർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.