നെതർലൻഡ്സ് തവിടുപൊടി; ആസ്ട്രേലിയക്ക് 309 റൺസ് ജയം
text_fieldsന്യൂഡൽഹി: ഏകദിന ലോകകപ്പിൽ ആസ്ട്രേലിയ ഉയർത്തിയ കൂറ്റൻ സ്കോറിന് മുന്നിൽ ഒന്ന് പൊരുതിനിൽക്കാൻ പോലും സാധിക്കാതെ നെതർലൻഡ്സ് വീണു. 400 റൺസെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ഓറഞ്ച് കുപ്പായക്കാർ 21 ഓവറിൽ വെറും 90 റൺസിന് എല്ലാവരും പുറത്തായി. ആസ്ട്രേലിയക്ക് 309 റൺസ് വിജയം. ലോകകപ്പിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം 300ലേറെ റൺസിന് വിജയിക്കുന്നത്. സെഞ്ച്വറി നേടിയ ഗ്ലെൻ മാക്‌സ്‌വെൽ ആണ് കളിയിലെ താരം. ആസ്ട്രേലിയക്കായി ആദം സാംപ നാല് വിക്കറ്റ് വീഴ്ത്തി.
കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ഇറങ്ങിയ നെതർലൻഡ്സിന് ഒരു ഘട്ടത്തിലും മത്സരത്തിലേക്കെത്താനായില്ല. തുടരെ തുടരെ വിക്കറ്റുകൾ വീണതോടെ ആസ്ട്രേലിയക്ക് റെക്കോർഡ് വിജയം. 25 റൺസെടുത്ത വിക്രംജിത് സിങ്ങാണ് നെതർലൻഡ്സിന്‍റെ ടോപ് സ്കോറർ. അവസാന അഞ്ച് വിക്കറ്റുകൾ വീണത് വെറും ആറ് റൺസ് കൂട്ടിച്ചേർക്കുന്നതിനിടെയാണ്.
ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയ ഗ്ലെൻ മാക്‌സ്‌വെല്ലിന്‍റെയും (106) ഡേവിഡ് വാർണറുടെയും (104) സെഞ്ച്വറിക്കരുത്തിലാണ് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 399 റൺസെടുത്തത്. 40 പന്തുകളിൽ സെഞ്ച്വറി തികച്ച മാക്‌സ്‌വെൽ അവസാന ഓവറുകളിൽ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ആസ്ട്രേലിക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിലെ അതിവേഗ സെഞ്ച്വറിയാണ് മാക്‌സ്‌വെൽ നേടിയത്.
മിച്ചൽ മാർഷിനെ (9) തുടക്കത്തിലേ നഷ്ടമായെങ്കിലും പിന്നീട് വാർണറും (104) സ്റ്റീവ് സ്മിത്തും (71) ചേർന്നുള്ള കൂട്ടുകെട്ട് മികച്ച അടിത്തറയിട്ടു. 62 റൺസെടുത്ത മാർനസ് ലബുഷെയ്നും മികച്ച പ്രകടനം കാഴ്ചവെച്ചു. അവസാന ഓവറുകളിൽ ഗ്ലെൻ മാക്സ്്വെല്ലിന്‍റെ വെടിക്കെട്ട് പ്രകടനം സ്കോറിങ് അതിവേഗത്തിലാക്കി. 44 പന്തിൽ എട്ട് സിക്സും ഒമ്പത് ഫോറും നേടിയാണ് മാക്‌സ്‌വെൽ 106 റൺസെടുത്തത്. നെതർലൻഡ്സിന് വേണ്ടി ലോഗൻ വാൻ ബീക്ക് നാല് വിക്കറ്റെടുത്തു. ബാസ് ഡി ലീഡ് രണ്ടും ആര്യൻ ദത്ത് ഒരു വിക്കറ്റും നേടി. ബാസ് ഡി ലീഡ് 10 ഓവറിൽ 115 റൺസ് വഴങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.