സ്കോട്ട് ലാൻഡ് വെല്ലുവിളി മറികടന്ന് ഓസീസ്; തുടർച്ചയായ നാലാം ജയം
text_fieldsസെന്റ് ലൂസിയ: ട്വന്റി 20 ലോകകപ്പിൽ തുടർച്ചയായ നാലാം മത്സരവും വിജയിച്ച് ആസ്ട്രേലിയ. 181 റൺസ് വിജയലക്ഷ്യമെന്ന സ്കോട്ട് ലാൻഡ് ഉയർത്തിയ വെല്ലുവിളി അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് ഓസീസ് മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്ലാൻഡ് നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 180 റൺസെടുത്ത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയ 19.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
ഇതോടെ സ്കോട്ട് ലാൻഡ് സൂപ്പർ എട്ട് കാണാതെ പുറത്തായി. ഇംഗ്ലണ്ടിന് സൂപ്പർ എട്ടിൽ കയറിക്കൂടാനും കഴിഞ്ഞു. ഇരു ടീമിനും അഞ്ച് പോയിന്റുണ്ടെങ്കിലും നെറ്റ് റൺറേറ്റ് ഇംഗ്ലണ്ടിനെ രക്ഷിച്ചു. നാലിൽ നാലും ജയിച്ച ഓസീസ് ഗ്രൂപ്പ് ചാമ്പ്യന്മാരാകുകയും ചെയ്തു.
49 പന്തിൽ 68 റൺസെടുത്ത ഓപണർ ട്രാവിസ് ഹെഡും 29 പന്തിൽ 59 റൺസെടുത്ത മാർക്കസ് സ്റ്റോയിനിസുമാണ് അട്ടിമറി മുന്നിൽകണ്ട ഓസീസിനെ രക്ഷിച്ചത്. 12 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 86 റൺസ് മാത്രം ഉണ്ടായിരുന്ന ആസ്ട്രേലിയ അവസാനത്തെ 48 പന്തിൽ നേടിയത് നേടിയത് 100 റൺസാണ്.
ഡേവിഡ് വാർണർ ഒന്നും മിച്ചൽ മാർഷ് എട്ടും ഗ്ലെൻ മാക്സ് വെൽ 11ഉം റൺസെടുത്ത് പുറത്തായി. 14 പന്തിൽ 24 റൺസുമായി ടിം ഡേവിഡും നാല് റൺസുമായി മാത്യുവെയ്ഡും പുറത്താകാതെ നിന്നു. സ്കോട്ടിന് വേണ്ടി മാർക്ക് വാട്ട്, സഫിയാൻ ഷരീഫ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, 34 പന്തിൽ 60 റൺസെടുത്ത ബ്രണ്ടൻ മക്കല്ലവും 23 പന്തിൽ 35 റൺസെടുത്ത ഓപണർ ജോർജ് മുൻസിയും 42 റൺസെടുത്ത് പുറത്താകാതെ നിന്ന നായകൻ റിച്ചി ബെറിങ്ടണും ചേർന്നാണ് സ്കോട്ട് ലാൻഡിനെ മികച്ച സ്കോറിലെത്തിച്ചത്. മിച്ചൽ ജോൺസ് രണ്ടും, മാത്യൂ ക്രോസും 18 ഉം മിക്കായേൽ ലീസ്ക് അഞ്ചു റൺസെടുത്തും പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.