കിങ് ഈസ് ബാക്ക്! 30ാം സെഞ്ച്വറിയുമായി വിരാട് കോഹ്ലി; വമ്പൻ ലീഡിൽ ഡിക്ലെയർ ചെയ്ത് ഇന്ത്യ
text_fieldsപെർത്ത്: ബോർഡർ ഗവാസ്കർ ആദ്യ ടെസ്റ്റ് മത്സരത്തിൽ ആസ്ട്രേലിയക്ക് 534റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യം. ഇന്ത്യ 487/6 എന്ന നിലയിൽ ഡിക്ലെയർ ചെയ്തു. സൂപ്പർതാരം വിരാട് കോഹ്ലിക്ക് സെഞ്ച്വറി. 143 പന്തിൽ എട്ട് ഫോറും രണ്ട് സിക്സറുമടിച്ചാണ് വിരാട് ശതകം തികച്ചത്. ക്രിക്കറ്റിലെ രാജാവിന്‍റെ ടെസ്റ്റ് ക്രിക്കറ്റിലെ 30ാം സെഞ്ച്വറിയാണ് പെർത്തിൽ പിറന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ 81ാം സെഞ്ച്വറിയുമാണ് വിരാട് കുറിച്ചത്.
താരത്തിന്‍റെ നൂറിന് പിന്നാലെ തന്നെ ഇന്ത്യൻ നായകൻ ജസ്പ്രീത് ബുംറ ഇന്നിങ്സ് ഡിക്ലെയർ ചെയ്യുകയായിരുന്നു. ആക്രമിച്ച് കളിച്ച നിതീഷ് കുമാർ റെഡ്ഡി 27 പന്തിൽ നിന്നും മൂന്ന് ഫോറും രണ്ട് സിക്സറുമടിച്ച് 38 റൺസുമായി പുറത്താകാതെ നിന്നു.
സെഞ്ച്വറി നേടിയ യശ്വസ്വി ജയ്സ്വാൾ അർധസെഞ്ച്വറി നേടിയ കെ.എൽ രാഹുൽ എന്നിവരുടെ ഇന്നിങ്സാണ് ഇന്ത്യയെ മികച്ച ടോട്ടലിലെത്തിച്ചത്. ജയ്സ്വാൾ 161 റൺസും രാഹുൽ, 77 റൺസും തികച്ചു. ആസ്ട്രേലിയൻ ബൗളർമാരെയും ഫീൽഡർമാരുടെയും ക്ഷമയെ അങ്ങേയറ്റം പരീക്ഷിക്കാൻ ഇന്ത്യൻ ബാറ്റർമാർക്ക് സാധിച്ചു. ഒന്നാം വിക്കറ്റിൽ 201 റൺസിന്‍റെ റെക്കോഡ് കൂട്ടുക്കെട്ടാണ് രാഹുൽ-ജയ്സ്വാൾ സഖ്യം കൂട്ടിച്ചേർത്തത്. മൂന്നാമാനെയെത്തിയ ദേവ്ദത്ത് പടിക്കൽ 25 റൺസ് നേടി പുറത്തായി. ദ്രുവ് ജൂറൽ (1), ഋഷഭ് പന്ത് (1), എന്നിവരും എളുപ്പം പുറത്തായത് ഇന്ത്യയെ പരുങ്ങലിലാക്കിയെങ്കിലും വാഷിങ്ടൺ സുന്ദർ(29), നിതീഷ് റെഡ്ഡി എന്നിവരെ കൂട്ടുപിടിച്ച് വിരാട് ബാറ്റിങ്ങിനെ നയിക്കുകയായിരുന്നു.
ആസ്ട്രേലിയക്കായി നഥാൻ ലയോൺ രണ്ട് വിക്കറ്റുകൾ നേടി. മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹെയ്സൽവുഡ്, പാറ്റ് കമ്മിൻസ്, മിച്ചൽ മാർഷ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയക്ക് മൂന്നാം ദിനം കളി അവസാനിച്ചപ്പോൾ മൂന്ന് വിക്കറ്റ് നഷ്ടമായിട്ടുണ്ട്. ഓപ്പണിങ് ബാറ്റർ മക്സ്വീനിയെ ക്യാപ്റ്റൻ ബുംറ ആദ്യ ഓവറിൽ തന്നെ പുറത്താക്കിയപ്പോൾ നൈറ്റ് വാച്ച്മാനായെത്തിയ ക്യാപ്റ്റൻ കമ്മിൻസിനെ മുഹമ്മദ് സിറാജ് പുറത്താക്കി. മാർനസ് ലബുഷെയ്നെയും ബുംറ തന്നെ പറഞ്ഞയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.