തുടക്കം പാളി, 22 റൺസിനിടെ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം, ജയ്സ്വാൾ, ഗിൽ, കോഹ്‌ലി പുറത്ത്
text_fieldsസിഡ്നി: 405 -7 എന്ന ശക്തമായ നിലയിൽ മൂന്നാം ദിനം ബാറ്റിങ്ങ് ആരംഭിച്ച ഗാബ ടെസ്റ്റിൽ ആസ്ട്രേലിയ 445 റൺസിന് പുറത്തായി. അലക്സ് ക്യാരി 70 റൺസുമായി അവസാനം വരെ ചെറുത്തു നിന്നെങ്കിലും 40 റൺസ് കൂടി കൂട്ടിച്ചേർക്കാനേ ഓസീസിനായുള്ളൂ. ജസ്പ്രീത് ബുംറ ആറും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ഞെട്ടിച്ചാണ് മിച്ചൽ സ്റ്റാർക്ക് തുടങ്ങിയത്. നാല് റൺസെടുത്ത യശസ്വി ജയ്സ്വാളിനെയും ഒരു റൺസെടുത്ത ശുഭ്മാൻ ഗില്ലിനെയും മടക്കി സ്റ്റാർക്ക് തകർച്ചക്ക് തുടക്കമിട്ടു. മൂന്ന് റൺസെടുത്ത സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലി കൂടി മടങ്ങിയതോടെ ഇന്ത്യ കൂടുതൽ പ്രതിരോധത്തിലായി. 22 റൺസെടുക്കുന്നതിനിടെയാണ് മൂന്ന് വിക്കറ്റ് നഷ്ടമായത്. തുടർന്നെത്തിയ മഴക്ക് പിന്നാലെ മത്സരം ഉച്ച ഭക്ഷണത്തിന് പിരിഞ്ഞു. 13 റൺസെടുത്ത കെ.എൽ.രാഹുലാണ് ക്രീസിലുള്ളത്.
നേരത്തെ, ഇന്ത്യയുടെ സ്ഥിരം 'തലവേദന ട്രാവിസ്' ഹെഡും (152) സ്റ്റീവ് സ്മിത്തും (101) ചേർന്നാണ് ഓസീസിന് കൂറ്റർ സ്കോർ സമ്മാനിച്ചത്. മഴ കളിച്ച ആദ്യ ദിനത്തിന് ശേഷം തെളിഞ്ഞ ആകാശത്തിന് കീഴിൽ പ്രതീക്ഷകളുടെ ചാറ്റൽമഴയുമായെത്തിയ ഇന്ത്യക്ക് മേൽ ആസ്ട്രേലിയ കൊടുംമഴപോലെ വർഷിക്കുകയായിരുന്നു. സ്കോർ ബോർഡിൽ ആദ്യ ദിവസത്തെ 28 റൺസുമായി ക്രീസിലെത്തിയ ആസ്ട്രേലിയൻ ഓപ്പണർമാരെ 10 റൺസ് ചേർക്കുന്നതിനിടെ ജസ്പ്രീത് ബുംറ പവലിയനിലെത്തിച്ചിരുന്നു. ഉസ്മാൻ ഖവാജ 21 റൺസും നഥാൻ മക്സ്വീനി ഒമ്പത് റൺസും നേടി. ആദ്യ പ്രഹരമേൽപ്പിച്ച ഇന്ത്യ ആരാധകർക്ക് പ്രതീക്ഷയുടെ സമ്മാനം നൽകി.
പിന്നീട് ക്രീസിലെത്തിയ മാർനസ് ലബുഷെയ്നും സ്റ്റീവ് സ്മിത്തും പ്രതിരോധം തീർത്ത് ഇന്ത്യൻ ബൗളർമാരെ നിസഹയാരാക്കാൻ ശ്രമിക്കുന്ന വേളയിലാണ് നിതീഷ് കുമാർ റെഡ്ഡിയുടെ വരവ് പതുങ്ങി നിന്ന് ഇരയെ കൈക്കലാക്കുന്ന ലബുഷെയ്നെ (12) നിതീഷ് വിരാട് കോഹ്ലിയുടെ കയ്യിലെത്തിച്ചു. സ്കോർബോർഡിൽ അപ്പോൾ 75 റൺസ്. അഞ്ചാമനായി ഇന്ത്യയുടെ കാലൻ ട്രാവിസ് ഹെഡായിരുന്നു എത്തിയത്. ഇന്ത്യൻ ആരാധകരുടെയും താരങ്ങളുടെയും പേടിസ്വപ്നമാകാൻ ചെറിയ കാലയളവിൽ ഹെഡിന് സാധിച്ചിട്ടുണ്ട്. എന്നാൽ ഗാബയിൽ കഴിഞ്ഞ മൂന്ന് കളി ഹെഡ് പൂജ്യനായാണ് മടങ്ങിയതെന്ന കണക്ക് ഇന്ത്യക്ക് നേരിയ ആശ്വാസം നൽകിയിട്ടുണ്ടാവണം. എന്നാൽ അത് അധികം നീണ്ടുനിന്നില്ല. ബുംറയടക്കം എല്ലാ ബൗളർമാരെയും ഹെഡ് കണക്കിന് ആക്രമിച്ചു. അപ്പുറത്ത് സ്റ്റീവ് സ്മിത്ത് നങ്കൂരമിട്ട് കളിച്ചതോടെ ആസ്ട്രേലിയ ഇന്ത്യക്ക് മേൽ പൂർണ ആധിപത്യം നേടി.
വ്യത്യസ്ത രീതിയിൽ ബാറ്റ് വീശുന്ന ഇരുവർക്കുമെതിരെ എങ്ങനെ ബൗൾ ചെയ്യണമെന്ന് ഇന്ത്യൻ ബൗളിങ്ങിനും നായകനും യാതൊരു ധാരണയുമില്ലാതെയായി. രണ്ട് ബാറ്റർമാരും സെഞ്ച്വറിയും തികച്ചു. ഹെഡായിരുന്നു ആദ്യം നൂറിലെത്തിയത്, സെഞ്ച്വറിക്ക് ശേഷം ചായക്ക് പിരിഞ്ഞ ഹെഡ് അതിന് ശേഷം വീണ്ടും കത്തികയറി. ന്യൂബോളെടുത്തിട്ടും ബൗളർമാർക്ക് രക്ഷയില്ലാ എന്ന മട്ടായി. ഹെഡ് 140 കഴിഞ്ഞപ്പോഴാണ് സ്മിത്ത് സെഞ്ച്വറിയെത്തിയത്. ഏറെ നാളുകൾക്ക് ശേഷം ശതകം കണ്ട സ്മിത്ത് ആഘോഷിക്കുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ 33ാം സെഞ്ച്വറിയാണ് സ്മിത്ത് തികച്ചത്. താരത്തിന്‍റെ സ്കോർ 101ൽ നിൽക്കെ ബുംറ തന്നെ സ്മിത്തിനെ മടക്കി. സ്ലിപ്പിൽ രോഹിത്തിന്‍റെ കയ്യിലെത്തിച്ചാണ് സ്മിത്ത് പുറത്തായത്. 12 ഫോറടിങ്ങിയതാണ് താരത്തിന്‍റെ ഇന്നിങ്സ്. 241 റൺസാണ് നാലാ വിക്കറ്റിൽ ഹെഡും സ്മിത്തും കൂട്ടിച്ചേർത്തത്. പിന്നാലയെത്തിയ മിച്ചൽ മാർഷിനെ (5) വേഗം മടക്കിയ ബുംറ അതേ ഓവറിൽ തന്നെ ഹെഡിനെയും പറഞ്ഞയച്ചു. 152 റൺസാണ് ഹെഡ് നേടിയത്.
160 പന്തിൽ നിന്നും 18 മനോഹര ബൗണ്ടറിയടിച്ചാണ് ഹെഡിന്‍റെ ഇന്നിങ്സ്. ഒരു മോശം ബോൾ വന്നാൽ ബൗണ്ടറി കടത്തുക എന്ന അടിസ്ഥാന പാടവം മുന്നിൽ നിർത്തിയാണ് ഹെഡ് ഇന്നിങ്സ് പടുത്തുയർത്തിയത്. ഹെഡിന്‍റെ ആക്രമണ ശൈലിയോടെയുള്ള ബാറ്റിങ്ങിൽ ബുംറക്ക് പോലും രക്ഷയില്ലായിരുന്നു. ഒടുവിൽ ഹെഡിനെ ബുംറ തന്നെ പുറത്താക്കി. അഞ്ച് ആസ്ട്രേലിയൻ വിക്കറ്റുകളാണ് ബുംറ സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഇന്ത്യൻ പേസ് ബൗളർമാരിൽ രണ്ടാം സ്ഥാനത്തെത്താനും ബുംറക്കായി. 12 ഫൈഫറാണ് അദ്ദേഹം ഇന്ത്യക്കായി കൊയ്തത്. 23 ഫൈഫറുമായി മുൻ ഇതിഹാസ നായകൻ കപിൽ ദേവ് മാത്രമാണ് ബുംറക്ക് മുന്നിലുള്ളത്. രണ്ടാം ദിനം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 405 റൺസ് എന്ന നിലയിലാണ് ആസ്ട്രേലിയ കളി അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.