ഇംഗ്ലണ്ടിനെ തകർത്ത് ഓസീസ്; രണ്ടാം ഏകദിനത്തിൽ 68 റൺസ് വിജയം
text_fieldsഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ഏകദിനത്തിലും വിജയിച്ച് ആസ്ട്രേലിയ. 68 റൺസിനാണ് കങ്കാരുപ്പട വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഓസീസ് 270 റൺസ് നേടി എല്ലാവരും പുറത്തായപ്പോൾ ഇംഗ്ലണ്ടിന്‍റെ പോരാട്ടം 202 റൺസിൽ ഒതുങ്ങി. ഇതോടെ ഇംഗ്ലണ്ടിൽ വെച്ച് നടക്കുന്ന പരമ്പരയിൽ ആസ്ട്രേലിയ 2-0ത്തിന് മുന്നിലെത്തി.
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന്‍റെ തീരുമാനത്തെ ശരിവെക്കുന്ന രീതിയിലുള്ള പ്രകടനമായിരുന്നു ബൗളർമാർ കാഴ്ചവെച്ചത്. ഒരിടവേളെ 221 റൺസിന് ഒമ്പത് വിക്കറ്റ് എന്ന നിലയിലായിരുന്നു ഓസീസ്. എന്നാൽ 11-ാമനായ ജോഷ് ഹെയ്സൽവുഡിനെ കൂട്ടുപിടിച്ച് വിക്കറ്റ് കീപ്പർ അലക്സ് കാരി ഓസീസിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചു. 67 പന്ത് നേരിട്ട് 74 റൺസ് നേടിയ കാരി തന്നെയായിരുന്നു മത്സരത്തിലെ താരം. എട്ട് ഫോറും മൂന്ന് സിക്സറും താരത്തിന്‍റെ ഇന്നിങ്സിലുണ്ടായിരുന്നു. ക്യാപ്റ്റൻ മിച്ചൽ മാർഷ് 59 പന്തിൽ 60 റൺസ് നേടി. മധ്യനിരയിൽ സ്റ്റീവ് സ്മിത്ത് (4), മാർനസ് ലബുഷെയ്ൻ (19), ഗ്ലെൻ മാക്സ്വെൽ (7) എന്നിവർ നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനായി ബ്രൈഡൺ കാഴ്സ് മൂന്ന് വിക്കറ്റ് നേടി. ആദിൽ റഷീദ്, ജേക്കബ് ബെതെൽ, മാത്യു പോട്സ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിരയിൽ ആർക്കും പിടിച്ചു നിൽക്കാൻ സാധിക്കാതെ വന്നതോടെ മത്സരം ആസ്ട്രേലിയയുടെ കയ്യിലാകുകയായിരുന്നു. 49 റൺസ് നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ ജെയ്മി സ്മിത്ത് മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ പിടിച്ചുനിന്നത്. ഓപ്പണർ ബെൻ ഡക്കറ്റ് 32 റൺസ് നേടി. ഫിൽ സാൾട്ട് (12), വിൽ ജാക്ക്സ് (0), ക്യാപ്റ്റൻ ഹാരി ബ്രൂക്ക് (4), ലയാം ലിവിങ്സ്റ്റൺ (0) എന്നീ പ്രാധാന ബാറ്റർമാരെല്ലാം നിരാശപ്പെടുത്തി. ജേക്കബ് ബെതെൽ (25), ബ്രൈഡൺ കാഴ്സ് (26), ആദിൽ റഷീദ് (27) എന്നിവർ വാലറ്റനിരയിൽ പൊരുതാൻ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. മൂന്ന് വിക്കറ്റുമായി മിച്ചൽ സ്റ്റാർക്ക് ബൗളിങ്ങിൽ തിളങ്ങി. ഹെയ്സൽവുഡ്, ആരോൺ ഹാർഡി, മാക്സ്വെൽ എന്നിവർ രണ്ട് വിക്കറ്റ് സ്വന്തമാക്കി. ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിനായിരുന്നു ആസ്ട്രേലിയയുടെ വിജയം. അഞ്ച് മത്സര പരമ്പരയിലെ മൂന്നാം മത്സരം 24ന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.