നാണക്കേട്... ദക്ഷിണാഫ്രിക്കയെ രണ്ടു ദിവസംകൊണ്ട് തീർത്ത് ടെസ്റ്റ് ജയിച്ച് കംഗാരുക്കൾ
text_fieldsക്രിക്കറ്റിൽ നാണക്കേടിന്റെ പുതിയ ചരിത്രം തുന്നിച്ചേർത്ത് കംഗാരു മണ്ണിൽ ദക്ഷിണാഫ്രിക്കൻ വീഴ്ച. ഗബ്ബ മൈതാനത്ത് അഞ്ചു ദിവസം നീളേണ്ട ടെസ്റ്റ് മത്സരം രണ്ടു ദിവസം തികച്ചു കളിക്കാതെ പ്രോട്ടീസ് സംഘം തോൽവി സമ്മതിക്കുകയായിരുന്നു. ഇരുനിരയിലും ഏറ്റവും മികച്ചവർ ബാറ്റുപിടിച്ചിറങ്ങിയിട്ടും ദയനീയ പ്രകടനം കണ്ട കളിയിലുടനീളം ബൗളർമാർ കളം വാഴുകയായിരുന്നു. ഒന്നാം ഇന്നിങ്സ് ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക തുടക്കം മുതൽ വരാനിരിക്കുന്നതിന്റെ സൂചന നൽകി. 152ൽ ടീം തീർന്നുപോയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ ആപേക്ഷികമായി മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തു. ട്രാവിസ് ഹെഡ് 92 റൺസ് അടിച്ച കളിയിൽ 218 ആയിരുന്നു ഓസീസ് സമ്പാദ്യം. ഇതോടെ, ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ സന്ദർശകർ കളി തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിൽ വീണ്ടും കളി തുടങ്ങിയെങ്കിലും 100 തികക്കും മുമ്പ് എല്ലാവരും കൂടാരം കയറി. അഞ്ചു വിക്കറ്റെടുത്ത പാറ്റ് കമിൻസായിരുന്നു അന്തകൻ. ജയിക്കാൻ 34 റൺസ് മാത്രം വേണ്ടിയിരുന്ന ആതിഥേയർ രണ്ടാം ഇന്നിങ്സിൽ എല്ലാം ശുഭകരമാകുമെന്ന് കരുതിയെങ്കിലും ദക്ഷിണാഫ്രിക്കക്കായി പന്തെറിഞ്ഞ കാഗിസോ റബാദ 24 റൺസ് വഴങ്ങി എടുത്തത് നാലു വിക്കറ്റ്. കൂടുതൽ പരിക്കില്ലാതെ കളി തീർത്ത ആസ്ട്രേലിയ ഏകദേശം ഒരു നൂറ്റാണ്ട് മുമ്പാണ് സമാനമായി രണ്ടു ദിവസത്തിൽ ടെസ്റ്റ് ജയിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.