ടോസ് ഭാഗ്യം ആസ്ട്രേലിയക്ക്; ഇന്ത്യയെ ബാറ്റിങ്ങിനയച്ചു; നീലക്കടലായി അഹ്മദാബാദ്
text_fieldsഅഹ്മദാബാദ്: ഏകദിന ക്രിക്കറ്റിലെ പുതിയ ലോകചാമ്പ്യന്മാരെ കണ്ടെത്താനുള്ള പോരാട്ടത്തിൽ ടോസ് ഭാഗ്യം ആസ്ട്രേലിയക്കൊപ്പംനിന്നു. ബൗളിങ് തെരഞ്ഞെടുത്ത ഓസീസ് നായകൻ പാറ്റ് കമ്മിൻസ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.
അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഒരു ലക്ഷത്തിലധികം വരുന്ന സ്വന്തം കാണികൾക്കു മുന്നിൽ ലോക ക്രിക്കറ്റിലെ മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്.
ഓസീസിനു മുന്നിൽ ആറാം കിരീടവും. ആരാധകർ ഒഴുകിയെത്തിയതോടെ അഹ്മദാബാദും പരിസരവും നീലക്കടലായി. ന്യൂസിലൻഡിനെതിരെ സെമി കളിച്ച അതേ ടീമിനെ തന്നെയാണ് ഇന്ത്യ ഫൈനലിലും കളത്തിലിറക്കുന്നത്. ആർ. അശ്വിൻ പ്ലെയിങ് ഇലവനിൽ കളിച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഓസീസ് ടീമിലും മാറ്റമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആസ്ട്രേലിയൻ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാർല്സ് അടക്കമുള്ള പ്രമുഖരും കളി കാണനെത്തും.
കപിൽദേവിനും (1983) എം.എസ്. ധോണിക്കും (2011) ശേഷം ലോകകിരീടം ഉയർത്താൻ രോഹിത് ശർമക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 2003ൽ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിൽ ഇന്ത്യ ഫൈനലിലെത്തിയെങ്കിലും ആസ്ട്രേലിയയോട് തോൽവിയായിരുന്നു ഫലം. ഇതിനു പകരം ചോദിക്കാൻകൂടിയാണ് ഇന്നിറങ്ങുന്നത്. കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച് ഫൈനലിലെത്തിയ ടീമിൽ ക്യാപ്റ്റൻ രോഹിത് ശർമക്കും പരിശീലകൻ രാഹുൽ ദ്രാവിഡിനും തികഞ്ഞ വിശ്വാസമാണ്. മറുവശത്ത് ആസ്ട്രേലിയക്കും ആത്മവിശ്വാസത്തിൽ കുറവില്ല.
ആദ്യ രണ്ടു കളിയിലെ പരാജയത്തിനുശേഷം തുടർച്ചയായി ഏഴു കളികൾ ജയിച്ചതിന്റെ ഊർജം ഫൈനലിൽ അവർക്ക് മുതൽക്കൂട്ടാണ്.
ടീം ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, രവീന്ദ്ര ജദേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ടീം ആസ്ട്രേലിയ: ഡേവിഡ് വാർണർ, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത്, മാർനസ് ലബൂഷാൻ, ഗ്ലെൻ മാക്‌സ്‌വെൽ, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പർ), മിച്ചൽ സ്റ്റാർക്, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ആദം സാംപ, ജോഷ് ഹാസിൽവുഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.