ഇന്ത്യയെ മറികടന്ന് ടെസ്റ്റിലെ ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് ആസ്ട്രേലിയ
text_fieldsദുബൈ: ലോക ടെസ്റ്റ് ചാമ്പ്യന്മാരായ ആസ്ട്രേലിയ വീണ്ടും ടെസ്റ്റ് റാങ്കിൽ ഒന്നാമത്. ഇന്ത്യയെ മറികടന്നാണ് ഓസീസ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) വെള്ളിയാഴ്ച പുറത്തുവിട്ട പുതിയ റാങ്ക് പട്ടികയിൽ 118 റേറ്റിങ്ങുമായാണ് ഓസീസ് ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാമതുള്ള ഇന്ത്യയുടെ റേറ്റിങ് 117 ആണ്. 115 റേറ്റിങ്ങുമായി ഇംഗ്ലണ്ട് മൂന്നാമതും 106 റേറ്റിങ്ങുമായി ദക്ഷിണാഫ്രിക്ക് നാലാമതുമാണ്.
പാകിസ്താനെതിരായ ഹോം ടെസ്റ്റിലെ തകർപ്പൻ പ്രകടനമാണ് ഓസീസിന് തുണയായത്. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളും ജയിച്ച ഓസീസ് ഇതിനകം കിരീടം ഉറപ്പിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരെ ടെസ്റ്റ് പരമ്പര സമനിലയിൽ പിരിഞ്ഞതാണ് ഇന്ത്യൻ ടീമിന് തിരിച്ചടിയായത്. ആദ്യ ടെസ്റ്റിൽ ഇന്നിങ്സ് തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ, കേപ്ടൗണിലെ രണ്ടാം ടെസ്റ്റിൽ ചരിത്ര വിജയം നേടിയാണ് പരമ്പരയിൽ ഒപ്പമെത്തിയത്.
കഴിഞ്ഞ വർഷം ജൂണിൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തി കിരീടം നേടിയതിനു പിന്നാലെ ഓസീസ് ടെസ്റ്റ് റാങ്കിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. എന്നാൽ, അധികം വൈകാതെ തന്നെ ഓസീസിനെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തി. ന്യൂസിലൻഡ് (95 റേറ്റിങ്), പാകിസ്താൻ (92 റേറ്റിങ്), ശ്രീലങ്ക (79 റേറ്റിങ്), വെസ്റ്റിൻഡീസ് (77 റേറ്റിങ്) ബംഗ്ലാദേശ് (51 റേറ്റിങ്) എന്നീ ടീമുകളാണ് ടെസ്റ്റ് റാങ്കിൽ യഥാക്രമം അഞ്ചു മുതൽ ഒമ്പതുവരെയുള്ള സ്ഥാനങ്ങളിൽ തുടരുന്നത്.
കഴിഞ്ഞ സെപ്റ്റംബറിൽ ഐ.സി.സി ഏകദിന റാങ്കിൽ പാകിസ്താനെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തിയതോടെ ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലും ഒന്നാം റാങ്കിൽ ഇന്ത്യയായിരുന്നു. ദക്ഷിണാഫ്രിക്കക്ക് പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ടീം മാത്രമാണ് ഇന്ത്യ. 2014ലാണ് ദക്ഷിണാഫ്രിക്ക ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലും ഒന്നാം റാങ്കിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.