മാർഷ് പുറത്ത്; പകരം സർപ്രൈസ് എൻട്രി; സിഡ്നി ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസീസ്
text_fieldsസിഡ്‌നി: ബോർഡർ-ഗവാസ്കർ ട്രോഫിയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ച് ടീം ആസ്ട്രേലിയ. ഓൾ റൗണ്ടർ മിച്ചൽ മാർഷിനെ ടീമിൽനിന്ന് ഒഴിവാക്കി.
പകരം 31കാരൻ ബ്യൂ വെബ്‌സ്റ്റർ ഓസീസിനായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കും. പരമ്പരയിലെ മോശം പ്രകടനത്തെ തുടർന്നാണ് മാർഷിനെ ടീമിൽനിന്ന് ഒഴിവാക്കിയത്. കഴിഞ്ഞ നാലു ടെസ്റ്റുകളിലും താരത്തിന് ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങാനായില്ല. അഞ്ചു ഇന്നിങ്സുകളിലായി 9, 5, 4, 2, 0 എന്നിങ്ങനെയായിരുന്ന താരത്തിന്‍റെ സ്കോർ. മൂന്നു ടെസ്റ്റുകളിലായി 13 ഓവർ പന്തെറിഞ്ഞെങ്കിലും താരത്തിന് വിക്കറ്റൊന്നും നേടാനായില്ല. പെർത്ത് ടെസ്റ്റിനു പിന്നാലെ 33കാരനെ പുറംവേദന അലട്ടിയിരുന്നെങ്കിലും ഫിറ്റ്നസ് പ്രശ്നങ്ങളില്ലാത്തതിനാൽ ടീം മാനേജ്മെന്‍റ് താരത്തെ കളിപ്പിക്കുകയായിരുന്നു.
വാരിയെല്ലിന് ചെറിയ പരിക്കേറ്റ മിച്ചൽ സ്റ്റാർക്കിന്‍റെ ഫിറ്റ്നസിൽ സംശയം നിലനിന്നെങ്കിലും താരം കളിക്കുമെന്ന് നായകൻ പാറ്റ് കമ്മിൻസ് അറിയിച്ചു. പരമ്പരയിൽ 2-1ന് ഓസീസ് മുന്നിലാണ്. അഞ്ചാം ടെസ്റ്റ് ജയിച്ച് പരമ്പര തിരിച്ചുപിടിക്കുകയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത ഉറപ്പിക്കുകയുമാണ് ഓസീസിന്‍റെ ലക്ഷ്യം.
അതേസമയം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള സാധ്യതകൾ സജീവമാക്കാനും പരമ്പര പിടിക്കാനും ഇന്ത്യക്ക് സിഡ്‌നി ടെസ്റ്റിൽ ജയം അനിവാര്യമാണ്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഓൾ റൗണ്ടറായ വെബ്സ്റ്ററിന്‍റെ ശരാശരി 57.1 ആണ്. 81 വിക്കറ്റുകളും സ്വന്തമാക്കി. വെസ്റ്റിൻഡീസ് ഇതിഹാസം സർ ഗാർഫീൽഡ് സോബേഴ്സിനുശേഷം ഷെഫീൽഡ് ഷീൽഡ് ടൂർണമെന്‍റിൽ 900 റൺസും 30 വിക്കറ്റും സ്വന്തമാക്കുന്ന ആദ്യ താരം കൂടിയാണ്. 19കാരൻ സാം കോൺസ്റ്റാസിനുശേഷം പരമ്പരയിൽ ഓസീസിനായി അരങ്ങേറ്റം കുറിക്കുന്ന രണ്ടാമത്തെ താരമാകും വെബ്സ്റ്റർ.
ടീം ആസ്ട്രേലിയ: പാറ്റ് കമ്മിൻസ് (നായകൻ), സാം കോൺസ്റ്റാസ്, ഉസ്മാൻ ഖ്വാജ, മർനസ് ലബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, ബ്യൂ വെബ്സ്റ്റർ, അലക്സ് കാരി (വിക്കറ്റ് കീപ്പർ), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, സ്കോട്ട് ബോളണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.