ടീമിൽ കളിക്കാനാളില്ല! ട്വന്‍റി20 ലോകകപ്പ് സന്നാഹ മത്സരത്തിൽ ഓസീസിനായി കളത്തിലിറങ്ങി പരിശീലകരും സെലക്ടറും
text_fieldsന്യൂയോർക്ക്: നമീബിയക്കെതിരെ ട്വന്‍റി20 ലോകകപ്പ് സന്നാഹ മത്സരത്തിൽ ആസ്ട്രേലിയക്കായി കളിക്കാനിറങ്ങി പരിശീലകരും ചീഫ് സെലക്ടറും. വെസ്റ്റിൻഡീസിലെ ക്വീൻസ് പാർക്ക് ഓവൽ സ്റ്റേഡിയത്തിൽ നടന്ന സന്നാഹ മത്സരത്തിൽ ലോകകപ്പിനുള്ള 15 അംഗ സ്ക്വാഡിലെ ഒമ്പതു പേർ മാത്രമാണ് ടീമിനൊപ്പമുണ്ടായിരുന്നത്. ബാക്കിയുള്ള താരങ്ങൾ ഐ.പി.എല്ലിനുശേഷം ടീമിനൊപ്പം ചേർന്നിട്ടില്ല.
ഓസീസ് ടീം പ്ലെയിങ് ഇലവനിലെ മൂന്നു താരങ്ങൾ ഐ.പി.എൽ ഫൈനൽ കളിക്കാനുണ്ടായിരുന്നു. നായകൻ പാറ്റ് കമ്മിൻസും ട്രാവിഡ് ഹെഡ്ഡും സൺറൈസേഴ്സ് ഹൈദരാബാദ് ടീമിലും മിച്ചൽ സ്റ്റാർക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലും. കൂടാതെ, കാമറൂൺ ഗ്രീൻ, ഗ്ലെൻ മാക്സ് വെൽ (ആർ.സി.ബി), മാർക്കസ് സ്റ്റോയിനിസ് (എൽ.എസ്.ജി) എന്നിവർക്കും ടീമിനൊപ്പം ചേരാൻ കൂടുതൽ സമയം അനുവദിക്കുകയായിരുന്നു. ഇതോടെ ടീമിൽ 11 പേരെ തികക്കാനില്ലാതെ വന്നതോടെയാണ് പരിശീലകൻ ആൻഡ്രൂ മക്ഡൊണാൾഡും ചീഫ് സെലക്ടറും മുൻ നായകനുമായി ജോർജ് ബെ്യ്ലിയും മറ്റു രണ്ടു സപ്പോർട്ടിങ് സ്റ്റാഫും കളത്തിലിറങ്ങാൻ നിർബന്ധിതരായത്.
46കാരനായ ഫീൽഡിങ് കോച്ച് ആന്ദ്രെ ബോറോവെകും ടീമിനായി കളിക്കാനിറങ്ങി. മക്ഡൊണാൾഡും 49കാരനായ ബാറ്റിങ് കോച്ച് ബ്രാഡ് ഹോഡ്ജും പകരക്കാരുടെ റോളിലാണ് ഫീൽഡിങ്ങിനിറങ്ങിയത്. ഫുൾ സ്ക്വാഡിന്‍റെ അഭാവത്തിലും മത്സരത്തിൽ ഓസീസ് ഏഴു വിക്കറ്റിന്‍റെ അനായായ ജയം സ്വന്തമാക്കി. ടോസ് നേടിയ ഓസീസ് നായകൻ മിച്ചൽ മാർഷ് നമീബിയയെ ബാറ്റിങ്ങിനയച്ചു. 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ നമീബിയ കുറിച്ച 120 റൺസ് വിജയലക്ഷ്യം, മറുപടി ബാറ്റിങ്ങിൽ 60 പന്തുകൾ ബാക്കി നിൽക്കെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഓസീസ് മറികടന്നു.
ഡേവിഡ് വാർണറുടെ വെടിക്കെട്ട് അർധ സെഞ്ച്വറിയാണ് ടീമിന്‍റെ ജയം എളുപ്പമാക്കിയത്. താരം 21 പന്തിൽ 54 റൺസെടുത്ത് പുറത്താകാതെ നിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.