‘ലജ്ജിപ്പിക്കുന്നത്, ക്രിക്കറ്റിന് നല്ലതല്ല’; പിച്ചിൽ വെള്ളം ഒഴിച്ചതിൽ ഇന്ത്യയെ വിമർശിച്ച് ഓസീസ് മുൻതാരം
text_fieldsബോർഡർ-ഗവാസ്കർ ട്രോഫിയിലെ ഒന്നാം ടെസ്റ്റിൽ ഇന്ത്യയോട് നാണംകെട്ട തോൽവിയാണ് ആസ്ട്രേലിയ ഏറ്റുവാങ്ങിയത്. നാഗ്പുരിൽ നടന്ന മത്സരത്തിൽ ഇന്നിങ്സിനും 132 റൺസിനുമായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യൻ സ്പിന്നർമാരുടെ പ്രകടനമാണ് ടെസ്റ്റ് മൂന്നു ദിവസത്തിലൊതുക്കിയത്.
എന്നാൽ, മത്സരശേഷവും പിച്ചിനെ ചൊല്ലി വിവാദം തുടരുകയാണ്. നാഗ്പുർ ഗ്രൗണ്ടിൽ പരിശീലനം നടത്താനുള്ള ആസ്ട്രേലിയയുടെ നീക്കം പരാജയപ്പെട്ടിരുന്നു. അടുത്ത ടെസ്റ്റിനു തയാറെടുക്കാൻ ഓസീസ് സംഘം ഗ്രൗണ്ടിൽ പരിശീലനത്തിന് അനുവാദം തേടിയെങ്കിലും ഗ്രൗണ്ട് സ്റ്റാഫുകൾ പിച്ചിൽ വെള്ളം ഒഴിച്ചതാണ് മുൻ ഓസീസ് ക്രിക്കറ്റ് ഇതിഹാസം ഇയാൻ ഹീലിയെ ചൊടിപ്പിച്ചത്.
ആസ്‌ട്രേലിയ ഇന്ത്യയോട് ആവശ്യം ഉന്നയിച്ചതിനു പിന്നാലെയാണ് ഗ്രൗണ്ട് സ്റ്റാഫിന്റെ നടപടിയെന്നാണ് വിമർശനം. സംഭവത്തോട് രൂക്ഷമായ ഭാഷയിലാണ് ഇയാൻ ഹീലി പ്രതികരിച്ചത്. നാഗ്പുർ പിച്ചിൽ പരിശീലനത്തിനുള്ള ഓസീസ് ശ്രമം ആതിഥേയർ പൊളിച്ചതായും വിഷയത്തിൽ ഐ.സി.സി ഇടപെടണമെന്നും താരം ആവശ്യപ്പെട്ടു.
‘നാഗ്പുർ പിച്ചിൽ അൽപം പരിശീലനം നടത്താനുള്ള ഞങ്ങളുടെ പദ്ധതി പൊളിച്ച നടപടി ശരിക്കും ലജ്ജിപ്പിക്കുന്നതാണ്. ഇത് നല്ലതല്ല. ക്രിക്കറ്റിനും നല്ലതല്ല. വിഷയത്തിൽ ഐ.സി.സി ഇടപെടണം. പ്രാക്ടീസ് ചെയ്യാൻ അനുമതി തേടിയപ്പോൾ ഒട്ടും മര്യാദയില്ലാതെ പിച്ചിൽ വെള്ളം ഒഴിച്ച നടപടി ഞെട്ടിപ്പിക്കുന്നതാണ്. മെച്ചപ്പെടാനുണ്ട്’ -ഇയാൻ ഹീലി വിമർശിച്ചു.
മത്സരത്തിനു മുമ്പുതന്നെ പിച്ചിനെ ചൊല്ലി വിവാദങ്ങൾ ഉയർന്നിരുന്നു. ഇന്ത്യൻ താരങ്ങൾക്ക് അനുകൂലമായാണ് പിച്ചൊരുക്കിയതെന്ന് ഏതാനും ആസ്ട്രേലിയൻ മാധ്യമങ്ങളും മുൻ താരങ്ങളും ആരോപിച്ചിരുന്നു. മത്സരത്തിൽ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 400 റൺസ് എടുത്തപ്പോൾ, സന്ദർശകർക്ക് രണ്ടു ഇന്നിങ്സുകളിലായി മൊത്തം 300 റൺസ് കടക്കാനായില്ല.
ഡൽഹിയിലിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് രണ്ടാം ടെസ്റ്റ്. നാഗ്പുരിനു സമാനമായി ഡൽഹി പിച്ചും സ്പിന്നർമാരെ തുണക്കുന്നതാകുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെയാണ് ആസ്‌ട്രേലിയ നാഗ്പുരിൽ തന്നെ പരിശീലനം നടത്താമെന്ന തീരുമാനത്തിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.