രണ്ടര ദിവസത്തിൽ കളി തീർത്ത് ഓസീസ്; മൂന്നാം ടെസ്റ്റിൽ ജയം ഒമ്പത് വിക്കറ്റിന്
text_fieldsഅഞ്ചു ദിവസം നീളുന്ന ടെസ്റ്റ് പകുതി സമയം മാത്രമെടുത്ത് അവസാനിപ്പിച്ച് ഒമ്പത് വിക്കറ്റ് ജയവുമായി ഓസീസ് തിരിച്ചുവരവ്. ആദ്യ രണ്ടു ടെസ്റ്റിലും വൻ തോൽവി ചോദിച്ചുവാങ്ങിയവരാണ് ഇന്ത്യൻ സ്പിന്നിനെ അതേ നാണയത്തിൽ നേരിട്ട് പരമ്പരയിൽ ശക്തമായി തിരിച്ചുവന്നത്. ഇതോടെ, അവസാന ടെസ്റ്റ് ആവേശകരമാകും. സ്കോർ ഇന്ത്യ: 109 & 163, ആസ്ട്രേലിയ: 197 & 78/1
മാതാവിന്റെ പരിചരണത്തിന് ക്യാപ്റ്റൻ പാറ്റ് കമിൻസ് അവധിയിൽ നാട്ടിലേക്ക് മടങ്ങിയ ഒഴിവിൽ പകരക്കാരനായി ചുമതലയേറ്റ സ്റ്റീവ് സ്മിത്തിന്റെ ചിറകേറിയാണ് കംഗാരുക്കളുടെ വിജയം. വിക്കറ്റ് വീഴ്ച കണ്ട ആദ്യ രണ്ടു ദിവസത്തെ കളി മാറ്റിപ്പിടിച്ച് 76 റൺസ് എന്ന ലക്ഷ്യത്തിലേക്ക് അതിവേഗ ബാറ്റിങ്ങുമായി മൈതാനം നിറഞ്ഞ മാർനസ് ലബൂഷെയിനും ട്രാവിസ് ഹെഡും ചേർന്നായിരുന്നു ഓസീസ് കാത്തിരുന്ന ജയം അടിച്ചെടുത്തത്.
വിജയത്തിലേക്ക് 76 റൺസ് എന്ന ചെറിയ ലക്ഷ്യം മുൻനിർത്തി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിരയിൽ ഓപണർ ഉസ്മാൻ ഖ്വാജ അശ്വിന് വിക്കറ്റ് സമ്മാനിച്ച് അതിവേഗം മടങ്ങിയതു മാത്രമായിരുന്നു ഇന്ദോറിലെ ഹോൾക്കർ മൈതാനത്ത് ആതിഥേയർക്ക് പ്രതീക്ഷ നൽകിയത്. പിന്നീട് എത്തിയ ലബൂഷെയിൻ ഓപണർ ട്രാവിസ് ഹെഡിനൊപ്പം മികച്ച കളി കെട്ടഴിച്ചപ്പോൾ ബൗളർമാർക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായില്ല.
ഏകദിന ബാറ്റിങ് ശൈലിയിലായിരുന്നു ഇരുവരും ബാറ്റുവീശിയത്. ട്രാവിസ് ഹെഡ് 53 പന്തിൽ 49 റൺസെടുത്തും ലബൂഷെയിൻ 58 പന്തിൽ 26 റൺസുമായും നിന്നു. അവസാന പന്തിൽ അശ്വിനെ ഡീപ് മിഡ്‍വിക്കറ്റിൽ ഫോർ പറത്തി ലബൂഷെയിൻ ടീം കാത്തിരുന്ന വിജയം സമ്മാനിച്ചു. അവസാന ആറു പന്തിൽ മാത്രം മൂന്ന് ബൗണ്ടറികളാണ് പിറന്നത്- അതും അശ്വിനും ഉമേഷുമെറിഞ്ഞ ഓവറുകളിൽ. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് അർധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തിയതും ശ്രദ്ധേയമായി.
ആദ്യ ഇന്നിങ്സിൽ 109 റൺസിൽ എല്ലാവരും പുറത്തായ ഇന്ത്യ രണ്ടാം ഇന്നിങ്സിലും വലിയ സ്കോർ പടുത്തുയർത്താനാകാതെ മടങ്ങിയിരുന്നു. എന്നാൽ, മോശമല്ലാത്ത ഒന്നാം ഇന്നിങ്സ് ലീഡ് പിടിച്ച ഓസീസ് അവസാന ഇന്നിങ്സിലും കരുത്തുകാട്ടിയപ്പോൾ ഇന്ത്യൻ വീഴ്ച സമ്പൂർണമായി. നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ മനോഹരമായി ഓസീസ് തിരിച്ചുവന്നതോടെ അടുത്ത മത്സരം ആവേശകരമാകും.
ഒരു ജയം ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ എത്തിക്കുമെന്ന് കണ്ടായിരുന്നു ഇന്ത്യ മൂന്നാം ടെസ്റ്റിനിറങ്ങിയതെങ്കിലും ബാറ്റിങ് താളം കണ്ടെത്താൻ വിഷമിച്ചതാണ് കളി കൈവിടാനിടയാക്കിയത്. ആദ്യ ഇന്നിങ്സിൽ മുൻനിര ബാറ്റർമാരെല്ലാം അതിവേഗം മടങ്ങിയപ്പോൾ രണ്ടാം ഇന്നിങ്സിൽ ചേതേശ്വർ പൂജാര മാത്രമാണ് അൽപമെങ്കിലും പിടിച്ചുനിന്നത്. കെ.എൽ രാഹുലിന് പകരമിറങ്ങിയ ശുഭ്മാൻ ഗില്ലും ദയനീയ പരാജയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.