ലിയോൺ റിട്ട. ഹർട്ട്@100
text_fieldsലണ്ടൻ: തുടർച്ചയായി നൂറ് ടെസ്റ്റുകൾ എന്ന അപൂർവ റെക്കോഡ് സ്വന്തമായ മത്സരത്തിനിടെ പരിക്കേറ്റ ആസ്ട്രേലിയൻ ഓഫ് സ്പിന്നർ നതാൻ ലിയോൺ ആഷസ് പരമ്പരയിൽനിന്ന് പുറത്തായി. വലതു കാൽവണ്ണക്കേറ്റ പരിക്ക് ഗുരുതരമായതാണ് ലിയോണിന് പുറത്തേക്ക് വഴിതുറന്നത്. അഞ്ച് മത്സരപരമ്പരയിലെ രണ്ട് ടെസ്റ്റുകൾ പൂർത്തിയായപ്പോൾ 2-0ത്തിന് ലീഡ് ചെയ്യുകയാണ് ഓസീസ്. ലിയോണിന് പകരമായി ടീമിൽ ആരെയും ഉൾപ്പെടുത്തിയിട്ടില്ല. ഇതോടെ മറ്റൊരു ഓഫ് സ്പിന്നർ ടോഡ് മർഫിക്ക് മൂന്നാം ടെസ്റ്റിൽ അവസരം ലഭിക്കുമെന്ന് ഉറപ്പായി.
രണ്ടാം ടെസ്റ്റിനിടെ വ്യാഴാഴ്ചയാണ് ലിയോണിന് പരിക്കേറ്റത്. തുടർന്ന് ഫീൽഡിങ് അവസാനിപ്പിച്ച് വിശ്രമിച്ച 36കാരൻ ബൗൾ ചെയ്യാനുമെത്തിയില്ല. എന്നാൽ, രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്ത് നിർണായകമായ 15 റൺസ് ചേർത്തു. തുടർച്ചയായി നൂറ് ടെസ്റ്റുകൾ കളിക്കുന്ന ആദ്യ ബൗളറാണ് ലിയോൺ. നേട്ടം സ്വന്തമാക്കിയ മറ്റു അഞ്ച് താരങ്ങളും ബാറ്റർമാരാണ്. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ അലിസ്റ്റർ കുക്കാണ് കൂട്ടത്തിൽ ഒന്നാമൻ -159. ആസ്ട്രേലിയക്കാരായ അലൻ ബോർഡർ (153), മാർക് വോ (107), ഇന്ത്യയുടെ സുനിൽ ഗവാസ്കർ (106), ന്യൂസിലൻഡിന്റെ ബ്രണ്ടൻ മക്കല്ലം (101) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.