രോഹിത് മടങ്ങി; വിയർത്ത് ഇന്ത്യൻ ബാറ്റിങ്- ഓസീസ് ലീഡ് പിടിക്കുമോ?
text_fields
സിഡ്നി: ആസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യയെ കാത്തിരിക്കുന്നത് തോൽവി? രണ്ടാം ഇന്നിങ്സിൽ 407 എന്ന അസാധ്യ വിജയലക്ഷ്യം മുന്നിൽവെച്ച ആതിഥേയർക്കെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് നഷ്ടമായത് വിലപ്പെട്ട് രണ്ടു വിക്കറ്റ്. നന്നായി തുടങ്ങി ഇന്ത്യയെ കൈപിടിച്ചുനടത്തിയ ശുഭ്മാൻ ഗിൽ 31ലും അർധ ശതകം തികച്ച രോഹിത് ശർമ 52ലും മടങ്ങിയതോടെയാണ് സിഡ്നിയിൽ പകരംവീട്ടാമെന്ന ആതിഥേയരുടെ മോഹങ്ങൾക്ക് തിരിച്ചടിയായത്.
നാലാം ദിനം കളി നിർത്തുേമ്പാൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 98 എന്ന നിലയിലാണ് ഇന്ത്യ. ചേതേശ്വർ പൂജാരയും അജിങ്ക്യ രഹാനെയുമാണ് ക്രീസിൽ. നേരത്തെ ആദ്യ ഇന്നിങ്സിൽ തകർപ്പൻ സെഞ്ച്വറിയുമായി റെക്കോഡ് തൊട്ട സ്റ്റീവ് സ്മിത്ത് ഇത്തവണയും കസറിയതോടെ അതിവേഗമാണ് ആസ്ട്രേലിയ മികച്ച ടോട്ടൽ പടുത്തുയർത്തിയത്. ഗ്രീൻ 84ഉം ലബൂഷെയ്ൻ 73ഉം റൺസ് നേടി ഓസീസ് ബാറ്റിങ്ങിന് കരുത്തുനൽകി.
വംശീയാധിക്ഷേപം ഒരിക്കലൂടെ മുഴങ്ങിക്കേട്ട സിഡ്നിയിൽ അവശേഷിച്ച എട്ടുവിക്കറ്റുമായി 300 ലേറെ റൺസ് എന്ന റൺമല താണ്ടൽ ശരിക്കും സാഹസമാകും. പതിയെ ബാറ്റുവീശി സമനില പിടിക്കാനായാൽ ആതിഥേയർക്ക് തത്കാലം ആശ്വസിക്കാം. ഇതേ മൈതാനത്ത് രണ്ടാം ഇന്നിങ്സിൽ ചേസ് ചെയ്ത് ജയം പിടിച്ച ഏറ്റവും ഉയർന്ന സ്കോർ 288 ആണെന്നത് ചരിത്രം. അതും ദക്ഷിണാഫ്രിക്കക്കെതിരെ ആസ്ട്രേലിയ 2006ൽ നേടിയതും.
ആദ്യ രണ്ടു ടെസ്റ്റിൽ ഓരോ ജയം പിടിച്ച് ഒപ്പത്തിനൊപ്പം നിൽക്കുന്ന ഇരു ടീമുകൾക്കും ഏറെ നിർണായകമാണ് മൂന്നാം അങ്കത്തിൽ ജയം പിടിക്കൽ. ബ്രിസ്ബേനിൽ നാലാം ടെസ്റ്റ് ജനുവരി 15നാണ് ആരംഭിക്കുന്നത്.
സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലെ കാണിക്കൂട്ടത്തിൽ ചിലർ വംശീയാധിക്ഷേപം നടത്തിയതോടെ ഇന്ത്യയുടെ മുഹമ്മദ് സിറാജ് അംപയർമാർക്ക് പരാതി നൽകിയിരുന്നു. ആറു പേരെ പൊലീസെത്തി പുറത്താക്കിയാണ് തത്കാലം പ്രശ്നം പരിഹരിച്ചത്. മൂന്നാം ദിനവും വംശീയാധിക്ഷേപം നടന്ന സംഭവത്തിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഞായറാഴ്ച ഇന്ത്യൻ നിരയിൽ മികച്ച പ്രകടനവുമായി കളം നിറഞ്ഞ രോഹിത് പോരാട്ടം കനപ്പിക്കുമെന്ന് പ്രതീക്ഷ നൽകിയെങ്കിലും അർധ സെഞ്ച്വറി പൂർത്തിയാക്കിയ ഉടൻ പുറത്തായത് നിരാശ നൽകി. അഞ്ചാം ദിനം ഇന്ത്യൻ നിരയിൽ ബാറ്റുപിടിക്കേണ്ട റിഷഭ് പന്തും രവീന്ദ്ര ജഡേജയും പരിക്കുകളുമായി പുറത്താകുകയോ സ്ഥിരത നഷ്ടപ്പെടുമെന്ന ആശങ്കയിലാകുകയോ ചെയ്തത് ഓസീസിന് പ്രതീക്ഷ നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.