തനിസ്വരൂപം പുറത്തെടുത്ത് ആസ്ട്രേലിയ; റൺമല താണ്ടാനാകാതെ ഇന്ത്യ
text_fieldsസിഡ്നി: ഇന്ത്യൻ പ്രീമിയർ ലീഗിൽ നിറം മങ്ങിയ സ്മിത്തും ഫിഞ്ചും മാക്സ്വെലും അടക്കമുള്ള ആസ്ട്രേലിയൻ താരങ്ങളെല്ലാം കംഗാരുപ്പടക്കായി തനിസ്വരൂപം പുറത്തെടുത്തപ്പോൾ പിറന്നത് പടുകൂറ്റൻ സ്കോർ. 374 റൺസെടുത്ത ആസ്ട്രേലിയയുടെ റൺമല കയറിത്തുടങ്ങിയ ഇന്ത്യയുടെ പോരാട്ടം 308 റൺസിലവസാനിച്ചു. സ്റ്റീവൻ സ്മിത്താണ് മാൻ ഓഫ് ദി മാച്ച്.
76 പന്തിൽ 90 റൺസെടുത്ത ഹാർദിക് പാണ്ഡ്യയും 74 റൺസെടുത്ത ശിഖർ ധവാനുമാണ് ഇന്ത്യൻ നിരയിൽ പിടിച്ചുനിന്നത്. നന്നായിത്തുടങ്ങിയ മായങ്ക് അഗർവാൾ (22), ക്യാപ്റ്റൻ വിരാട് കോഹ്ലി (21) എന്നിവർ അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്തായത് ഇന്ത്യക്ക് വിനയായി. ശ്രേയസ് അയ്യർ രണ്ടും കെ.എൽ രാഹുൽ 12ഉം റൺസെടുത്ത് പുറത്തായി. 55 റൺസിന് മൂന്നുവിക്കറ്റെടുത്ത ജോഷ് ഹേസൽവുഡാണ് ഇന്ത്യയുടെ മുൻനിരയെ കൂടാരം കയറ്റിയത്. 54 റൺസിന് നാലുവിക്കറ്റെടുത്ത ആദം സാംബ ശേഷിക്കുന്ന പണി പൂർത്തിയാക്കി.
ടോസ്നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ആസ്ട്രേലിയ കണക്കുകൂട്ടിയാണ് ബാറ്റുവീശിയത്. ഡേവിഡ് വാർണറിനെ (69) കൂട്ടുപിടിച്ച് ആരോൺ ഫിഞ്ച് ഇന്നിങ്സിന് അടിത്തറപാകി. ആദ്യ വിക്കറ്റ് വീണത് 156 റൺസിനായിരുന്നു. സ്കോർ 264 റൺസിൽ നിൽക്കെ 114 റൺസുമായാണ് ഫിഞ്ച് മടങ്ങിയത്. ട്വൻറി 20 സ്റ്റൈലിൽ അടിച്ചുതകർത്ത സ്റ്റീവൻ സ്മിത്ത് (66 പന്തിൽ 114) തൻെറ ക്ലാസ് ഒരിക്കൽകൂടി ലോകത്തിന് കാണിച്ചു. 19 പന്തിൽ 45 റൺസുമായി െഗ്ലൻ മാക്സ്വെൽ സ്കോർ അതിവേഗം ഉയർത്തി. മാർക്സ് സ്റ്റോയിനിസ് റൺസൊന്നുമെടുക്കാതെയും ലാബുഷെയ്നെ രണ്ടു റൺസെടുത്തും മടങ്ങി. 10 ഓവറിൽ 59 റൺസിന് മൂന്നുവിക്കറ്റെടുത്ത മുഹമ്മദ് ഷമിയാണ് ഭേദപ്പെട്ട നിലയിൽ പന്തെറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.