എം.സി.ജിയിൽ ഡീൻ ജോൺസിന് ആദരവ്
text_fieldsമെൽബൺ: ആസ്ട്രേലിയയുടെ സൂപ്പർതാരം ഡീൻ ജോൺസിന് പ്രിയപ്പെട്ട കളിമൈതാനത്തിെൻറ ആദരവ്. മൂന്നു മാസംമുമ്പ് ക്രിക്കറ്റ് ആരാധകരെ കണ്ണീരിലാഴ്ത്തി വിടപറഞ്ഞ ഡീൻ ജോൺസിന് ആരവമുയർന്ന ഗാലറിയുടെയും ഇന്ത്യ, ആസ്ട്രേലിയ ടീം അംഗങ്ങളുടെയും അലൻബോർഡർ ഉൾപ്പെടെയുള്ള ഇതിഹാസതാരങ്ങളുടെയും സാന്നിധ്യത്തിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് (എം.സി.ജി) ആദരവർപ്പിച്ചു.
രണ്ടാം ടെസ്റ്റിെൻറ ആദ്യ ദിനത്തിലെ ടീ ബ്രേക്കിനിടയിലായിരുന്നു ഭാര്യ ജാനെ, മക്കളായ അഗസ്റ്റ, ഫോയിബി എന്നിവർ, അലൻബോർഡർക്കൊപ്പം ഡീൻ ഉപയോഗിച്ച കൊകൊബുറ ബാറ്റും ബാഗി ഗ്രീൻ തൊപ്പിയും കുളിങ്ഗ്ലാസുമായി ക്രീസിലെത്തിയത്. ക്രീസിലെ സ്റ്റംപിൽ ബാറ്റും തൊപ്പിയും കുളിങ്ഗ്ലാസും സമർപ്പിച്ച ശേഷം, ഗാലറിയിലെ 30,000ത്തോളം കാണികളോട് നന്ദിപറഞ്ഞുകൊണ്ട് കുടുംബം പ്രിയപ്പെട്ട പിതാവിന് ഏറ്റവും മികച്ച ആദരവ് തന്നെ അർപ്പിച്ചു. ആസ്ട്രേലിയക്കായി 52 ടെസ്റ്റും 164 ഏകദിനവും കളിച്ച ഡീൻ സെപ്റ്റംബർ 24ന്, ഐ.പി.എൽ കമൻററിക്കിടെ മുംബൈയിൽ വെച്ചാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. അദ്ദേഹത്തിെൻറ ആഗ്രഹംപോലെ എം.സി.ജിയിലെ കളിമുറ്റം വലംവെച്ചായിരുന്നു അന്ത്യയാത്ര നൽകിയത്.
പക്ഷേ, കോവിഡ് സാഹചര്യത്തിൽ ആളും ആരവവുമില്ലാതെ നടന്ന വിടവാങ്ങലിന്, ഒരു കടംവീട്ടലായിരുന്നു ബോക്സിങ് ഡേ ടെസ്റ്റിൽ ലഭിച്ച ആദരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.