അടിക്ക് തിരിച്ചടി; കങ്കാരുപ്പടയെ തകർത്തു, ട്വൻറി20 പരമ്പര ഇന്ത്യക്ക്
text_fieldsസിഡ്നി: ഏകദിന പരമ്പരയിൽ തോൽപിച്ചതിന് ട്വൻറി20യിൽ പകരം ചോദിച്ച് ഇന്ത്യ. നിർണായക രണ്ടാം ട്വൻറി20 മത്സരത്തിൽ ആസ്ട്രേലിയയെ ആറു വിക്കറ്റിന് തോൽപിച്ച് ഒരു മത്സരം ബാക്കിയിരിക്കെ പരമ്പര ഇന്ത്യ സ്വന്തമാക്കി . കങ്കാരുപ്പടയുടെ കൂറ്റൻ റൺമല (194) താണ്ടാൻ ശിഖർ ധവാനും(36 പന്തിൽ 52), വിരാട് കോഹ്ലിയും (24 പന്തിൽ 40) അവസാനത്തിൽ ഹാർദിക് പാണ്ഡ്യയും (22 പന്തിൽ 42) ഒരുമിച്ചപ്പോൾ, രണ്ടും പന്തും ആറു വിക്കറ്റും ബാക്കിയിരിക്കെയാണ് ഇന്ത്യയുടെ ജയം. 20ാം ഓവറിൽ സിക്സർ പൂരം തീർത്ത് ജയിപ്പിച്ച പാണ്ഡ്യയാണ് കളിയിലെ താരം.
സ്കോർ: ആസ്ട്രേലിയ: 194/5( 20 ഓവർ), ഇന്ത്യ: 195/4 (19.4 ഓവർ)
ആദ്യ മത്സരത്തിൽ ഇന്ത്യ ആതിഥേയരെ 11 റൺസിന് തോൽപിച്ചിരുന്നു. ഇതോടെ ഇന്ത്യക്ക് ട്വൻറി20യിൽ തുടർച്ചയായ ഒമ്പത് ജയങ്ങളായി. ആസ്ട്രേലിയയിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന ട്വൻറി20 റൺ ചേസുമാണിത്.
കൂറ്റൻ സ്കോർ ലക്ഷ്യമാക്കിയിറങ്ങിയ ഇന്ത്യക്ക് ഓപണർമാർ മികച്ച തുടക്കമാണ് നൽകിയത്. ലോകേഷ് രാഹുലും ശിഖർ ധവാനും അർധ സെഞ്ച്വറി പാട്ണർഷിപ്പ് (58) ഒരുക്കി. ആദ്യം പുറത്താവുന്നത് രാഹുലാണ്. ആന്‍ഡ്രു ടൈയുടെ ബാൾ വലിച്ചടിക്കാനുള്ള രാഹുലിൻെറ (30) ശ്രമം പാളുകയായിരുന്നു. പന്ത് നേരെ സ്വീപ്സണിൻെറ കൈയിൽ. എങ്കിലും ശിഖർ ധവാൻ അനായാസം സ്കോർ തുടർന്നു. 36 പന്തിൽ 52 റൺസുമായി നിന്ന ശിഖറിനെ സാംപയാണ് പുറത്താക്കിയത്. അപ്പോഴേക്കും ഇന്ത്യൻ സ്കോർ ബോർഡിൽ 92 റൺസ് ആയിരുന്നു. എന്നാൽ, മലയാളി താരം സംഞ്ജു വി സാംസൺ നിരാശപ്പെടുത്തി.
ഒരു സിക്സും േഫാറുമായി മലയാളി താരം നിലയുറപ്പിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മിച്ചൽ സ്വീപ്സണിൻെറ പന്തിൽ സഞ്ജു (10 പന്തിൽ 15) പുറത്ത്. പിന്നാലെ വിരാട് കോഹ്ലിയുടെ രക്ഷാപ്രവർത്തനം. എന്നാൽ, അനാവശ്യ ഷോട്ടിന് മുതിർന്ന് നായകനും(24 പന്തിൽ 40) പുറത്തായി. ഇതോെട കളി കൈവിട്ടെന്ന് തോന്നിച്ചതാണ്. എന്നാൽ, ഹാർദിക് പാണ്ഡ്യയും ശ്രേയസ് അയ്യരും ഗതിമാറ്റി. ഒരു സിക്സും ഫോറുമായി അഞ്ചു പന്തിൽ 12 റൺസെടുത്ത് അയ്യരും രണ്ടു സിക്സും മൂന്ന് ഫോറുമായി 22 പന്തിൽ 42 റൺസെടുത്ത ഹാർദിക് പാണ്ഡ്യയും ഇന്ത്യക്ക് വിജയമൊരുക്കുകയായിരുന്നു. അവസാന ഓവറിൽ ഡാനിയൽ സാംസിനെ രണ്ടു വട്ടം നിലം തൊടാതെ പറത്തിയാണ് ഹാർദിക് ഇന്ത്യക്ക് ജയമൊരുക്കിയത്.
നേരത്തെ ആദ്യം ബാറ്റുചെയ്ത ഓസീസ്, കത്തിക്കയറിയാണ് തുടങ്ങിയതു തന്നെ. ഓപണർ ഡാർസി ഷോർട്ടിനെ ഒരു തലക്കാർ സാക്ഷിയാക്കി വെയ്ഡ് പന്ത് പറത്തിക്കൊണ്ടിരുന്നു. നാലു ഓവറിൽ 40 റൺസുമായി ഓസീസ് സ്കോർ ബോർഡ് ഹൈ സ്പീഡിലായി. ഇതോടെ, ഓപണിങ് കൂട്ടുകെട്ട് പൊളിക്കാനായി നടരാജനെ കോഹ്ലിക്ക് വിളിക്കേണ്ടി വന്നു. അത് വഴിതിരിവുണ്ടാക്കുകയും ചെയ്തു. നടരാജൻ അഞ്ചാം ഓവറിൽ ഡാർസി ഷോർട്ടിനെ (9) പുറത്താക്കി. എങ്കിലും വെയ്ഡിൻെറ പൂരം അടങ്ങിയിരുന്നില്ല. സ്മിത്തിനെ കൂട്ടുപിടിച്ച് വെയ്ഡ് അടി തുടർന്നു. 25 പന്തിൽ അർധ സെഞ്ച്വറി തികച്ചു. 32 പന്തിൽ 58 റൺസുമായിരിക്കെയാണ് താരം റണ്ണൗട്ടിൽ കുടുങ്ങുന്നത്. പിന്നീട് സ്മിത്തിൻെറ ഇന്നിങ്സായിരുന്നു. ക്രീസിലെത്തിയ മാക്സ്വെല്ലും അടിതുടർന്നു. എന്നാൽ മാക്സ്വെല്ലിനെ(13 പന്തിൽ 22) വാഷിങ്ടൺ സുന്ദർ പുറത്താക്കി.
38 പന്തിൽ 46 റൺസെടുത്ത സ്മിത്തിനെ ചഹൽ പുറത്താക്കിയത് നിർണായക വഴിത്തിരിവായി. മോയ്സസ്ഹെൻറിക്വസ് 26 റൺസെടുത്തപ്പോൾ, സ്റ്റോയിൻസും(16), ഡാനിയേൽ സാംസും (8) പുറത്താകാതെ നിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.