ട്വന്‍റി 20 ലോകകപ്പ്: ബൗളർമാരുടെ കളിയിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ആസ്ട്രേലിയ തുടങ്ങി
text_fieldsദുബൈ: ദക്ഷിണാഫ്രിക്കയെ ആദ്യമൊന്ന് മോഹിപ്പിച്ചെങ്കിലും ജയം സഞ്ചിയിലാക്കി കംഗാരുക്കൾ ലോകകപ്പ് തുടക്കം ഗംഭീരമാക്കി. ദക്ഷിണാഫ്രിക്ക ഉയർത്തിയ 119 റൺസിന്‍റെ കുഞ്ഞൻ വിജയലക്ഷ്യം രണ്ട് പന്തുകൾ ശേഷിക്കേ ആസ്ട്രേലിയ മറികടക്കുകയായിരുന്നു. അവസാന ഓവറിൽ വിജയത്തിനായി എട്ടുറൺസ് വേണ്ട ഓസീസിനെ മാർകസ് സ്റ്റോയ്ണിസ് വിജയത്തിലെത്തിക്കുകയായിരുന്നു.
കുഞ്ഞൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഓസീസിനെ ദക്ഷിണാഫ്രിക്കൻ ബൗളർമാർ തുടക്കം മുതൽ സമ്മർദത്തിലാക്കി. ഡേവിഡ് വാർണർ (14), ആരോൺ ഫിഞ്ച് (0), മിച്ചൽ മാർഷ് (11) എന്നിവർ കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയപ്പോൾ സ്റ്റീവ് സ്മിത്ത് (34 പന്തിൽ 35) ഒരറ്റത്ത് നങ്കൂരമിട്ടു. എങ്കിലും വേഗത്തിൽ സ്കോർ ചലിപ്പിക്കാനായില്ല. തുടർന്ന് സ്മിത്തിനെ നോകിയയുടെ പന്തിൽ മാർക്രം തകർപ്പൻ ക്യാച്ചിലൂടെ പുറത്താക്കുകയും െഗ്ലൻ മാക്സ്വെല്ലിനെ (18) ഷംസി ക്ലീൻ ബൗൾഡാക്കുകയും ചെയ്തതോടെ സമ്മർദത്തിലായ ഓസീസിനായി മാർകസ് സ്റ്റോയ്ണിസും (16 പന്തിൽ 24), മാത്യൂ വെയ്ഡും (10 പന്തിൽ 15) ഒത്തുചേരുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക തകർച്ചയോടെയാണ് ആരംഭിച്ചത്. ടീം സ്കോർ 13 ലെത്തിയപ്പോൾ ടെമ്പ ബാവുമ മാക്സ്വെല്ലിന്റെ പന്തിൽ ക്ലീൻ ബൗൾഡായി മടങ്ങി. ക്വിന്‍റൺ ഡികോക്ക് (7), വാൻഡർ ഡസൻ (2) എന്നീ വൻതോക്കുകളും പെട്ടെന്ന് തന്നെ പുറത്തായതോടെ സമ്മർദത്തിലായ ദക്ഷിണാഫ്രിക്കയായി എയ്ഡൻ മർക്രം (36 പന്തിൽ 40) രക്ഷാപ്രവർത്തനം തുടങ്ങി. ഹെന്‍റിച് ക്ലാസൺ (13), ഡേവിഡ് മില്ലർ (16) എന്നിവരെ കൂട്ടുപിടിച്ച് മാർക്രം നടത്തിയ ചെറുത്തുനിൽപ്പാണ് ദക്ഷിണാഫ്രിക്കയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. വാലറ്റത്ത് കഗിസോ റബാദയും ( 23 പന്തിൽ 19) രണ്ടക്കം കടന്നു. ആസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്, ഹേസിൽ വുഡ്, ആദം സമ്പ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.