വിൻഡീസിനെ എട്ട് വിക്കറ്റിന് തകർത്തു; ആസ്ട്രേലിയ സെമിയിലേക്ക്
text_fieldsഅബൂദബി: ട്വൻറി20 ലോകകപ്പിൽ ചാമ്പ്യന്മാരെ തച്ചുതകർത്ത് ആസ്ട്രേലിയയുടെ കുതിപ്പ്. വെസ്റ്റിൻഡീസിനെ എട്ടു വിക്കറ്റിന് തോൽപിച്ച ഓസീസ് നാലാം ജയവുമായി സെമിഫൈനലിനരികെയെത്തി. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ആസ്ട്രേലിയ എതിരാളികളുടെ ഇന്നിങ്സ് ഏഴിന് 157ലൊതുക്കിയ ശേഷം 22 പന്ത് ബാക്കിയിരിക്കെ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു.
ഫോമിലേക്ക് തിരിച്ചെത്തിയ ഡേവിഡ് വാർണറുടെയും (56 പന്തിൽ പുറത്താവാതെ 89) മിച്ചൽ മാർഷിെൻറയും (32 പന്തിൽ 53) അർധ സെഞ്ച്വറികളുടെ കരുത്തിലായിരുന്നു ഓസീസ് കുതിപ്പ്. ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഒമ്പതു റൺസിന് പുറത്തായപ്പോൾ ഗ്ലെൻ മാക്സ്വെൽ (0) വാർണർക്കൊപ്പം പുറത്താവാതെനിന്നു.
നാലു സിക്സും ഒമ്പതു ഫോറുമടങ്ങിയതായിരുന്നു വാർണറിെൻറ ഇന്നിങ്സെങ്കിൽ മാർഷ് രണ്ടു സിക്സും അഞ്ചു ബൗണ്ടറിയും പായിച്ചു. നേരത്തേ, നാലു വിക്കറ്റെടുത്ത ജോഷ് ഹാസൽവുഡാണ് വിൻഡീസിനെ ഒതുക്കിയത്. ക്യാപ്റ്റൻ കീറൺ പൊള്ളാർഡ് (44), എവിൻ ലൂയിസ് (29), ഷിംറോൺ ഹെറ്റ്മെയർ (27) എന്നിവരാണ് വിൻഡീസ് നിരയിൽ പിടിച്ചുനിന്നത്.
ക്രിസ് ഗെയ്ൽ (15), ഡ്വൈൻ ബ്രാവോ (10), നികോളാസ് പുരാൻ (4), റോസ്റ്റൺ ചേസ് (0) എന്നിവർക്കൊന്നും പൊരുതാനായില്ല. മിച്ചൽ സ്റ്റാർക് എറിഞ്ഞ 20ാം ഓവറിലെ അവസാന രണ്ടു പന്തും സിക്സ് പറത്തിയ ആന്ദ്രെ റസലാണ് (ഏഴു പന്തിൽ പുറത്താവാതെ 18) സ്കോർ 150 കടത്തിയത്. റസലിെൻറ ടൂർണമെൻറിലെ ആദ്യ സിക്സുകളായിരുന്നു ഇവയെന്നതുതന്നെ വിൻഡീസിെൻറ ദയനീയപ്രകടനത്തിെൻറ അടയാളമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.